ന്യൂദല്‍ഹി : സമൂഹ മാധ്യമം വഴി ഐഎസിന് വേണ്ടി പ്രചാരണം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കണ്ണൂരില്‍ നിന്നും അറസ്റ്റിലായ യുവതികളെ ദല്‍ഹി എന്‍ഐഎ കോടതിയില്‍ വ്യാഴാഴ്ച ഹാജരാക്കിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണങ്ങള്‍ക്കായി ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.
കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് കഴിഞ്ഞ ദിവസം എന്‍ഐഎയുടെ പിടിയിലായത്. സമൂഹ മാധ്യമം വഴി ഇരുവരും ഐഎസിനു വേണ്ടി പ്രചാരം നടത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദല്‍ഹി എന്‍ഐഎ യൂണിറ്റില്‍ നിന്നും പ്രത്യേക സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്. ആറ് മാസത്തോളം ഇരുവരേയും നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്.
മിഷ്ഹ സിദ്ധിഖ് സിറിയയിലേക്കുള്ള യാത്രയില്‍ ഇറാനിലെ ടെഹ്റാന് വരെ എത്തിയെന്നാണ് എന്‍ഐഎ പറയുന്നത്. മുഷാബ് അന്‍വര്‍, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലുള്ള കൂട്ടാളികള്‍ക്ക് ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചു നല്കി. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എന്‍ഐഎ പറയുന്നു.
ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരില്‍ പോകാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ എഫ്ആആറില്‍ പറയുന്നുണ്ട്. ദല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ഇന്ന് അതിരാവിലെ രഹസ്യമായാണ് കണ്ണൂര്‍ താണയിലെ വീട്ടില്‍ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ ട്രാന്‍സിറ്റ് കസ്റ്റഡിയില്‍ വാങ്ങി.
ഏഴു മലയാളികള്‍ ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഐഎസ് ആശയപ്രചരണം നടത്തിയെന്നാണ് യുഎപിഎ പ്രകാരമുള്ള കേസ്. കഴിഞ്ഞ മാര്‍ച്ച് 15ന് കണ്ണൂര്‍, ബെംഗളൂരു, ദല്‍ഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളില്‍ എന്‍ഐഎ തെരച്ചില്‍ നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന. തുടര്‍ന്ന് മാര്‍ച്ചില്‍ തന്നെ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൂടുതല്‍ വിവര ശേഖരണം നടത്തിയാണ് എന്‍ഐഎ യുവതികളുടെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: