കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവാവിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോയ ശേഷം വിട്ടയച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. ആളുകൾ നോക്കിനിൽക്കെ ഹനീഫയെ കാറിലേക്കു വലിച്ചുകയറ്റി അതിവേഗം ഓടിച്ചുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
ശനിയാഴ്ച രാത്രിയാണ് യുവാവിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. മർദ്ദനമേറ്റ ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതെങ്കിലും വിധത്തില്‍ ഹനീഫ് കള്ളക്കടത്ത്കാരുടെ ക്യാരിയറായി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിച്ച് വരുന്നത്. നേരത്തെ കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായ അഷ്‌റഫിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ഇതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സംഘം തന്നെയാണ് ഹനീഫയേയും തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം.
അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഘവുമായി ഹനീഫ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്നു തന്നെ സമാനമായ തട്ടിക്കൊണ്ടു പോകല്‍ നടന്ന സാഹചര്യത്തിലാണ് സ്വര്‍ണ്ണക്കടത്ത് ബന്ധത്തിലേയ്‌ക്ക് സംശയം നീളുന്നത്. ഈ കേസിലും കസ്റ്റംസിന്റെ ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: