പ്രതീക്ഷിച്ചതുപോലെ താലിബാന്‍ ഭീകരര്‍ കാബൂള്‍ പിടിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറുകയും ചെയ്തിരിക്കുന്നു. സ്ഥിതിഗതികള്‍ ഇവിടേക്കാണ് മുന്നേറുന്നതെന്ന് മനസ്സിലാക്കി പ്രസിഡന്റ് അഷ്‌റഫ് ഘനി പരിവാരസമേതം അയല്‍ രാജ്യമായ താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ രാഷ്‌ട്രീയാഭയം തേടുകയാണത്രേ ലക്ഷ്യം. താലിബാന്‍ ഭീകരന്‍ മുല്ല അബ്ദുള്‍ ഗനിബറാദറിനെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലേക്ക് വീണിരിക്കുന്നു. ഇനി സംഭവിക്കാന്‍ പോകുന്ന ആപത്തുകളെയോര്‍ത്ത് എങ്ങനെയെങ്കിലും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ വിമാനത്താവളത്തില്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇതിനിടെ നടന്ന വെടിവയ്‌പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് വിവരം. അഫ്ഗാനിലെ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വ്യോമസേന. അഫ്ഗാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ എത്രയും വേഗം ആ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലുമൊക്കെ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാന്‍ ജനതയും. ഇന്ത്യയില്‍ കഴിയുന്ന തങ്ങള്‍ക്ക് ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടെന്നാണ് അഫ്ഗാന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എന്നാല്‍ താലിബാനികള്‍ ഭീകരരാണെന്നുപോലും സമ്മതിക്കാന്‍ ഇന്ത്യയിലെ പല മാധ്യമങ്ങളും മടിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ വേഷംകെട്ടി നടക്കുന്ന ചില ഇസ്ലാമിക മതമൗലികവാദികള്‍ താലിബാനികളുമായി രമ്യതയില്‍ എത്തണമെന്നുവരെ ആവശ്യപ്പെട്ടിരിക്കുന്നു!
താലിബാന്‍ ഭീകരര്‍ ഒരിക്കല്‍ക്കൂടി അഫ്ഗാനില്‍ അധികാരം പിടിച്ചതോടെ വൃത്തം പൂര്‍ത്തിയായിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഇരട്ട വ്യാപാര സമുച്ചയം ആക്രമിച്ച് തകര്‍ത്തതിന് പ്രതികാരമായി താലിബാനികളെ സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സേന ഇരുപത് വര്‍ഷത്തിനുശേഷം പിന്മാറുന്നതോടെയാണ് ഒരിക്കല്‍ക്കൂടി താലിബാന്‍ അധികാരം പിടിച്ചിരിക്കുന്നത്. അധികാര കൈമാറ്റം സമാധാനപരമാക്കാന്‍ ദോഹയില്‍ നടന്ന ഉച്ചകോടിയുടെ തീരുമാനങ്ങളെ പ്രഹസനമാക്കിക്കൊണ്ടാണ് താലിബാന്‍ വീണ്ടും ആക്രമണം തുടങ്ങിയത്. മുന്‍കാലത്തെ ഭീകരവാഴ്ചയില്‍ നടത്തിയ അപരിഷ്‌കൃതവും പൈശാചികവുമായ ചെയ്തികള്‍ അവര്‍ ആവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. നിരപരാധികളായ മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തുകയും, മതശാസനങ്ങള്‍ പുറപ്പെടുവിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുകയും ചെയ്തു. സ്ത്രീകള്‍ ബുര്‍ക്കയിടാതെ പുറത്തിറങ്ങരുതെന്നും, കാല്‍പ്പാദം വെളിയില്‍ കാണിക്കരുതെന്നും മറ്റുമുള്ള വിലക്കുകള്‍ ഇതിനകം തന്നെ നിലവില്‍ വന്നുകഴിഞ്ഞു. ഇത് ലംഘിക്കുന്നവരുടെ ജീവനെടുക്കാനാണ് താലിബാന്‍ ഭീകരരുടെ തീരുമാനം. ഇതനുസരിച്ച് പലരെയും കൊലപ്പെടുത്തിക്കഴിഞ്ഞു. താലിബാന്റെ ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ ഇനി എന്തൊക്കെ പൈശാചികതകളാണ് അടിച്ചേല്‍പ്പിക്കുകയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. വടി കൊടുത്ത് അടിവാങ്ങുന്ന ഗാസയെക്കുറിച്ച് നമ്മുടെ നാട്ടില്‍ മുറവിളി കൂട്ടുന്നവര്‍ക്ക് താലിബാന്റെ കാട്ടാളത്തത്തെക്കുറിച്ച് മിണ്ടാട്ടമില്ല. ഇന്ത്യക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ഡാനിഷ് അലി ഉള്‍പ്പെടെയുള്ളവരെ മൃഗീമായി കൊലപ്പെടുത്തിയിട്ടും ലെഫ്റ്റ് ലിബറലുകള്‍ ഒട്ടകപക്ഷി നയം അവലംബിക്കുകയാണ്.
പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍ അമേരിക്കന്‍ സേനയെ അഫ്ഗാനില്‍നിന്ന് പിന്‍വലിച്ചതാണ് താലിബാന്‍ വാഴ്ചയ്‌ക്ക് വഴിയൊരുക്കിയത്. അമേരിക്ക ഈ ഘട്ടത്തില്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന അഭിപ്രായമാണ് പല രാജ്യങ്ങള്‍ക്കുമുള്ളത്. എന്നാല്‍ സ്വന്തം സൈനികരുടെ ജീവന്‍ ബലി കൊടുത്തും, കോടിക്കണക്കിന് രൂപ ചെലവഴിച്ചും അഫ്ഗാനില്‍ സമാധാനം നിലനിര്‍ത്തേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് അമേരിക്കന്‍ പക്ഷം. അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് വലിയ പങ്കുവഹിച്ച ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആ രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനാലാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. പക്ഷേ ഇതിനും താലിബാന്‍ ഭരണകൂടം തടസ്സം സൃഷ്ടിക്കുകയാണ്. അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്ന താലിബാന്‍ ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കാതിരിക്കില്ല. താലിബാന്റെ പുതിയ മുന്നേറ്റത്തിനു പിന്നില്‍ പാക്കിസ്ഥാന്റെയും ചൈനയുടെയും കരങ്ങളാണുള്ളത്. ഈ ഭീകരസംഘങ്ങളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്ക് എങ്ങനെയൊക്കെ തിരിച്ചടി നല്‍കാമെന്നാവും ഇവര്‍ ചിന്തിക്കുക. ഇതിനെക്കുറിച്ച് ഇന്ത്യയുടെ ഭരണനേതൃത്വത്തിന് പൂര്‍ണമായ ബോധ്യമുണ്ട്. പുതിയ സംഭവവികാസങ്ങളില്‍ വെറും കാഴ്ചക്കാരായി ഇന്ത്യ നില്‍ക്കില്ല എന്നുറപ്പാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന നില വന്നാല്‍ നയതന്ത്ര തലത്തില്‍ മാത്രമല്ല, സൈനിക തലത്തിലും ഇടപെടാനുള്ള ശക്തി ഇന്ത്യയ്‌ക്കുണ്ട്. പാക്കിസ്ഥാനെ നാം പലയാവര്‍ത്തി പാഠം പഠിപ്പിച്ചിട്ടുണ്ടല്ലോ. ആവശ്യം വന്നാല്‍ താലിബാന്‍ ഭീകരരും അതിന്റെ രുചിയറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: