ന്യൂദല്‍ഹി: റെയില്‍വേ സേവനങ്ങളെക്കുറിച്ചും ശുചിത്വത്തെപ്പറ്റിയും പ്രതികരണങ്ങള്‍ തേടി ഒരു കംപാര്‍ട്മെന്റില്‍നിന്ന് അടുത്തതിലേക്ക് സഞ്ചരിച്ച് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. വ്യാഴാഴ്ച അര്‍ധരാത്രി ഭൂവനേശ്വറില്‍നിന്ന് റായഗഡയിലേക്കുള്ള ട്രെയിനിലെ യാത്രക്കാരാണ് അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയെ കണ്ട് ആശ്ചര്യപ്പെട്ടത്. കഴിഞ്ഞമാസമാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതും. ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി നാലുദിവസത്തെ സന്ദര്‍ശനത്തിന് ഒഡീഷയിലെത്തിയതായിരുന്നു അദ്ദേഹം.
തുടര്‍ന്നാണ് വ്യാഴാഴ്ച ഭുവനേശ്വറില്‍നിന്ന് റായഗഡയിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനില്‍ അര്‍ധരാത്രി കയറിയത്. ഒഡീഷയിലെ യാത്രക്കാരുമായി സംസാരിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലെത്തി. എവിടെയാണ് ജോലി ചെയ്യുന്നതെന്നും ട്രെയിന്‍ വൃത്തിയാണോയെന്നും ഒരു വീഡിയോയില്‍ അദ്ദേഹം തിരക്കുന്നത് കാണാം. അങ്ങനെയാണെന്ന് തുടര്‍ന്ന് യാത്രാക്കാരന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ തട്ടി മുന്പോട്ട് നീങ്ങുന്നു.
മന്ത്രി മറ്റുചില യാത്രക്കാരോടുംകൂടി സംസാരിക്കുന്നത് മറ്റൊരു വീഡിയോയിലുണ്ട്. ‘ഒഡീഷയ്ക്ക് ആദ്യ റെയില്‍വേ മന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്കി’യെന്ന് അദ്ദേഹം അവരോട് പറയുന്നത് കേള്‍ക്കാം. പ്രധാനമന്ത്രിക്ക് കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം എല്ലാ അടിസ്ഥാന ജോലികളും ചെയ്യുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു. ട്രെയിനിലെ യാത്രക്കാര്‍ക്കൊപ്പം ഇരുന്ന് അവരുമായി സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. ലഭിച്ച ‘വലിയ അവസരമാണ്’ ഇതെന്ന് യാത്രക്കാരി കേന്ദ്രമന്ത്രിയോട് പറഞ്ഞു. ‘താങ്കളെപ്പോലുള്ള ആളുകളെ കാണാനാകുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിട്ടില്ല’- അവര്‍ അഭിപ്രായപ്പെട്ടു. ‘നിങ്ങളെപ്പോലെ ഞങ്ങളും സാധാരണക്കാര്‍’ എന്ന് മന്ത്രിയുടെ മറുപടി.
തന്റെ മക്കള്‍ക്ക് അവരുടെ പ്രായമെന്നും അദ്ദേഹം യാത്രക്കാരോട് കുശലം പറഞ്ഞു. ഭൂപടം നോക്കി മറ്റുള്ളവരുമായി പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. നേരത്തേ ഭൂവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും ശുചിത്വവും മന്ത്രി പരിശോധിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒഡിഷയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തിട്ടുള്ള അശ്വിനി വൈഷ്ണവ് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: