കെ.എന്‍.എ. ഖാദര്‍
അറുപതുകളില്‍ ചെമ്മങ്കടവ് ഗവ. യു പി സ്‌കൂളില്‍ വെച്ചാണ് ഓണവുമായി ബന്ധപ്പെട്ട കഥകള്‍ ആദ്യമറിയുന്നത്. ആദ്യമായി പ്രസംഗിക്കുവാന്‍ പരിശീലനം കിട്ടിയ കാലമായിരുന്നു അത്. അധ്യാപകരായ രാമവാര്യര്‍, ഗോപാലന്‍ നായര്‍ തുടങ്ങിയവരും പാലോളി മുഹമ്മദ് മാസ്റ്ററുമായിരുന്നു പരിശീലകര്‍. ആ വര്‍ഷം നടന്ന മത്സരത്തില്‍ ഒന്നാമനായി തീരുകയും ചെയ്തു. വിഷയം ‘ഓണം നമ്മുടെ ദേശീയ ഉത്സവം’ എന്നതായിരുന്നു.
പ്രസംഗത്തിനുള്ള തയ്യാറെടുപ്പില്‍ സഹായിച്ച ഗുരുനാഥന്മാര്‍ ഓണം ആഘോഷിക്കുന്നതിന്റെ പിന്നിലുള്ള ഐതീഹ്യം മനസ്സിലാക്കി തന്നു. അതിനുമുമ്പു തന്നെ പൂക്കളങ്ങള്‍ കണ്ടിരുന്നു. സദ്യകള്‍ ഉണ്ടിരുന്നു. പൂക്കള്‍ പറിച്ചു കൊടുത്തും മറ്റു വിധത്തിലും ഓണം ആഘോഷിക്കുന്ന അയല്‍ക്കാരെ സഹായിച്ചിരുന്നു. അടുത്ത വീട്ടിലെ കൂട്ടുകാരോടൊപ്പം എല്ലാ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. എല്ലാവരും ചേര്‍ന്നാണ് ആഘോഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ചിരുന്നത്.
ചരിത്രമോ സങ്കല്‍പ്പമോ ആകട്ടെ, ഓണാഘോഷത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത് നന്മയാണ്. മനുഷ്യവംശത്തിന്റെ മോചനം. പട്ടിണിയും പരിവട്ടവും അനീതിയുമില്ലാത്ത ഒരു നല്ല ജീവിതകാലം. മനുഷ്യരെയെല്ലാം ഒന്നായി കാണുവാനുള്ള അന്തിമമായ ആഗ്രഹം. എല്ലാവരും ഭിന്നതകള്‍ മറന്ന് ഒന്നിച്ചു ചേര്‍ന്നു തന്നെ അതൊരു ആഘോഷകാലമായി മാറ്റും. ഭിന്നതകള്‍ മറക്കുക എന്നതല്ല സങ്കല്‍പ്പം, ഭിന്നതകളില്ലാത്ത ലോകമെന്നാണ്.
വലിയ വേലിക്കെട്ടുകളില്ലാത്ത തുറന്ന കുട്ടിക്കാലമായിരുന്നു അന്ന്. എല്ലാവരും എല്ലാ സുഖദുഖങ്ങളും പങ്കുവെച്ചിരുന്നു. പരസ്പരം സഹായിച്ചിരുന്നു. ബെഞ്ചില്‍ കൂടെയിരിക്കുന്നവനും കൂടെ പഠിക്കുന്നവനും ഏത് മതക്കാരനാണെന്നോ ജാതിക്കാരനാണെന്നോ ഞങ്ങളാരും പരസ്പരം അന്വേഷിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. മാവേലിയുടെ ഭരണകാലമല്ലായിരുന്നെങ്കിലും ഞങ്ങള്‍ കുട്ടികളെല്ലാം ആ നീതിമാനായ രാജാവിന്റെ പ്രജകളെന്ന വിധത്തിലാണ് കഴിഞ്ഞു പോന്നത്.
കുട്ടികള്‍എക്കാലവും അപ്രകാരമാണല്ലോ. കുഞ്ഞുങ്ങളുടെ നിഷ്‌ക്കളങ്കത നമുക്കെല്ലാം കൈവരണമെന്ന് എല്ലാ മതങ്ങളും പ്രവാചകന്മാരും അനുശാസിക്കുന്നു. കളങ്കമില്ലാത്ത ആ കാലം കൈവിടാതെ ജീവിക്കുവാന്‍ കഴിഞ്ഞാല്‍ നാം ധന്യരായി. മഹാബലി എന്ന ചക്രവര്‍ത്തിയുടെ ഭരണകാലത്തെകുറിച്ചുള്ള സങ്കല്‍പ്പം നഷ്ടമായി പോയ ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകളാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ വന്നു പോകുന്ന മാവേലിയുടെ മടക്കത്തോടെ നമ്മുടെയെല്ലാം മനസ്സില്‍ ഒരു ആസുരികഭാവം തിരിച്ചു വന്നാല്‍ നാമൊന്നും പഠിച്ചിട്ടില്ലാ എന്നു കരുതാം.
സമ്പല്‍സമൃദ്ധിയോടെ ജീവിതം ഒരു ആഘോഷമായി പരസ്പര സ്നേഹ ബഹുമാനങ്ങളോടെ മുന്നോട്ടു കൊണ്ടുപോകാന്‍ എന്നും നമുക്ക് കഴിയണം. അപ്പോള്‍ മാത്രമാണ് മഹാബലിയുടെ പ്രജകളാവുന്നത്.
ഐക്യരാഷ്‌ട്ര സഭ നിശ്ചയിക്കുന്ന പോലെ ഓരോന്നിനും ഒരു ദിവസം മാത്രം നീക്കി വെക്കുന്നതു കൊണ്ട് വലിയ പ്രയോജനമില്ല. മറ്റു ദിവസങ്ങളില്‍ എന്തുമാവാമെന്ന തോന്നലാണ് അതുണ്ടാക്കുക. അധ്യാപകരുടെ ദിനം, അച്ഛന്മാരുടെ ദിനം, കുട്ടികളുടെ ദിനം, സ്ത്രീകളുടെ ദിനം അങ്ങിനെ ആ പട്ടിക നീളുന്നു. വര്‍ഷം തീരാന്‍ 365 ദിനങ്ങള്‍ മാത്രമേയുള്ളു. അതിനു മുമ്പ് ആ പട്ടികയില്‍ കയറികൂടാന്‍കഴിഞ്ഞില്ലെങ്കിലോ, അത് നഷ്ടമായി തോന്നും.
എല്ലാ രാജ്യങ്ങളിലും ഏതെങ്കിലും വിധത്തില്‍ എല്ലാ മനുഷ്യനിലെയും നന്മയെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പം അന്തര്‍ലീനമാണ്. ഭാരതത്തിലെ തന്നെ ഇതര സംസ്ഥാനങ്ങളില്‍ സമാനമായ പല ആഘോഷങ്ങളുമുണ്ട്. കേരളം ആഘോഷിക്കുന്ന ഓണം ഇന്ന് മലയാളികളുള്ള എല്ലാ ഭുപ്രദേശങ്ങളിലേക്കും പരന്നു കഴിഞ്ഞു. അതാത് പ്രദേശങ്ങളില്‍ അതും ലോകത്തിന്റെ ഏത് ഭാഗത്തായാലും മലയാളി ഒറ്റയ്‌ക്കല്ല ഈ ആഘോഷങ്ങള്‍ പങ്കുവെക്കുന്നത്. എല്ലാ ഭാഷക്കാരും നാട്ടുകാരും അണി ചേരുന്നു. ഒരു സാര്‍വ്വ ദേശീയ മാനം അതിന് കൈവന്നിട്ടുണ്ട്.
നാം ഇന്ത്യക്കാര്‍ വളരെ പ്രാചീനമായ ഒരു സംസ്‌കാരപൈതൃകത്തിന്റെ സന്ദേശവാഹകരാണ്. ഹാരപ്പയിലും മോഹഞ്ചദാരോവിലും നിലനിന്നിരുന്ന നാഗരികത ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 2000 കേന്ദ്രങ്ങളില്‍ നടത്തിയ പുരാവസ്തുപഠനവും ഗവേഷണങ്ങളും അത് തെളിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്നത്തെ ഇന്ത്യയിലും കാണപ്പെടുന്ന പല പ്രദേശങ്ങളില്‍ നിന്നും കണ്ടെടുത്ത തെളിവുകള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. പേര്‍ഷ്യയിലും അതിന് സമാനമായവ കണ്ടെത്തിയിട്ടുണ്ട്. മെസോപ്പോട്ടോമിയ, ബാബിലോണിയ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെട്ട സാംസ്‌കാരികതയും അവയുമായി ബന്ധമുള്ളതായി പറയപ്പെടുന്നു.
മനുഷ്യ വംശം വിവിധഭാഷകള്‍ സംസാരിക്കുന്നവരും വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവരുമാണല്ലോ. അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ എന്തുതന്നെയായാലും അടിസ്ഥാനപരമായി ഒരേ മാതാപിതാക്കളുടെ സന്തതികളാണ്. പരസ്പരം കലഹിക്കുന്നത് ബുദ്ധിശൂന്യതയാണ്. എല്ലാ മതസ്ഥരും പരസ്പരം ബഹുമാനിക്കണം. എല്ലാ വേദഗ്രന്ഥങ്ങളും എല്ലാവരും അറിയുകയും പരിചയപ്പെടുകയും വേണം. മനുഷ്യ വംശത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ലഭ്യമായിട്ടുള്ള സകലതിനെയും അറിയുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സമ്പത്തുംസൗകര്യങ്ങളും നീതിപൂര്‍വ്വം വിതരണം ചെയ്യപ്പെടണം. ആരും ആരെക്കാളും വലിയവനോ, ചെറിയവനോ അല്ല.
ഒരേയൊരു ദൈവത്തിന്റെ സൃഷ്ടികളാണ് നാം എല്ലാവരും. ദൈവം പല പേരുകളില്‍ വിളിക്കപ്പെടുന്നു. നമ്മുടെ ഹൃദയങ്ങളിലേക്കാണ് അവന്‍ നോക്കുന്നത്. അവന്‍ അറിയാതെ ഇവിടെയൊന്നും സംഭവിക്കുന്നില്ല. നന്മയും തിന്മയും സന്തോഷവും ദുഖവും കറുപ്പും വെളുപ്പും ഇരുട്ടും വെളിച്ചവും പോലെ എല്ലാം ഇണകളായി, ഇരട്ടകളായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മനുഷ്യരാവട്ടെ ആത്മ ഭൗതികങ്ങളുടെ ആരോഗ്യകരമായ സമന്വയമാണ്. മറ്റുള്ളവര്‍നമുക്ക് എന്തു ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുവോ അത് നിങ്ങള്‍ അവര്‍ക്കും ചെയ്യുവിന്‍ എന്ന തത്വം വിസ്മരിക്കാവുന്നതല്ല.
ഓണത്തെക്കുറിച്ചുള്ള സങ്കല്‍പ്പം നീതിയുടെയും നന്മയുടെയും തുല്യതയുടെയും സമൃദ്ധിയുടെയും ആണല്ലോ. സോഷ്യലിസത്തെക്കുറിച്ചും ഏതാണ്ട് ഇതേ സങ്കല്‍പ്പം ചിലര്‍ വെച്ചു പുലര്‍ത്തിയിരുന്നു. പ്രജാതല്‍പ്പരനും ധര്‍മ്മനിഷ്ഠനുമായിരുന്ന ഒരു നല്ല ഭരണാധികാരിയോട് പ്രജകള്‍ എക്കാലവും വെച്ചു പുലര്‍ത്തുന്ന ആദരവും സ്നേഹവുമാണ് ഓണം വിളംബരം ചെയ്യുന്നത്.
ഭരിക്കുന്നവന്‍ ഏത് വിധത്തിലാവണമെന്നുള്ള പാഠം ഭരണാധികാരികള്‍ക്കും ഭരണീയവര്‍ എപ്രകാരമായിരിക്കണമെന്ന പാഠം പ്രജകള്‍ക്കും നല്‍കുന്ന ആഘോഷങ്ങളാണ് ഓണം. സാഹോദര്യവും സ്നേഹ സന്തോഷവും നമുക്കെല്ലാം ഏക്കാലവും പങ്കുവെക്കാന്‍ ഓണക്കാലത്തെ നമുക്ക് പ്രയോജനപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: