ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ പരിശീലകന് പാര്‍ക് തയി-സംഗിനോട് സംവദിക്കുന്നതിനിടെ കൊറിയയും അയോധ്യയുമായുള്ള ‘സവിശേഷ ബന്ധം’ വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ഒരുക്കിയ പ്രഭാത വിരുന്നില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ എഴ്, ലോക് കല്യാണ്‍ മാര്‍ഗ് ഇന്ത്യയുടെ ടോക്കിയോ ഒളിംപിക്സ് സംഘം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. അയോധ്യയെക്കുറിച്ച് എന്തെങ്കിലും അറിയുവോയെന്ന് സംസാരത്തിനിടെ പ്രധാനമന്ത്രി ദക്ഷിണ കൊറിയന്‍ പരിശീലകനോട് ചോദിച്ചു.
‘കൊറിയയും അയോധ്യയും തമ്മില്‍ സവിശേഷ ബന്ധമുണ്ട്. അടുത്തിടെ താങ്കളുടെ പ്രസിഡന്റിന്റെ ഭാര്യ, പ്രഥമ വനിത അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. താങ്കള്‍ അയോധ്യ സന്ദര്‍ശിച്ച് അയോധ്യയുടെ ചരിത്രത്തെക്കുറിച്ച് അറിയണം. താങ്കള്‍ക്ക് അഭിമാനം തോന്നും’- വിരുന്നിനിടെ പാര്‍ക് തായി-സംഗിനോട് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ സൂരിരത്ന രാജകുമാരിയിലൂടെ അയോധ്യയും കൊറിയയും തമ്മില്‍ ആഴത്തിലുള്ള ചരിത്രപരമായ ബന്ധമുണ്ട്.
നേരത്തേ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നല്കിയ പ്രസ്താവന അനുസരിച്ച്, സിഇ 48-ല്‍ കൊറിയ സന്ദര്‍ശിച്ച രാജകുമാരി കൊറിയന്‍ രാജാവായ സുറോയെ വിവാഹം ചെയ്തു. 2018 നവംബറിലായിരുന്നു അയോധ്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം-ജോംഗ് സൂക്ക് ഇന്ത്യയിലെത്തിയത്. ഒരുമിച്ച് ഐസ്ക്രീം കഴിക്കുമെന്ന് രണ്ടു ഒളിംപിക്സ് മെഡലുകള്‍ നേടിയ പി വി സിന്ധുവിന് നല്കിയ വാക്കും സംഘവുമായി പ്രഭാത ഭക്ഷണം പങ്കിട്ട് മോദി പാലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: