ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് തീവ്രവാദികള്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെയുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ആഭ്യന്തരമന്ത്രാലയം അതിവേഗ വിസ പ്രഖ്യാപിച്ചു. ഇ-എമര്‍ജന്‍സി എക്സ്-മിസ്ക് വിസ എന്നി പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം അവതരിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ ഇ-എമര്‍ജന്‍സി-എക്സ്-മിസ്ക് വിസ എന്ന പേരില്‍ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന് അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാന്‍ ഒരുങ്ങുന്നത്.
ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ശേഷം അഭയാര്‍ത്ഥികളായ ഹിന്ദു-സിക്ക് മതക്കാരെയും ഇന്ത്യയിലേക്ക് എത്തിക്കാന്‍ കേന്ദ്രം പദ്ധതി ഒരുക്കിയിട്ടുണ്ട്. അതേ സമയം, ഇന്ത്യയില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിനായി നാടുവിട്ടവരെ ഒഴികെ എല്ലാവരെയും തിരികെ എത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
അഫ്ഗാനിലുള്ള 1650 ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങാന്‍ അപേക്ഷ നല്കി. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ വിദേശകാര്യ മന്ത്രാലയത്തെ വിവരമറിയിക്കണം. ഹെല്പ് ലൈന്‍ നമ്പറുകള്‍: 01149016783, 01149016784, 01149016785, +91 8010611290 (വാട്സാപ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: