ജെ. നന്ദകുമാര്‍
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
കോളോണിയില്‍ വാഴ്ചയില്‍ നിന്ന് ഭാരതം രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ ചരിത്ര സംഭവം ഉജ്ജ്വലമായ ഒരു ആഘോഷമാക്കി മാറ്റുന്നതിന് ക്രേന്ദ സര്‍ക്കാറും വിവിധ ദേശീയ സംഘടനകളും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആഘോഷങ്ങള്‍ ഭാരതത്തിന് അകത്തും പുറത്തും അതിഗംഭീരമായി നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, അവയുടെ വൈചാരിക ഉള്ളടക്കം എന്തായിരിക്കുമെന്നതിനെ സംബന്ധിച്ചാണ് കൂടുതല്‍ ജാഗ്രത വേണ്ടത്. ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ വശങ്ങളും അതിന്റെ സമഗ്രതയില്‍ മുന്‍ചൊന്ന ആഘോഷങ്ങള്‍ക്കൊപ്പം ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ശരിയായ അര്‍ത്ഥത്തിലുള്ള അത്തരം വിലയിരുത്തലുകളും ശക്തമായ സംവാദങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവണം. അതിലൂടെ നിലവില്‍ ‘മുഖ്യധാരാ’ ചരിത്രഗ്രന്ഥങ്ങള്‍ വഴി തലമുറകളിലേക്ക് അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന വികല വ്യാഖ്യാനങ്ങള്‍ തിരുത്തപ്പെടണം. അത്തരം ഒരു തിരുത്തലിന് അക്കാദമിക, ബൗദ്ധിക മണ്ഡലങ്ങള്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോ എന്ന ആശങ്കയുണ്ട്.
വികലവ്യാഖ്യാനങ്ങള്‍
വികലമായ വ്യാഖ്യാനങ്ങള്‍ (False Narratives ) എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്തൊക്കെയാണെന്ന് നോക്കാം. സ്വാതന്ത്ര്യസമരത്തിന്റെ കാലദൈര്‍ഘ്യം, നൈരന്തര്യം, പ്രേരണ, വ്യാപകത്വം, ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വ്യാപകത്വം എന്നിവയെ സംബന്ധിച്ചെല്ലാം ബോധപൂര്‍വ്വമുള്ള വളച്ചൊടിക്കലുകളും ഇകഴ്‌ത്തലുകളും ഓദ്യോഗിക ചരിത്രരചനയില്‍ കുത്തിത്തിരുകപ്പെട്ടിട്ടുണ്ട്. അതിന്റെ മുഖ്യമായ ഉദ്ദേശ്യം ഭാരതത്തെ സംബന്ധിച്ചുള്ള ശരിയായ ബോദ്ധ്യം പഠിതാക്കള്‍ക്ക് ഉണ്ടാകരുത് എന്നതായിരുന്നു.
ആ പരിശ്രമങ്ങളുടെ ഫലമായി ഭാരതീയ സമൂഹത്തിന് സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് വികലമായ ധാരണകള്‍ ഉടലെടുത്തു. അതിലൊന്നാമത്തേത് കൊളോണിയല്‍ വിരുദ്ധസമരം എന്ന് തുടങ്ങി എന്നതിനെക്കുറിച്ചാണ്. പാശ്ചാത്യമന:സ്ഥിതി ഇപ്പോഴും കൊണ്ടുനടക്കുന്ന ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം അതിന് ഏറിയത് 150 വര്‍ഷത്തിന്റെ പഴക്കമേ ഉള്ളൂ. അതിനുവേണ്ടിയാണ് 1857ലെ സ്വാതന്ത്ര്യ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കുവാന്‍ അക്കൂട്ടര്‍ താല്‍പര്യം കാണിക്കുന്നത്. വീര സവര്‍ക്കര്‍ 1857ലെ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് എഴുതിയ ചരിത്ര പുസ്തകത്തിന്റെ പേര് ‘1857ലെ-ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരം’ എന്നാണ്. ദേശവ്യാപകമായി ഒരു നേത്യത്വത്തിന് കീഴില്‍ ആസൂത്രിതമായി നടന്ന യുദ്ധം എന്ന നിലയില്‍ അതിന് പ്രാധാന്യവും പ്രഥമത്വവും ഉണ്ടായിരുന്നെങ്കിലും വീര സവര്‍ക്കര്‍ ഉള്‍പ്പടെയുള്ള ദേശീയ ചിന്തകന്മാര്‍ അതിനു മുമ്പ് നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയൊന്നും സ്വാതന്ത്ര്യസമര പട്ടികയില്‍ പെടുത്തിയില്ല. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ കാലദൈര്‍്ഘത്തെ കുറച്ചുകാണിക്കുക വഴി ഭാരതത്തിന്റെ രാഷ്‌ട്ര ബോധം പ്രാചീനകാലം മുതലേ നിലനിന്നിരുന്നതാണെന്ന സത്യം മൂടിവെക്കുകയാണ് അവര്‍ ചെയ്തത്.
രണ്ടാമത്തെ വികലമായ ധാരണ സമരത്തിന്റെ തുടര്‍ച്ചയെക്കുറിച്ചുള്ളതാണ്. ആധുനിക കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചതിനുശേഷമുണ്ടായ ‘നേഷന്‍’ എന്ന ബോധം കാരണം തുടങ്ങിയതാണ് സ്വാതന്ത്ര്യസമരമെന്ന് സമര്‍ത്ഥിക്കുന്നവര്‍ അതിന്റെ നൈരന്തര്യത്തേയും നിഷേധിക്കുന്നു. ഇടയ്‌ക്കിടെ ബ്രിട്ടീഷുകാര്‍ കൊണ്ടുവരുന്ന ചില നിയമങ്ങളോടുള്ള പ്രതിഷേധമെന്നോണം സൃഷ്ടിക്കപ്പെടുകയും ഏറെ കഴിയും മുമ്പേ കെട്ടടങ്ങുകയും ചെയ്തിരുന്ന പ്രതിഭാസമായിട്ടാണ് അവര്‍ ഭാരതസ്വാതന്ത്ര്യസമരത്തെ വിലയിരുത്തിയതും രേഖപ്പെടുത്തിയതും.
ഔദ്യോഗിക ചരിത്രരചനയിലെ മൂന്നാമത്തെ പ്രമാദം സ്വാതന്ത്ര്യ സമരത്തിന്റെ പ്രേരണയെ കുറിച്ചാണ്. പാശ്ചാത്യചരിത്രകാരന്മാരും അവരെ പിന്‍പറ്റി ഭാരതത്തിന്റെ ചരിത്രം പകര്‍ത്തിയെഴുതിയ ഇടതു ചരിത്രകാരന്മാരും പറഞ്ഞുവയ്‌ക്കാന്‍ ശ്രമിച്ചത് സ്വാതന്ത്ര്യ വാഞ്ഛയുടെ പ്രേരണ കേവലമായ രാഷ്‌ട്രീയ അധികാരമായിരുന്നു എന്നതാണ്. രാഷ്‌ട്രീയത്തിന് അതീതമായ ഒരു ശക്തിസ്രോതസ്സ് രാഷ്‌ട്രസൃഷ്ടിയുടെയും ഐക്യത്തിന്റെയും കാരണമായി ഉണ്ടെന്ന് മനസ്സിലാക്കാനുള്ള വിവേകം അക്കൂട്ടര്‍ക്ക് ഇല്ലാതെപോയി.
കൊട്ടാര ചരിത്രകാരന്മാര്‍ ചെയ്തുവച്ച മറ്റൊരു അപകടം നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെയിരുന്നതാണ്. ആസേതുഹിമാചലം കൊളോണിയല്‍ വിരുദ്ധപോരാട്ടം നടന്നിരുന്നു എന്ന വസ്തുത അവര്‍ക്ക് ദഹിക്കാവുന്നതായിരുന്നില്ല. അതുകൊണ്ടവര്‍ ഭാരതസ്വാതന്ത്ര്യസമരം പ്രധാനമായും ഉത്തര ഭാരതത്തിലെ നഗരങ്ങളെ ക്രേന്ദ്രീകരിച്ചുമാത്രം നടന്ന ഒന്നായിരുന്നു എന്നാണ് വിലയിരുത്തിയത്. ദക്ഷിണ ഭാരതത്തിനോ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍ക്കോ ഭാരതത്തിന്റെ മോചനപോരാട്ടത്തില്‍ ഗണ്യമായ പങ്കില്ലെന്ന് പറയാതെ പറയുക വഴി ഭാരതത്തിന്റെ ഭൗഗോളിക ഏകതയെകൂടി ചോദ്യം ചെയ്യുകയും വിഘടനമനോഭാവം സൃഷ്ടിക്കുകയുമാണ് അവര്‍ ചെയ്തത്.
അഞ്ചാമത്തെ വൈകല്യം ജാതി-വര്‍ഗ്ഗ-ലിംഗ പരിഗണനകള്‍ക്ക് അതീതമായിരുന്നു ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരം എന്ന് അംഗീകരിക്കാതിരുന്നു എന്നതാണ്. ഏറിയകൂറും സമരത്തിന് നേതൃത്വം കൊടുത്തവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഉന്നതകുലജാതരായിരുന്നു എന്നവര്‍ എഴുതിപിടിപ്പിച്ചു. വനവാസികള്‍ ഉള്‍പ്പടെയുള്ള പിന്നാക്കജാതി വിഭാഗങ്ങളുടെ സമര പങ്കാളിത്തം രേഖപ്പെടുത്തിയാല്‍ അവരെ അതിന് പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് പറയേണ്ടിവരുമല്ലോ എന്ന ഭയപ്പാട് ഇക്കൂട്ടരെ അലട്ടിയിരിക്കണം. ഇംഗ്ലീഷുകാര്‍ കനിഞ്ഞുനല്‍കിയ ‘ആധുനിക’ വിദ്യാഭ്യാസമാണ് രാഷ്‌ട്രബോധം സൃഷ്ടിച്ചതെന്നും അതാണ് സ്വാതന്ത്ര്യസമരത്തിന് കാരണമായതെന്നും വിശ്വസിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് അറിയാത്ത പിന്നാക്കക്കാര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയതിന്റെ കാരണം വിശദീകരിക്കാനാകില്ലല്ലോ. സുപ്രധാനമായ മറ്റൊരു ഘടകം സമരത്തിന്റെ ബഹുതലസ്പര്‍ശിയായ സ്വഭാവത്തെ അവര്‍ ബോധപൂര്‍വ്വം അവഗണിച്ചു എന്നതാണ്. അധിനിവേശം എത്രത്തോളം ബഹുമുഖമായിരുന്നുവെന്ന സത്യം അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാന്‍പോന്ന ബൗദ്ധികക്ഷമതയും ഭാരതീയര്‍ക്ക് ഇല്ലായിരുന്നു എന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ഇതിന്റെ മറ്റൊരു ലക്ഷ്യം.
കല, സാഹിത്യം, വിദ്യാഭ്യാസം, വ്യവസായം, കൃഷി തുടങ്ങിയ സര്‍വ്വമേഖലകളിലും ഭാരതീയര്‍ സ്വത്വാവിഷ്‌ക്കാരത്തിനായി പരിശ്രമിച്ചിരുന്നുവെന്ന് അംഗീകരിക്കുന്നത് ഭാരതത്തിന്റെ തനിമയെ അംഗീകരിക്കുന്നതിന് തുല്യമായി തീരുമല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ മൊത്തത്തില്‍ ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തെ വികലമാക്കാന്‍ ശ്രമിച്ചവരുടെ ആഖ്യാനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം. 1. സ്വാതന്ത്ര്യ സമരം തുടങ്ങിയത് ഒന്നര നൂറ്റാണ്ടുകള്‍ക്കുമുമ്പ് മാത്രം 2. സ്വാതന്ത്ര്യ സമരത്തിന് തുടര്‍ച്ച ഉണ്ടായിരുന്നില്ല. 3. പ്രേരണ രാഷ്‌ട്രീയ അധികാരം മാത്രം. 4. സ്വാതന്ത്ര്യസമരം ഭാരതമാസകലം ഒരുപോലെ നടന്നതായിരുന്നില്ല. 5. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഉന്നതകുലജാതരുടെ സമരം മാത്രമായിരുന്നു അത് 6. ബഹുമുഖമായ അധിനിവേശത്തോട് അതേപോലെ പ്രതികരിക്കാന്‍ ഭാരതീയര്‍ക്ക് കഴിഞ്ഞില്ല.
യുവതയുടെ ദൗത്യം
സൂക്ഷ്മമായ വിശകലനത്തില്‍ അതിലേറെ വൈകല്യങ്ങളെ കണ്ടെത്താനാവുമെങ്കിലും മുഖ്യമായ ബിന്ദുക്കള്‍ ഇവയാണ്. ഈ വൈകല്യം ഉണ്ടാവാനുള്ള പ്രധാനകാരണം എക്കാലവും ഭാരതത്തെ അടക്കിവാഴുവാന്‍ ആഗ്രഹിച്ച പാശ്ചാത്യശക്തികള്‍ പടച്ചുവിട്ട ചരിത്രവും അവരെ അന്ധമായി അനുകരിക്കുന്നതില്‍ അഭിമാനംകൊണ്ട കറുത്ത ധ്വരമാരാല്‍ സൃഷ്ടിക്കപ്പെട്ട ഔദ്യോഗിക ഗ്രന്ഥങ്ങളുമാണ്. ഈദൃശ നികൃഷ്ട പരിശ്രമങ്ങളുടെ അന്തിമ ലക്ഷ്യം ഒരു രാഷ്‌ട്രത്തിന്റെ സമ്പൂര്‍ണ്ണ വിനാശമാണ്. പ്രസിദ്ധ നൈജീരിയന്‍ നോവലിസ്റ്റായ ബെന്‍ ഓഖ്രി എഴുതിയതുപോലെ, “To poison a nation, poison its stories. A demoralised nation tells demoralised stories to itself. Beware of the story tellers who are not fully conscious of the importance of their gifts, and who are irresponsible in the application of their art; they could unwittingly help along the psychic destruction of their people.”
”ഒരു രാഷ്‌ട്രത്തെ വിഷമയമാക്കുവാന്‍ അതിന്റെ കഥകളെ (ചരിത്രത്തെ വിഷമയമാക്കണം. (അങ്ങനെ) അധാര്‍മികമാക്കപ്പെടുന്ന രാഷ്‌ട്രം സ്വയം അധാര്‍മിക കഥകള്‍ തന്നോടു തന്നെ പറയാന്‍ തുടങ്ങും. സ്വന്തം സിദ്ധികളുടെ പ്രാധാന്യത്തെകുറിച്ച് പൂര്‍ണ്ണ ബോധ്യമില്ലാത്ത കഥപറച്ചിലുകാരെ (ചരിത്രകാരന്മാരെ) കരുതിയിരിക്കണം. അവര്‍ തങ്ങളുടെ കലയുടെ പ്രയോഗത്തില്‍ തികഞ്ഞ നിരുത്തരവാദിത്തം കാണിക്കുന്നവരാണ്; അവര്‍ സ്വന്തം ജനതയുടെ മാനസിക വിനാശത്തിന് നിസ്സംശയം കാരണക്കാരാകാം”
ചരിത്രഗ്രന്ഥങ്ങളെ വിഷമയമാക്കാന്‍ നടന്നതും നടക്കുന്നതുമായ പരിശ്രമങ്ങളെ മനസ്സിലാക്കി തിരുത്തുവാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഉപകരിക്കണം. സ്വാമി വിവേകാനന്ദന്‍, ഈ ദൗത്യം ഭാരതീയര്‍ പ്രത്യേകിച്ചും യുവാക്കള്‍ ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.. The histories of our country written by English(and other Western) writers cannot but be weakening to our minds, for they talk only of our downfall. How can foreigners, who understand very little of our manners and customs, or religion and philosophy, write faithful and unbiased histories of India? Naturally, many false notions and wrong inferences have found their way to them.
”ഇംഗ്ലീഷ് (മറ്റുപാശ്ചാത്യര്‍) എഴുതിയ നാടിന്റെ ചരിത്രം നമ്മുടെ വീഴ്ചകളെകുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നതുകൊണ്ട് അത് നമ്മുടെ മനസ്സിനെ ദുര്‍ബലപ്പെടുത്തുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. എങ്ങനെയാണ് നമ്മുടെ സ്വഭാവമോ അനുഷ്ഠാനങ്ങളോ മതമോ ദര്‍ശനമോ അറിയാത്ത വിദേശികള്‍ക്ക് ഭാരതത്തിന്റെ വിശ്വസനീയവും പക്ഷപാതരഹിതവുമായ ചരിത്രം എഴുതുവാന്‍ കഴിയുക? സ്വാഭാവികമായും ഒട്ടനവധി തെറ്റായ ആഖ്യാനങ്ങളും അബദ്ധജടിലമായ നിഗമനങ്ങളും അവയില്‍ കടന്നു കൂടിയിരിക്കുന്നു”
ഇതത്രയും പറഞ്ഞ ശേഷം സ്വാമിജി യുവവിദ്യാര്‍ത്ഥികളോട് അവരുടെ കര്‍ത്തവ്യത്തെക്കുറിച്ച് ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു.
“Now it is for us to strike out an independent path of historical research for ourselves, to study the Vedas and Puranas and the ancient annals of India, and from these make it our life’s sadhana to write accurate , sympathetic and soul inspiring histories of the land. It is for the Indians to write history. ( The life of Swami Vivekananda by his Eastern and Western Disciples. Second edition. Calcutta: Advaita Ashram, 1960.. pp. 213-14.. pp. 214)
”നമുക്കായി ചരിത്രഗവേഷണത്തിന്റെ ഒരു സ്വതന്ത്ര പാത ഇപ്പോള്‍ നാം വെട്ടിത്തുറന്നുകൊണ്ടിരിക്കുന്നു, വേദ, പുരാണങ്ങള്‍ പഠിക്കുകയും ഭാരതത്തിന്റെ പൗരാണിക ഏടുകള്‍ അദ്ധ്യയനം ചെയ്യുകയും ചെയ്യുന്നതിലൂടെ ഈ രാഷ്‌ട്രത്തിന്റെ കൃത്യവും അനുഭാവപൂര്‍ണ്ണവും ആത്മപ്രേരകവുമായ ചരിത്രം രചിക്കുക എന്നത് നമ്മുടെ ജീവിത സാധനയായി മാറ്റണം.”
സത്യത്തെ തമസ്‌കരിച്ചവര്‍
നമ്മുടെ ഉള്ളില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്നതിനും ഭരണാധികാരികളായ ഇംഗ്ലീഷ് ഉദ്യോഗസ്ഥരെക്കുറിച്ച് ശ്രേഷ്ഠതാബോധം ഉണ്ടാക്കാനും വേണ്ടിയാണല്ലോ ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ സ്വാമിജി സൂചിപ്പിച്ചതുപോലെയുള്ള ‘അപദാനകഥകള്‍’ നമ്മെ പഠിപ്പിച്ചത്. അവരുടെ ഗൂഢോദ്ദേശ്യത്തെ വെളിവാക്കുന്നതാണ് ഭാരതത്തെ ചരിത്രമെഴുതാന്‍ പഠിപ്പിച്ച മാന്യനെന്ന് ഇടത്-ലിബറല്‍ ചരിത്രകാരന്മാര്‍ കൊണ്ടാടി പോരുന്ന ജെയിംസ് മില്ലിന്റെ ഈ വാക്കുകള്‍;“A duly qualified man can obtain more knowledge of India in one year in his closet in England than he could obtain during the course of the longest life, by the use of his eyes and ears in India.
‘ഇംഗ്ലണ്ടിലെ സ്വന്തം പുസ്തക അലമാരയുടെ മുന്നിലിരുന്ന് വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ള ഒരുവന് ഭാരതത്തില്‍ അതിദൈര്‍ഘ്യമേറിയ തന്റെ ജീവിതകാലം കൊണ്ട് നേടാന്‍ കഴിയുന്നതിനേക്കാള്‍ അറിവ് നിഷ്പ്രയാസം സ്വായത്തമാക്കാന്‍ സാധിക്കും”
ഭാരതത്തെ ഇകഴ്‌ത്തി കാണിക്കുക എന്ന ഒരേ ഒരു ഉദ്ദേശ്യമായിരുന്നു മില്ലിനും കൂട്ടര്‍ക്കുമുണ്ടായിരുന്നത്. സ്വാമിജി തിരിച്ചറിഞ്ഞതുപോലെ ഈ ഹീനതയെ മനസ്സിലാക്കുകയും ധൈഷണികമായി തിരിച്ചടിക്കുകയും ചെയ്ത ഒട്ടേറെ ദേശീയ ചരിത്രകാരന്മാര്‍ അക്കാലത്തുതന്നെ മുന്നോട്ടുവന്നിരുന്നു. ആര്‍.സി. മജുംദാര്‍, യദുനാഥ് സര്‍ക്കാര്‍, സര്‍ദാര്‍ കെ. എം പണിക്കര്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. പക്ഷേ അവരുടെ രചനകള്‍ മാത്രമല്ല, അവരെക്കുറിച്ചുള്ള സ്മരണ പോലും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണത്തിലെത്തിയവര്‍ക്ക് ചതുര്‍ത്ഥിയായിരുന്നല്ലോ. അതുകൊണ്ടാണല്ലോ ആര്‍.സി. മജുംദാറിന്റെ നേതൃത്വത്തിലുള്ള ചരിത്രരചനാ വിഭാഗത്തെത്തന്നെ നെഹ്‌റു സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
ചരിത്രമെഴുത്തിലെ ദേശീയസ്വാധീനം നിശ്ശേഷം ഇല്ലാതാക്കി, ആ സ്ഥാനത്ത് ഇസ്ലാമിക ഇടത്-ദേശവിരുദ്ധ ആശയത്തെ പ്രതിഷ്ഠിക്കുന്നതിലായിരുന്നു സ്വയം ഇംഗ്ലീഷുകാരനായും മുസ്ലീമായും കമ്മ്യൂണിസ്റ്റായും അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്നതില്‍ അഭിരമിക്കുന്ന വിചിത്ര മനസ്സിന്റെ ഉടമസ്ഥനായ അദ്ദേഹത്തിന്റെ താല്‍പര്യം. ഇതിനെ അരക്കിട്ടുറപ്പിക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ഓരോ പെരുമാറ്റവും. മജുംദാറിന് പകരമായി സ്വാതന്ത്ര്യസമര ചരിത്രമെഴുതാന്‍ നെഹ്‌റു നിയോഗിച്ചത് ഇടതുചിന്തകനായ താരാചന്ദ് എന്ന ബ്യൂറോക്രാറ്റിനെയായിരുന്നു എന്നത് ഒരു കേവല യാദൃച്ഛികത ആയിരുന്നില്ല.. ഇതുപോലെതന്നെയായിരുന്നു സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ് കോണ്‍ഗ്രസ്സ് നേതൃത്വം യദുനാഥ് സര്‍ക്കാറിനെ അവഗണിച്ചതും ഖിലാഫത്ത് നേതാവായ മൗലാന മുഹമ്മദ് അലിയുടെ ഉറ്റ സുഹൃത്തായ മുഹമ്മദ് ഹബീബിനെ (ഐസിഎച്ച്ആറിനെ പോലും ഇസ്ലാമീകരിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബിന്റെ പിതാവ്) കോണ്‍ഗ്രസ്സിന്റെ ചരിത്രോപദേഷ്ടാവാക്കിയതും.
ഭാരതത്തിന്റെ മധ്യകാലചരിത്രം ഇസ്ലാമിക ക്രൂരതയുടെ അധിനിവേശത്തിന്റെയും ഹീനമായ മതപീഡനങ്ങളുടെയും കാലമായിരുന്നുവെന്ന് ആധികാരികമായ ചരിത്ര രേഖകളുടെ പിന്‍ബലത്തോടെ സമര്‍പ്പിച്ചുവെന്നതായിരുന്നു യദുനാഥ് സര്‍ക്കാറില്‍ കോണ്‍ഗ്രസ്സ് കണ്ട ദോഷം. എന്നാല്‍ അറംഗസീബിനോളം മതേതര പുരോഗമനവാദിയായ മറ്റൊരു രാജാവിനെ ഭാരതം കണ്ടിട്ടില്ലെന്ന മട്ടില്‍ ചരിത്രത്തെ തിരുത്തിയെഴുതിയ ആള്‍ എന്നായിരുന്നു ഹബീബില്‍ മോത്തിലാല്‍ നെഹ്‌റു ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതൃത്വം കണ്ട യോഗ്യത.
തനിമയെ നിരാകരിച്ചും സത്യത്തെ അവഗണിച്ചും എഴുതപ്പെട്ട ചരിത്രം നമ്മുടെ നാടിന്റെ ഔദ്യോഗിക പാഠപുസ്തകങ്ങളില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. ഈ വികല ആഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളെ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ശരിയായ രീതിയിലുള്ള ചരിത്രം, അതായത് മറയ്‌ക്കപ്പെട്ടതും മറക്കപ്പെട്ടതുമായ ചരിത്ര സംഭവങ്ങള്‍ സമൂഹം ചര്‍ച്ചചെയ്യണം. അവഗണിക്കപ്പെട്ട ധീരനായകന്മാരും നായികമാരും കൊണ്ടാടപ്പെടണം. അതിനാവശ്യമായ സജ്ജീകരണങ്ങളാണ് ഉണ്ടാകേണ്ടത്.
കച്ചവടത്തിന്റെ മറവില്‍ മതസാമ്രാജ്യം
പാശ്ചാത്യര്‍ ഭാരതത്തിലേക്ക് കടന്നുവന്നതിന്റെ ഉദ്ദേശ്യം കേവലം കച്ചവടമായിരുന്നില്ല എന്ന വസ്തുത ലോകത്തോട് വിളിച്ച് പറയാന്‍ ഈ അമൃതോത്സവവേളയിലെങ്കിലും സാധിക്കണം. ഭാരതത്തിലെ സമൃദ്ധമായ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനോടൊപ്പം ക്രൈസ്തവ സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നത് പാശ്ചാത്യ കടന്നുവരവിന് കാരണമായിരുന്നു. 1494 ജൂണ്‍ 7 ന് സ്‌പെയ്‌നിലെ ടോര്‍ഡ്‌സിലസില്‍ വച്ച് മാര്‍പ്പാപ്പയുടെ അദ്ധ്യക്ഷതയില്‍ ഭൂമിയെ രണ്ട് ക്രൈസ്തവ സാമ്രാജ്യങ്ങള്‍ക്കായി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവ, പകുത്ത്‌കൊടുത്തതിന് ശേഷമാണല്ലോ കൊളോണിയല്‍വല്‍ക്കരണം പാശ്ചാത്യര്‍ ആരംഭിച്ചത്. പറങ്കിപ്പട വാസ്‌ക്കോഡഗാമയുടെ നേത്യത്വത്തില്‍ 1498 മെയ് 20ന് കോഴിക്കോട് കടപ്പുറത്ത് വന്നിറങ്ങിയത് നിരുപദ്രവകരമായ കച്ചവടത്തിന് മാത്രമായിരുന്നുവെങ്കില്‍ മതപുരോഹിതരെ കൂടെ കൊണ്ടുവന്നത് എന്തിനായിരുന്നു?
‘അതിഥി ദേവോ ഭവ’ എന്ന ഹൈന്ദവതത്ത്വത്തെ മുറുകെ പിടിക്കുന്ന ഭരണാധികാരി എന്ന നിലയില്‍ സാമൂതിരി പറങ്കികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തെങ്കിലും എപ്പോഴാണോ അവരുടെ വരവിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ബോധ്യപ്പെട്ടത്, അപ്പോള്‍ തന്നെ ദേശാഭിമാനികളായ ജനങ്ങള്‍ അവരോട് അതേ നാണയത്തില്‍ പ്രതികരിച്ചുതുടങ്ങി. പറഞ്ഞതിന്റെ പൊരുള്‍ ഭാരതീയ സ്വാതന്ത്ര്യ സമരം സമീപകാലത്ത് ഇംഗ്ലീഷുകാരുടെ ഔദാര്യം കൊണ്ടു തുടങ്ങിയതല്ല എന്നര്‍ത്ഥം. ഭാരതത്തിലെമ്പാടും ഇതുതന്നെ ആയിരുന്നു സ്ഥിതിയെന്നും പാശ്ചാത്യര്‍ എത്തിച്ചേര്‍ന്ന ഓരോ സ്ഥലത്തെയും പ്രാദേശിക ചരിത്രം വരമൊഴിയും വായ്‌മൊഴിയുമായി ഇന്നും പ്രചരിക്കുന്നത് പരിശോധിച്ചാല്‍ മനസ്സിലാക്കാം. ആ പ്രതികരണങ്ങള്‍ ഒരിക്കല്‍ ആരംഭിച്ചത് എന്തെങ്കിലും തുച്ഛമായ കാരണങ്ങള്‍ കൊണ്ട് കെട്ടുപോയിട്ടില്ലെന്നും തുടര്‍ച്ചയായി ആ തീ കത്തികൊണ്ടിരുന്നുവെന്നും അതിലൂടെ മനസ്സിലാക്കാം. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം തുടര്‍ച്ചയായി നടന്ന പ്രതിഭാസമായിരുന്നു എന്നര്‍ത്ഥം.
സ്വാതന്ത്ര്യം സ്വധര്‍മ്മ സംരക്ഷണം
നമ്മുടെ സ്വാതന്ത്ര്യസമരം സവിശേഷമാകുന്നത് അതിന്റെ പ്രേരണ കേവലം രാഷ്‌ട്രീയ അധികാരമല്ലായിരുന്നു എന്നതുകൊണ്ടാണ്. വരത്തനോട് എതിര്‍ത്തു നില്‍ക്കുവാന്‍ നമ്മെ പ്രേരിപ്പിച്ചതും നമ്മുടെ ‘സ്വധര്‍മ്മം’ തന്നെയായിരുന്നു എന്നതാണ് സത്യം. ആ വസ്തുത മഹാത്മാഗാന്ധിജിയും മഹര്‍ഷി അരവിന്ദനും ആവര്‍ത്തിച്ചിട്ടുണ്ട്. തന്റെ സ്വദേശി സങ്കല്‍പ്പം വിശദീകരിക്കേണ്ടി വന്നപ്പോഴൊക്കെയും ഭഗവദ് ഗീതയിലെ പ്രസിദ്ധമായ സ്വധര്‍മ്മാനുഷ്ഠാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ശ്ലോകം ഗാന്ധിജി ഉദ്ധരിക്കുമായിരുന്നു
”ശ്രേയാന്‍ സ്വധര്‍മ്മോ വിഗുണഃ
പരധര്‍മാദ് സ്വനുഷ്ടിതാദ്
സ്വധര്‍മ്മേ നിധനം ശ്രേയഃ
പരധര്‍മ്മോ ഭയാവഹ” (3-35)
മഹര്‍ഷിഅരവിന്ദന്‍ സ്വദേശിയേയും സ്വരാജിനെയും നിര്‍വ്വചിക്കുമ്പോള്‍ ഈ സത്യത്തെ ഇങ്ങനെയാണ് വര്‍ണിച്ചിട്ടുള്ളത്
സര്‍വ്വം പരവശം ദുഃഖം
സര്‍വ്വം ആത്മവശം സുഖം
എല്ലാം പരനാല്‍ നിയന്ത്രിക്കപ്പെടുന്നത് ദു:ഖത്തിനും എല്ലാം അത്മവശമാകുന്നത് (സ്വനിയ്രന്തണത്തില്‍ ആകുന്നത്) സുഖത്തിനും കാരണമാകുന്നു. സ്വാതന്ത്ര്യം എന്ന വാക്കിന്റെ തന്നെ ലളിതമായ അര്‍ത്ഥം സ്വത്വത്തിന് അനുസൃതമായ തന്ത്രം എന്നാണല്ലോ. അങ്ങനെ വരുമ്പോള്‍ സ്വത്വം അഥവാ നമ്മുടെ തനിമയാണ് സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണയും പ്രയോഗവും. ഉണരുന്ന ഭാരതാത്മാവ് ( The Awakening Soul of India) എന്ന പ്രേരണാദായകമായ ലേഖനത്തില്‍ മഹര്‍ഷി അരവിന്ദന്‍ ഇത് കൂടുതല്‍ സ്പഷ്ടമാക്കുന്നുണ്ട്.
“The task we set before ourselves is not mechanical but moral and spiritual. We aim not at the alteration of a form of government but at the building up of a nation. Of that task politics is a part, but only a part. We shall devote ourselves not to politics alone, nor to social questions alone, nor to theology or philosophy or literature or science by themselves, but we include all these in one entity which we believe to be all-important, the Dharma, the national religion which we also believe to be universal. There is a mighty law of life, a great principle of human evolution, a body of spiritual knowledge and experience of which India has always been destined to be guardian, exemplar and missionary. This is the Sanatana Dharma the eternal religion. Under the stress of alien impacts she has largely lost hold not of the structure of that Dharma but of its living reality. For the religion of India is nothing if it is not lived. It has to be applied not only to life, but to the whole of life; its spirit has to enter into and mould our society, our politics, our literature, our science, our individual character, affections and aspirations.” (Sri Aurobindo: The Awakening Soul of India)..
നമുക്ക് മുന്നില്‍ നാം വച്ചിട്ടുള്ള ദൗത്യം യാന്ത്രികമായ ഒന്നല്ല. പകരം ധാര്‍മികവും അധ്യാത്മികവുമാണ്. നാം ലക്ഷ്യമാക്കുന്നത് ഒരു ഭരണകൂടത്തിന്റെ കേവലമായ രൂപപരിണാമമല്ല പകരം ഒരു രാഷ്‌ട്ര നിര്‍മ്മിതിയെ തന്നെയാണ്. ആ ദൗത്യത്തില്‍ രാഷ്‌ട്രീയം ഒരു ഭാഗമാണ്. പക്ഷേ ഒരു ഭാഗം മാത്രം. നാം നമ്മെ സമര്‍പ്പിക്കുന്നത് രാഷ്‌ട്രീയത്തിനായി മാത്രമല്ല. സാമൂഹ്യ സമസ്യകള്‍ക്കോ ദര്‍ശനത്തിനോ സാഹിത്യത്തിനോ ശാസ്ത്രത്തിനോ മാത്രമായല്ല നാം സ്വയം സമര്‍പ്പിച്ചിട്ടുള്ളത്, ഇവയെ എല്ലാം പരമപ്രധാനമെന്ന് വിശ്വസിക്കുന്ന ഒരു സത്തയില്‍ അഥവാ ധര്‍മ്മത്തില്‍ നാം ഉള്‍പ്പെടുത്തിയിരിക്കുന്നു, അതാകട്ടെ സാര്‍വ്വലൗകീകം എന്ന് നാം വിശ്വസിക്കുന്ന ദേശീയമതം തന്നെയാകുന്നു. ജീവിതത്തിന്റെ കരുത്താര്‍ന്ന ഒരു നിയമമുണ്ട്, മാനവ പരിണാമത്തിന്റെ മഹാസിദ്ധാന്തം. ഭാരതം എക്കാലത്തും കാത്തുസൂക്ഷിക്കുന്ന, മാതൃകയും ദൗത്യവുമായി കാണുന്ന അദ്ധ്യാത്മിക വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ശേഖരം. ഇതാണ് ചിരന്തനമായ മതം, അഥവാ സനാതന ധര്‍മ്മം. പരധര്‍മ്മാധിനിവേശത്തിന്റെ സമ്മര്‍ദ്ദത്തില്‍ പെട്ട് നമുക്ക് നഷ്ടപ്പെട്ടത് ആ ധര്‍മ്മത്തിന്റെ ഘടനയല്ല, മറിച്ച് അതിന്റെ ജീവിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജീവിക്കുന്നില്ലെങ്കില്‍ ഭാരതീയ ധര്‍മ്മം പിന്നെ ഒന്നുമല്ല. അത് ജീവിതത്തിന്റെ ഒരു അംശത്തിലല്ല പ്രയോഗിക്കേണ്ടത്, ജീവിതത്തില്‍ പരിപൂര്‍ണ്ണമായാണ്. അതിന്റെ ആന്തരതത്വം നമ്മുടെ സമൂഹത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയും സമൂഹത്തേയും രാഷ്‌ട്രത്തെയും സാഹിത്യത്തെയും ശാസ്ത്രത്തെയും നമ്മുടെ വൃക്തിപരമായ സ്വഭാവത്തെയും താല്‍പ്പര്യങ്ങളെയും അഭിനിവേശങ്ങളെയും വാര്‍ത്തെടുക്കുകയും വേണം (ശ്രീ. അരവിന്ദന്‍-ദി എവേക്കനിങ്ങ് സോള്‍ ഓഫ് ഇന്ത്യ)
ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയനവോത്ഥാനത്തിന്റെയും ഉള്ളടക്കം ഹിന്ദുത്വം അഥവ രാഷ്‌ട്രത്തനിമ ആയിരുന്നുവെന്ന കാര്യത്തില്‍ മഹര്‍ഷി അരവിന്ദനും, സ്വാമി വിവേകാനന്ദനും ലോകമാന്യ തിലകനും ലവലേശം സംശയം ഉണ്ടായിരുന്നില്ല. പക്ഷേ ആ വസ്തുതയെ നിഷേധിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്ന ചരിത്ര രചനാ സമ്പ്രദായം ഔദ്യോഗിക മേഖലയില്‍ ഇന്നും തുടരുന്നുവെന്നതാണ് ഒരു രാഷ്‌ട്രം എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
തിരിച്ചറിവിന്റെ ഉത്സവകാലം
സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ ഏടും സസൂക്ഷ്മം പുനര്‍വായനയ്‌ക്ക് വിധേയമാക്കുമ്പോള്‍ നേരത്തെ സൂചിപ്പിച്ച സമരത്തിന്റെ കാലദൈര്‍ഘ്യം നൈരന്തര്യം, വ്യാപകത്വം, സര്‍വ്വ സ്പര്‍ശിത്വം, ബഹുമുഖത്വം, സര്‍വ്വോപരി ‘സ്വത്വത്തിന്റെ’ പ്രേരണ ഇതെല്ലാം വളരെ വ്യക്തമായി നമുക്ക് ബോധ്യപ്പെടും. 15-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ പറങ്കികള്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പായാലും 1764ല്‍ പോണ്ടിച്ചേരി കീഴടക്കി കൊണ്ട് ഫ്രഞ്ചുകാര്‍ നടത്തിയ അധിനിവേശത്തിനെതിരെ നടന്ന നിരന്തരപോരാട്ടമായാലും 17-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ തെക്കന്‍ തീരങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ച ഡച്ചുകാര്‍ക്ക് എതിരെയുള്ള പ്രത്യാക്രമണങ്ങളായാലും പിന്നീട് വേലുത്തമ്പി ദളവയുടെയും കേരളവര്‍മ്മ പഴശ്ശിതമ്പുരാന്റേയും പാലിയത്തച്ഛന്റേയും ചെമ്പില്‍ അരയന്റെയും തലയ്‌ക്കല്‍ ചന്തുവിന്റേയും ഒക്കെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങളായാലും എല്ലാം ഒരുപോലെ നേരത്തെ പറഞ്ഞ സത്യത്തെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നവയാണ്. ഈ നാടിന്റെ ചിരപുരാതനമായ കീഴ്‌വഴക്കങ്ങള്‍ക്കും ആചാരഅനുഷ്ഠാനങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരെയുള്ള കടന്നാക്രമണമായിട്ടാണ് കോളനിവല്‍ക്കരണത്തെ ദേശഭക്തരായ ജനങ്ങള്‍ കണ്ടത്. വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരവും തമിഴ്‌നാട്ടിലെ ശിവഗംഗ പ്രദേശത്ത് മരുത് സഹോദരന്‍മാരുടെ ജംബുദ്വീപ് വിളംബരവും ‘സ്വത്വത്തെ സാക്ഷാത്കരിക്കുന്നതിനായാണ് ഞാന്‍ പരധര്‍മ്മികളായ ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടുന്നത്’ എന്ന ഝാന്‍സി റാണിയുടെ പ്രഖ്യാപനവും പുരി ജഗന്നാഥനെ കൊടിയടയാളമാക്കിക്കൊണ്ട് അതിദീര്‍ഘകാലം ബ്രിട്ടീഷുകാര്‍ക്കെതിരെ ഒറീസയില്‍ നടന്ന പൈക്ക വിപ്ലവവുമൊക്കെ അത്തരം സംഭവങ്ങളില്‍ ചിലതു മാത്രമാണ്.
കോളനിവത്കരണത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ നേരിട്ടും അല്ലാതെയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സത്യം പാശ്ചാത്യരുടെ ഭരണത്തിലൂടെ ഭാരതത്തിന് വളരെ അധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. കച്ചവടത്തിനായി വന്ന ‘വിദ്യാസമ്പന്നരും പുരോഗമനവാദികളും സര്‍വ്വോപരി നിയമ വാഴ്‌ച്ചയെ മാനിക്കുന്ന വിശാലഹൃദയരും’ ആയിരുന്നുപോലും ഇവിടേക്കെത്തിയ ഇംഗ്ലീഷുകാരും മറ്റും! ഇവിടെ ഉണ്ടായിരുന്ന ഭാരതീയരുടെ പിന്നാക്കാവസ്ഥയും തമ്മില്‍ത്തല്ലും കണ്ട് മനസ്സലിഞ്ഞുപോയ സായിപ്പന്മാര്‍ നമ്മെ നന്നാക്കാനായിട്ടാണത്രേ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കിയത്. ആ പരിഷ്‌കരണപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഭാരതത്തെ അവര്‍ ഒന്നാക്കിയതെന്നും നിര്‍ലജ്ജം ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു.
തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യത്തിനും സാമ്രാജ്യവിപുലീകരണത്തിനും ഉതകുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും ഇംഗ്ലീഷുകാരോ മറ്റു പാശ്ചാത്യരോ ഇവിടെ ചെയ്തിട്ടില്ല എന്ന സത്യം സമൂഹം തിരിച്ചറിയാന്‍ ഈ മഹോത്സവ കാലത്തെങ്കിലും തയ്യാറാകണം. നീതിനിയമങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാത്ത ക്രൂരതയുടെ പര്യായങ്ങള്‍ ആയിരുന്നു കൊളോണിയല്‍ ഭരണാധികാരികള്‍ എന്ന വസ്തുത ശരിയായ ചരിത്രപഠനങ്ങളിലൂടെ ഏതൊരാള്‍ക്കും ബോധ്യപ്പെടും. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഏതെങ്കിലും ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥന്റെ കൈപ്പിഴയോ അമിതാവേശമോ ആയിരുന്നില്ല. രാജസ്ഥാനിലെ ബാസ്വാലയ്‌ക്കു സമീപമുള്ള മാന്‍ഗറ്റ് മലനിരകളില്‍ പൂജ്യഗോവിന്ദഗുരുവിന്റെ അനുയായികളായ 1500 ല്‍ അധികം ദേശഭക്തരെയാണ് ബ്രിട്ടീഷ് പോലീസുകാര്‍ വളഞ്ഞുവെച്ച് വെടിവെച്ച് കൊന്നുകളഞ്ഞത്. ഇതേപോലെതന്നെയാണ് ഒറീസയിലെ ഇറം കൂട്ടക്കൊല. ഇന്ന് തദ്ദേശീയര്‍ ആ പ്രദേശത്തെ രക്തതീര്‍ത്ഥ ഇറം എന്നാണ് വിളിച്ചാരാധിക്കുന്നത്.
ഇടതു-ലിബറല്‍ ചരിത്രകാരന്മാരുടെ ‘ദയാലു’ക്കളായ ബ്രിട്ടീഷുകാര്‍ ചെയ്ത ഇത്തരം കണ്ണില്‍ചോരയില്ലാത്ത ക്രൂരതകള്‍ ലോകത്തോട് വിളിച്ചുപറയാനുള്ള അവസരം കൂടിയാണിത്. ചെയ്തുപോയ കൊടുക്രൂരതകളിലെ പേരില്‍ ഇന്നത്തെ ബ്രിട്ടീഷ് ഭരണനേതൃത്വം ഭാരതത്തോട് മാപ്പുപറയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം കല, സാഹിത്യം, സിനിമ, വിദ്യാഭ്യാസം, ശാസ്ത്രം, കൃഷി, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളെയും ശരിയായ അര്‍ത്ഥത്തില്‍ ഭാരതീയമാക്കുന്നതിനായി നടന്ന പരിശ്രമങ്ങളേയും വെളിച്ചത്ത് കൊണ്ടുവരേണ്ടിയിരിക്കുന്നു.
കലയുടെ മേഖലയില്‍ അബനീന്ദ്രനാഥ ടാഗോറും നന്ദുലാല്‍ ബോസ്സും രവി വര്‍മ്മയുമൊക്കെ നടത്തിയത് യഥാര്‍ത്ഥ വിമോചനപോരാട്ടം തന്നെയായിരുന്നു. സാഹിത്യരംഗത്ത് ബങ്കിം ചന്ദ്രനും രവീന്ദ്രനാഥ ടാഗോറും വള്ളത്തോളും നേതൃത്വം കൊടുത്തത് സ്വാതന്ത്ര്യ സമരത്തിന് തന്നെയായിരുന്നു. ദാദസാഹിബ് ഫല്‍ക്കെ ഭാരതീയ സിനിമയ്‌ക്ക് ഹരിശ്ചന്ദ്രയിലൂടെ തുടക്കം കുറിച്ചത് ഒരു മുക്തി സംഘര്‍ഷം തന്നെയായിരുന്നു. ദേശീയ നാടകവേദി രൂപപ്പെടുത്തികൊണ്ട്. നവഗോപാല്‍മിത്രയും ഗിരീഷ് ചന്ദ്രബോസും ദീനബന്ധുമിത്രയും മഹാരാഷ്‌ട്രത്തിലെ വി. ജെ. കീര്‍ത്തനെയുമൊക്കെ ചേര്‍ന്ന് പ്രോദ്ഘാടനം ചെയ്തത് നാടകരംഗത്തിലൂടെയുള്ള സ്വാതന്ത്ര്യസമരം തന്നെയായിരുന്നു.
മഹാരാഷ്‌ട്ര എഡ്യുകേഷന്‍ സൊസൈറ്റി, ഡക്കാന്‍ എഡ്യുകേഷന്‍ സൊസൈറ്റി, ശാന്തിനികേതന്‍ ഇവയിലൂടെ വിദ്യാഭ്യാസമേഖലയിലെ ഉയര്‍ത്തേഴുന്നേല്‍പ്പ് നടന്നതും സ്വാതന്ത്ര്യത്തെ ലക്ഷ്യമാക്കിത്തന്നെയായിരുന്നു. ആചാര്യന്‍ പ്രഫുല്ലചന്ദ്രറേ ഹിന്ദുകെമിസ്ട്രി എഴുതിയതും വിഭൂതിഭൂഷന്‍ ദത്ത (സ്വാമി വിദ്യാരണ്യ), അവധേശ് നാരായണ്‍ സിങ് എന്നിവര്‍ ചേര്‍ന്ന് ഹിസ്റ്ററി ഓഫ് ഹിന്ദു മാത്തമാറ്റിക്‌സ് എന്ന് ഗ്രന്ഥം സംഗ്രഹിച്ചതും കാശിപ്രസാദ് ജെയ്‌സ്വാള്‍ ഹിന്ദു പൊളിറ്റിക്‌സ് എഴുതിയതുമൊക്കെ ശാസ്ത്രമേഖലയെ ‘സ്വത്വ’ കേന്ദ്രിതമായി ഉയര്‍ത്തേഴുന്നേല്‍പ്പിക്കുന്നതിനും അതുവഴി സ്വാതന്ത്ര്യലബ്ധിയെ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു.
സ്വാതന്ത്ര്യസമരത്തെ ഋജുവായി അപഗ്രഥനം ചെയ്യുകയും പുനര്‍രചന നടത്തുകയും ചെയ്യുമ്പോള്‍ എത്തിച്ചേരാന്‍ കഴിയുന്ന നിഗമനങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
1. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം സുദീര്‍ഘമായിരുന്നു.
2. അത് നാള്‍ തോറും ശക്തിപ്പെട്ടുവരികയും ഇടമുറിയാതെ നടന്നതുമായിരുന്നു.
3. അതിന്റെ പ്രേരണ നമ്മുടെ ”സ്വത്വം” അഥവ ഹിന്ദുത്വമായിരുന്നു.
4. അത് ആ സേതുഹിമാചലം സര്‍വ്വമേഖലകളേയും സ്പര്‍ശിച്ചു.
5. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം അതില്‍ ഉണ്ടായിരുന്നു.
6. അധിനിവേശം ബഹമുഖമായിരുന്നതു പോലെ ഭാരതത്തിന്റെ പ്രതികരണവും ബഹുമുഖമായിരുന്നു.
7. കോളോണിയല്‍ വാഴ്ച നീതിനിഷേധത്തിന്റെയും ക്രൂരതയുടേയും ചൂഷ്ണത്തിന്റെയും കാലമായിരുന്നു.
8. സ്വാതന്ത്ര്യ സമരം അതിന്റെ യഥാര്‍ത്ഥ പ്രേരണാക്രേന്ദ്രമായ സ്വത്വത്തില്‍ നിന്ന് പില്‍ക്കാലത്ത് അകന്നതുകൊണ്ട് വിഭജനം ഉള്‍പ്പെടെയുള്ള വിനാശകാരിയായ പരിണാമങ്ങള്‍ ഉണ്ടായി.
നമ്മുടെ സ്വാതന്ത്ര്യസമരം അദ്വിതീയവും ഐതിഹാസികവും ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം വസ്തുനിഷ്ഠമായി സംവദിക്കപ്പെടുന്ന ഒരു ഉണര്‍വിന്റെ കാലമായി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം മാറട്ടേ എന്ന് നമുക്ക് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: