കോട്ടയം: വേമ്പനാട്ട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു. കുമരകത്തിന്റെ സ്വന്തമായ കരിമീന്‍ കാണാന്‍ പോലും കിട്ടുന്നില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും പേരിനു പോലുമില്ല. നൂറുകണക്കിന് തൊഴിലാളികളാണ് വേമ്പനാട്ട് കായലിലെ മത്സ്യസമ്പത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും മത്സ്യക്കുഞ്ഞുങ്ങളെ വരെ നിരോധിത വലകള്‍ ഉപയോഗിച്ച് പിടികൂടുന്നതുമാണ് മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമാകുന്നതെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യസമ്പത്ത് കുറയുന്നതിനെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളില്ല. കൊവിഡും ലോക്ഡൗണും കാരണം മറ്റുമേഖലയിലുള്ള തൊഴിലാളികള്‍ കൂടി ഇപ്പോള്‍ കായലിനെ ആശ്രയിക്കുകയായിരുന്നു. കുമരകത്ത് നിന്ന് കരിമീന്‍ കിട്ടാതെ വരുമ്പോള്‍ ആന്ധ്രയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് കരിമീന്‍ കൊണ്ടുവരുന്നുണ്ടെന്നും മത്സ്യവ്യാപാരികള്‍ സമ്മതിക്കുന്നു. എന്നാല്‍ ഇത് പലയിടത്തും വില്‍ക്കുന്നത് കുമരകം കരിമീന്‍ എന്ന പേരിലാണ്.
കോട്ടയം വെസ്റ്റ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിന് കുമരകത്ത് മൂന്ന് ഔട്ട്‌ലെറ്റുകളുണ്ട്. മൂന്നു ഔട്ട്‌ലെറ്റുകളിലും കാര്യമായി മീന്‍ കിട്ടുന്നില്ലെന്ന് പ്രസിഡന്റ് എന്‍.പി. സജീവ് ജന്മഭൂമിയോട് പറഞ്ഞു. മീനിന് ആവശ്യക്കാരുണ്ടെങ്കിലും കിട്ടാത്ത അവസ്ഥ. കരിമീന്‍ കിലോയ്‌ക്ക് അഞ്ഞൂറ് രൂപ വരെ വിലയുണ്ട്. കൂടുതല്‍ രുചിയുള്ള കരിമീനാണ് ഈ സമയത്തുണ്ടാവുക. എന്നാല്‍ മീനില്ല. കൊഞ്ചിന്റെ സീസണാണെങ്കിലും കിട്ടാനില്ല. തൊട്ടുമുന്നത്തെ വര്‍ഷവും ഇതായിരുന്നു അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലുണ്ടായ പ്രളയം കാരണം കായലില്‍ എക്കലും പ്ലാസ്റ്റിക് മാലിന്യവും വന്നടിഞ്ഞിട്ടുണ്ട്. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും അവസാനം എത്തിച്ചേരുന്നത് കായലിലാണ്. ഇതും മത്സ്യസമ്പത്തിനെ ബാധിക്കുന്നു. 20 മില്ലിയില്‍ താഴെയുള്ള വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും 15 മുതല്‍ 10 മില്ലി വരെയുള്ള വല ഉപയോഗിക്കുന്നുണ്ട്. മീന്‍ കുഞ്ഞുങ്ങളെവരെ ഈ വല ഉപയോഗിച്ച് പിടിക്കുന്നു. കരിമീന്‍ മുട്ടകള്‍ നശിക്കുന്നതിനും ഇത് കാരണമാകുന്നു. നടപടി സ്വീകരിക്കേണ്ട അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ നടപടിയില്ലെങ്കില്‍ കുമരകം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കായലിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതാകുമെന്നും സാമ്പത്തിക വ്യവസ്ഥ തകരുമെന്നും തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: