കോഴിക്കോട്: മാപ്പിളക്കലാപം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ന് ലോകത്ത് കാണുന്ന താലിബാനിസം എന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെ ആദിമരൂപമാണെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ് . മാപ്പിളക്കലാപ രക്തസാക്ഷിത്വാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം കോഴിക്കോട് കേസരി ഭവനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
താലിബാന് ഒരു ഭീകരസംഘടന മാത്രമല്ലെന്നും ഒരു മാനസികാവസ്ഥയാണെന്നും അതിനു ഇരയാകരുതെന്നും രാം മാധവ് പറഞ്ഞു. ഈ മതമൗലിക മാനസികാവസ്ഥയാണ് ഭാരതത്തിന്റെ വിഭജനത്തിലേക്ക് നയിച്ചത്. അതിന്റെ ഇരകള്‍ ലോകമെമ്പാടും ഉണ്ട്. ഈ മാനസികാവസ്ഥയാണ് മാപ്പിള ലഹളയുടെ കാലത്തും ഭാരതവിഭജനത്തിന്റെ കാലത്തും നാം കണ്ടത്. അംബേദ്കറും,മഹാത്മാഗന്ധിയുമെല്ലാം മാപ്പിള ലഹളയുടെ ക്രൂരതകള്‍ തുറന്നു പറഞ്ഞവരാണ്. കലാപത്തിനെതിരെ പ്രമേയം പാസ്സാക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ധൈര്യമുണ്ടായില്ല. അതിനെ സ്വാതന്ത്ര്യസമരമായും കര്‍ഷകസമരമായും വീരേതിഹാസമായും ചിത്രീകരിച്ച് വെള്ളപൂശാന്‍ ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആരോടും വിദ്വേഷം വളര്‍ത്താനല്ല സത്യം എല്ലാവരിലും എത്തിക്കുവാന്‍ വേണ്ടിയാണ്. കേരളം ഇപ്പോഴും ഈ ഇസ്ലാമികഭീകരതയുടെ പിടിയില്‍ നിന്നും മുക്തമല്ല. 1921 ലെ ക്രൂരതയുടെ തുടര്‍ച്ചയാണ് വിഭജനകാലത്തും കണ്ടതും ഇന്നും കശ്മീരിലും കേരളത്തിലും തുടരുന്നതും. എന്നാല്‍ അത്തരം ഛിദ്രശക്തികള്‍ക്ക് ഇവിടെ ഇടം കൊടുക്കാന്‍ ഇന്ന് രാജ്യത്തുള്ള ഭരണകൂടം അനുവദിക്കുകയില്ല. ഇത് ഒരു മതത്തെ കുറ്റപ്പെടുത്താനോ ഹിന്ദുമുസ്ലിം വിദ്വേഷം വളര്‍ത്താനോ അല്ല. അതിനു ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും നാമെല്ലാം ഭാരതീയരാണെന്ന ചിന്ത വളര്‍ത്താനുമാണത്. അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനുള്ള ശ്രമമാണ് 1921 ലും നടന്നത്. ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കാനാണ് വിഭജനത്തെ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ പറ്റി ചിലര്‍ പറഞ്ഞത്. എന്നാല്‍ ചരിത്രം മറക്കുമ്പോഴാണ് ചരിത്രം ആവര്‍ത്തിക്കപ്പെടുന്നത്.
ചരിത്രത്തിന്റെ ചാരിത്രൃം തിരിച്ചുകൊണ്ടു വരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. ചരിത്രത്തിന്റെ ചാരിത്രൃം എന്നത് അതിന്റെ സത്യസന്ധതയാണ്. ആ സത്യസന്ധത തിരിച്ചുപിടിക്കാന്‍ ആന്തരിക സത്യത്തെ മനസ്സിലാക്കണം. മാപ്പിളക്കലാപത്തിന്റെ പിന്നിലെ ആരും കാണാത്തതും കേള്‍ക്കാത്തതുമായ കാര്യങ്ങള്‍ നമുക്ക് കാണാനും കേള്‍ക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം ഡോ. സി. ഐ. ഐസക് പ്രസംഗിച്ചു.
മാപ്പിളക്കലാപവുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ നടന്നു. ഒരു വര്‍ഷത്തെ പരിപാടികള്‍ ഭാരതീയ വിചാര കേന്ദ്രം ഓര്‍ഗനൈസിങ് സെക്രട്ടറി വി. മഹേഷ് പ്രഖ്യാപിച്ചു. അനുസ്മരന്ന സമിതി ജില്ല അദ്ധ്യക്ഷ മുന്‍ ജില്ല ജഡ്ജി ശാന്തകുമാരി സംബന്ധിച്ചു. കുമാരനാശാന്റെ ദുരവസ്ഥയിലെ ഒരു ഭാഗം സുവര്‍ണ മുല്ലപ്പള്ളി ആലപിച്ചു. അനുസ്മരണ സമിതി സംസ്ഥാന കോഡിനേറ്റര്‍ എം. ബാലകൃഷണന് സ്വാഗതവും ജോ. കോഡിനേറ്റര്‍ എ. വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: