വാഷിങ്ടൻ: അഫ്ഗാനിസ്ഥാനില്‍ നിന്നു പിന്മാറാനുള്ള തീരുമാനം ഉറച്ചതായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മറ്റൊരു രാജ്യത്തെ ആഭ്യന്തരയുദ്ധത്തിനു നടുവില്‍ നിന്നു പോരാടാന്‍ സ്വന്തം സേനയോട് ഇനിയും പറയാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ബൈഡന് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ നിന്നു പിൻമാറാനുള്ള തീരുമാനത്തിന്റെ ഉത്തരവാദിത്തം പ്രസിഡന്റെന്ന നിലയിൽ ഏറ്റെടുക്കുന്നു. അത് മാറ്റാർക്കും കൈമാറാനും ആഗ്രഹിക്കുന്നില്ല-പ്രസിഡന്റ് ജോ ബൈഡൻ ദേശത്തോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു.
വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത്. 2001 സെപ്തംബർ 11-ന് തങ്ങളെ ആക്രമിച്ച അൽഖ്വയ്ദയെ ലക്ഷ്യമിട്ടാണ് പോയത്. അമേരിക്കയെ ആക്രമിക്കാനുള്ള ഒരു താവളമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാൻ അൽഖ്വയ്ദയ്ക്ക് കഴിയില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. അത് സാധിച്ചു . ഒസാമ ബിൻലാദനെ വേട്ടയാടുന്നത് അമേരിക്ക ഒരിക്കലും ഉപേക്ഷിച്ചില്ല. ഒരു പതിറ്റാണ്ട് മുമ്പ് അമേരിക്ക ബിൻലാദനെ ഇല്ലാതാക്കി – ബൈഡൻ പറഞ്ഞു.
അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നിൽക്കാൻ സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൗരന്മാര്ക്ക് ജീവന് നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നിൽപ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വർഷങ്ങളോളമായി താൻ വാദിക്കുന്നു. പിൻമാറാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ലെന്നും ബൈഡൻ പറഞ്ഞു. പ്രതീക്ഷിച്ചതിലും നേരത്തേ അഫ്ഗാന്റെ പതനം ഉണ്ടായെന്നും അഫ്ഗാൻ സൈന്യം ചെറുത്തുനിൽപ്പ് ലവലേശം പോലും നടത്തിയില്ലെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
നയതന്ത്ര ഓഫിസുകൾ അടച്ച് ഉദ്യോഗസ്ഥരെ സുരക്ഷിതമായി കൊണ്ടുവരാൻ കഴിഞ്ഞു. അഫ്ഗാൻ ജനതയ്ക്ക് അമേരിക്ക നൽകുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണമായിരുന്നില്ല യുഎസ് ലക്ഷ്യമെന്നും ബൈഡൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: