കോഴിക്കോട്: 1921ലെ മാപ്പിള കലാപത്തിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അക്കാദമിക രംഗത്തെ പ്രമുഖരുടെയും ചരിത്രകാരന്മാരുടെയും കൂട്ടായ്മ. ശതാബ്ദി ആചരണത്തിന്റെ ഭാഗമായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണ് തമസ്‌കരിക്കപ്പെട്ട ചരിത്ര വസ്തുതകള്‍ കണ്ടെത്താനുള്ള ശ്രമം.
കലാപവും അതിന്റെ കാരണങ്ങളും, കലാപാനന്തര മലബാര്‍, കലാപം സൃഷ്ടിച്ച സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എന്നിവയും പഠനവിധേയമാക്കും. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. 19ന് രാവിലെ 10ന് കോഴിക്കോട്ട് നടക്കുന്ന വര്‍ഷാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി.വി.കെ. നെടുങ്ങാടി എഴുതിയ മലബാര്‍ കലാപം മാപ്പിള ലഹളയോ സ്വാതന്ത്ര്യസമരമോ, പി. മാധവ്ജിയുടെ ദുരവസ്ഥപഠനം, കാവാലം ജയകൃഷ്ണന്റെ ദുരവസ്ഥ വ്യാഖ്യാനം, പ്രമുഖ പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ എഴുതിയ വാരിയന്‍കുന്നന്റെ കശാപ്പുശാല എന്നീ കുരുക്ഷേത്ര പ്രസിദ്ധീകരണങ്ങളും ആര്യസമാജവും മലബാറും എന്ന പുസ്തകവുമാണ് അന്ന് പ്രകാശനം ചെയ്യുന്നത് .
ഏകപക്ഷീയവും വളച്ചൊടിക്കപ്പെട്ടതുമായ ചരിത്ര പഠനങ്ങളാണ് നിലവിലുള്ളത്. അത് വസ്തുതകളെ തമസ്‌കരിക്കുകയായിരുന്നു, ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗവും കോട്ടയം സിഎംഎസ് കോളജ് ചരിത്ര വിഭാഗം മുന്‍തലവനുമായ ഡോ.സി.ഐ. ഐസക് പറഞ്ഞു. സാമുദായിക ധ്രുവീകരണത്തിനും താത്കാലിക രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. ഇടത് അനുകൂല ചരിത്രകാരന്മാരാണ് ഇതിന് തുടക്കം കുറിച്ചത്. ഇസ്ലാമിക ചരിത്രകാരന്മാര്‍ ഇത് പിന്തുടരുകയാണ് ചെയ്തത്. ചരിത്ര ഗവേഷണ രംഗത്തെ തങ്ങളുടെ സ്വന്തം താത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു. സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ഗവേഷണ പഠനങ്ങള്‍ക്ക് സമിതി നേതൃത്വം നല്കും, അദ്ദേഹം പറഞ്ഞു. പ്രൊഫ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. എം.പി. അജിത്കുമാര്‍, ഡോ.എസ്. ഉമാ ദേവി, ഡോ.കെ. ജയപ്രസാദ്, ഡോ.ഇ. ബാലകൃഷ്ണന്‍, ഡോ. സുമതി ഹരിദാസ്, പ്രൊഫ. ചന്ദ്രകുമാരി, തിരൂര്‍ ദിനേശ്, പ്രൊഫ.കെ.പി. സോമരാജ്, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ഇതിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക