കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂളും താലിബാന്‍ വളഞ്ഞതായി റിപ്പോര്‍ട്ട്. കാബൂളില്‍ നിന്ന് 80 മൈല്‍ മാത്രം അകലെയുള്ള ജലാലാബാദും പിടിച്ചെടുത്തതോടെ താലിബാന്‍ കാബൂളിലേക്കും നീങ്ങുകയായിരുന്നു.
അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം വക്താവാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം നടത്തിയത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതിര്‍ത്തിയില്‍ നിലയുറപ്പിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു. ഇതോടെ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുന്നെന്നും റിപ്പോര്‍ട്ടുണ്ട്. കാബൂളിന്റെ നാല് ഭാഗങ്ങളും താലിബാന്‍ വളഞ്ഞതായാണ് സൂചന.
ആക്രമണത്തിന് ഉദ്ദേശമില്ല. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. നഗരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സുരക്ഷിതമായ വഴിയൊരുക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയതായി താലിബാന്‍ വക്താവിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ആരും പലായനം ചെയ്യേണ്ട കാര്യമില്ലെന്നും താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് വ്യക്തമാക്കി. ജലാലാബാദ്, മസാരേ ശരീഫ് നഗരങ്ങള്‍ പിടിച്ച താലിബാന്‍ കാബൂളിലേക്കുള്ള പാതകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. മിക്കയിടത്തും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.
അതിനിടെ യുഎസ് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിച്ചു തീരും വരെ കാബൂളില്‍ പ്രവേശിക്കരുത് എന്നാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ മുന്നറിയിപ്പ് നല്‍കി. പ്രത്യേക വിമാനങ്ങളില്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. ഇതിനായി സൈന്യത്തെ നേരത്തെ തന്നെ അഫ്ഗാനിലേക്ക് അയച്ചു കഴിഞ്ഞു.
ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൂടി ഇരച്ചെത്തിയതോടെ വലിയ ദുരന്തത്തിന്റെ വക്കിലാണ് കാബൂള്‍. എല്ലാക്കാലത്തും അഫ്ഗാനില്‍ തുടരാന്‍ അമേരിക്കയ്‌ക്ക് കഴിയില്ലെന്നും ഈ യുദ്ധം തലമുറകളിലേക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. എത്ര വര്‍ഷം തുടര്‍ന്നാലും അഫ്ഗാനില്‍ അവസ്ഥ മാറാന്‍ പോകുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: