ന്യൂദല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥര്‍, എംബസി ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ പൗരന്മാര് എന്നിവുരുള്‍പ്പെടെ 130 പേരെ കാബൂളിലെ നയതന്ത്ര കാര്യാലയത്തില്‍നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചത് അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെ. ഒഴിപ്പിക്കേണ്ടവരെ ഇന്ത്യന്‍ എംബിസി കെട്ടിടത്തില്‍നിന്ന് ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കാന്‍ 14 ബുള്ളറ്റ് പ്രൂഫ് കാറുകളുടെ അകമ്പടി. അഫ്ഗാനിസ്ഥാനില്‍ നിലവില്‍ സര്‍ക്കാര്‍ ഭരണത്തിലില്ലാത്തതുമൂലം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പ്രദേശിക ഉദ്യോഗസ്ഥരുടെ സഹായം തേടിയില്ല.
ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് താലിബാന്റെ നേതൃത്വത്തെയും അറിയിച്ചില്ല. ഓഫിസില്‍നിന്ന് സുരക്ഷിതമായി വിമാനത്താവളത്തിലെത്തുന്നത് ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ വിശ്വാസമര്‍പ്പിച്ചു. ഈ സമയം ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം അവരെയും കാത്ത് വിമാനത്താവളത്തില്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു. എല്ലാവരെയും 17ന് പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിച്ചു. താലിബാന് പെട്ടെന്ന് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ ഇരുട്ടിയശേഷം യാത്ര സാധ്യമാകുമായിരുന്നില്ല. വിമാനത്താവളത്തിലേക്ക് പോകേണ്ട എല്ലാവരെയും എംബസി നേരത്തേ ബന്ധപ്പെട്ടിരുന്നു.
ദൗത്യത്തിനായി രാത്രി ചെലവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ഇന്ത്യന്‍ സംഘത്തിന്റെ യാത്രയെ താലിബാന് ഭീകരര്‍ ലക്ഷ്യമിടുമോയെന്ന ആശങ്ക നിലനിന്നിരുന്നു. അതിനാല്‍ താലിബാന് നേതൃത്വത്തില്‍നിന്ന് എല്ലാം രഹസ്യമാക്കി സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ലഷ്കര്‍-ഇ-തയിബ പോലുള്ള ഭീകരസംഘടനകള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചിരിക്കാമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. രണ്ടെണ്ണം മുന്‍പിലും രണ്ടെണ്ണം പിന്നിലുമായി നാല് പൈലറ്റ് വാഹനങ്ങള്‍ സംഘത്തിനൊപ്പം പോയി. എംബസിയില്‍നിന്ന് വിമാനത്താവളത്തിലെത്താന്‍ ഏഴുകിലോമീറ്റര്‍ പിന്നിട്ടു. സ്ഥലപരിചയവും പ്രദേശിക ഭാഷ അറിയുന്നവരുമായ തദ്ദേശീയരായ ജീവനക്കാരെ പൈലറ്റ് വാഹനങ്ങള്‍ ആശ്രയിച്ചു. ഒഴിപ്പിക്കലിനെക്കുറിച്ച് ഹമീദ് കര്‍സായി വിമാനത്താവളത്തിന്റെ ചുമതലയുള്ള യുഎസിനും ഇന്ത്യന്‍ അധികൃതര്‍ വിവരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: