കൊല്ലം: ഹ്രസ്വമായ പൊതുജീവിത കാലഘട്ടത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ വൈപുല്യവും വൈവിധ്യവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയ കോകില വിട പറഞ്ഞിട്ട് ഉത്രാടത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. കോകിലയുടെ വേര്‍പാടിന്റെ മുറിവ് തേവള്ളിയുടെ ഹൃദയത്തില്‍ ഇന്നും ഉണങ്ങിയിട്ടില്ല.
കോകിലയുടെ അസാന്നിധ്യത്തിലും ആശ്രയമറ്റവര്‍ക്ക് തണലായി കോകില സ്മാരക സദ്ഭാവനാ സേവാ കേന്ദ്രമുണ്ട്. ഈ സംവിധാനവും കോകിലയെ പോലെ ജനഹൃദയങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ സ്വാവലംബന രംഗത്ത് നിരവധി പദ്ധതികള്‍ നടപ്പിലാക്കിക്കഴിഞ്ഞ സേവാകേന്ദ്രം തേവള്ളിയുടെ മണ്ണില്‍ സേവനത്തിന് പുതിയ മാനങ്ങളാണ് നല്‍കുന്നത്. അനാഥരെ സനാഥരാക്കി, രോഗികള്‍ക്ക് ആശ്രയമായി, വിദ്യയുടെ അമൃതമെത്തിച്ച്, അങ്ങനെയങ്ങനെ….
സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് ഉപരിയായി സാധാരണക്കാര്‍ക്ക് സഹായം എത്തിക്കാനായി 2016 ജൂണ്‍ 15നാണ് കൗണ്‍സിലറായിരുന്ന കോകില തന്നെ മുന്‍കൈയെടുത്ത് സദ്ഭാവന എന്ന പേരില്‍ ഒരു കൂട്ടായ്മക്ക് രൂപം നല്‍കുന്നത്. സമാനതകളില്ലാത്ത നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനായി സേവാകേന്ദ്രം വഴി നടത്തി വരവേയാണ് കോകിലയുടെയും പിതാവ് സുനില്‍കുമാറിന്റെയും ആകസ്മികമായ വേര്‍പാട് ഉണ്ടാകുന്നത്. 22 വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം മാത്രമുണ്ടായിരുന്ന കോകിക പൊതുകര്മ്മരംഗത്ത് 9 മാസം സജീവമായിരുന്നു. ആ സേവാ പദ്ധതികള്‍ക്ക് തുടര്‍ച്ച ലഭിക്കണമെന്ന തിരുമാനത്തോടെയാണ് സദ്ഭാവന കോകിലസ്മാരക ജനസേവാ കേന്ദ്രമായത്. ഒരു ദിവസം മാലിന്യകൂമ്പാരം വെട്ടി നീക്കുകയാണെങ്കില്‍ അടുത്ത ദിവസം ഓട വൃത്തിയാക്കും. അടുത്ത ദിവസം വഴിവിളക്കുകള്‍ പ്രകാശിപ്പിക്കും.
കോകിലയുടെ മറക്കാനാവാത്ത ജന സേവനത്തിന്റെ സജീവത വിടപറഞ്ഞ് 5 വര്‍ഷം കഴിയുമ്പോഴും ഇന്നും അതേപടി നിലവിലെ കൗണ്‍സിലറും കോകിലയുടെ അമ്മയുമായ ബി.ഷൈലജ വഴി തുടരുന്നത് ഈ കൂട്ടായ്മയുടെ കരുത്തിലാണ്. ഓഫീസ്, ലൈബ്രറി തുടങ്ങിയ നിരവധി പദ്ധതികളുമായി സെക്രട്ടറി ഡോ: അനുപ് ജി.മോഹന്റെ നേതൃത്വത്തില്‍ മുന്നോട്ടുനീങ്ങുകയാണ് സേവാകേന്ദ്രം. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ചികിത്സാസഹായത്തിനായി നിരവധി പ്രഗത്ഭ ഡോക്ടര്‍മാരുടെ പാനലും സേവാ കേന്ദ്രത്തിന്റെ ഭാഗമായുണ്ട്. വാക്സിനേഷന് പൂര്ണതയിലാക്കാന് കൗണ്‍സിലറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സേവാസമിതി 18 വയസിന് മുകളില്‍ ഉള്ളവരില്‍ 80 ശതമാനം പേര്‍ക്കും വാക്സിനേഷന് പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: