കോട്ടയം: സ്വാതന്ത്ര്യസമരസേനാനി, ഗാന്ധിയന്‍, ഹിന്ദി ഭാഷയുടെയും ഖാദിയുടെയും പ്രചാരകന്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപകരിലൊരാള്‍, അന്‍പത് വര്‍ഷക്കാലം ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ ജീവചൈതന്യം…. പറഞ്ഞു വരുന്നത് പണ്ഡിറ്റ് നാരായണ ദേവിനെകുറിച്ച്. കോട്ടയം ഗാന്ധിയെന്നറിയപ്പെട്ട അദ്ദേഹത്തിനായി ഒരു സ്മാരകം എന്ന സ്വപ്നം ഇന്നും അവശേഷിക്കുന്നു.
1998 ഡിസംബര്‍ 20നാണ് പണ്ഡിറ്റ് നാരായണ ദേവ് മരണമടയുന്നത്. തുടര്‍ന്നിങ്ങോട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുട്ടാത്ത വാതിലുകളില്ല. 2000ല്‍ ടി.കെ. രാമകൃഷ്ണന് സാംസ്കാരിക വകുപ്പ് മന്ത്രിയായിരിക്കെ കോട്ടയം വയസ്ക്കര കുന്നില്‍ ഒന്നര സെന്റ് സ്ഥലം സ്മാരകത്തിനായി കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രസ്തുത സ്ഥലം മറ്റൊരാളുടെ പേരിലുള്ള സ്മാരകത്തിനായി കൈമാറുമെന്ന വിവരമാണ് പിന്നീട് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത്. സ്മാരക നിര്‍മ്മാണത്തിനായി രൂപീകരിച്ച ആചാര്യരത്നം പണ്ഡിറ്റ് നാരായണദേവ് സ്മാരക നിര്‍മ്മാണ സമിതിയും കുടുംബാംഗങ്ങളും തുടര്‍ന്നുവന്ന സര്‍ക്കാരുകളെ സമീപിച്ചെങ്കിലും നടപടികളു ണ്ടായില്ല. ഇപ്പോള്‍ നാരായണ്‍ ദേവിന്റെ പേരില്‍ ഒരു റോഡ് മാത്രമാണ് കോട്ടയത്തു ള്ളത്. അദ്ദേഹത്തിന്റെ വീടിന് മുന്നിലൂടെ കടന്നുപോകുന്ന റോഡിനാണ് പേര് നല്‍കിയിരിക്കുന്നത്.
നാരായണന് നായര്‍ കോട്ടയം ഗാന്ധിയായത്…
കോട്ടയത്തെ കുടമാളൂരില്‍ 1909 നവംബര്‍ 16ന് ജനിച്ച നാരായണന് നായരാണ് പിന്നീട് പണ്ഡിറ്റ് നാരായണദേവ് ആയി മാറുന്നത്. വിദ്യാഭ്യാസത്തിനുശേഷം ഗാന്ധിജിയെ കാണുക എന്ന ലക്ഷ്യത്തോടെയാണ് 1927ല്‍ ദല്‍ഹിയിലെത്തിയത്. ഇവിടെവെച്ച് സാര്‍വദേശിക് ആര്യ പ്രതിനിധി സഭയുടെ ജ്യോതി പാഠശാലയില്‍ ചേരുകയായിരുന്നു. ഇതോടെ നാരായണന് നായര്‍ നാരായണദേവ് ആയി. ലാഹോര്‍, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ തുടര്‍വിദ്യാഭ്യാസം നടത്തി.
1928 മുതല്‍ ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരപ്രക്ഷോഭങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിയായി. 1929ല്‍ ലാഹോര്‍ കോണ്‍ഗ്രസില്‍ സന്നദ്ധ പ്രവര്‍ത്തകനായി. മഹാത്മാഗാന്ധിയെയയും നെഹ്റുവിനെയും നേരിട്ട് പരിചയപ്പെടുന്നത് ഇവിടെവെച്ചായിരുന്നു. ഇരുവരെയും വേദിയിലേക്ക് ആനയിക്കുകയും തിരിച്ച് വിശ്രമ കേന്ദ്രത്തില്‍ എത്തിക്കുകയുമായിരുന്നു അന്നത്തെ ദൗത്യം. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പു കുറുക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ റാവി നദീ തീരത്തു നടന്ന ഉപ്പു കുറുക്കല്‍ സമരത്തില്‍ പങ്കെടുത്തതോടെയാണ് നാരായണദേവ് കേരളക്കരയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 1934 വരെ ഉത്തരേന്ത്യയില്‍ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിദ്ധ്യമായി അദ്ദേഹം. ഭഗത് സിങ്ങിനെ നെ തൂക്കിലേറ്റുന്നതിനായി ലാഹോറിലേക്ക് കൊണ്ടുവന്നപ്പോള്‍ അദ്ധ്യാപകനായ സോംദേവിനൊപ്പം അദ്ദേഹത്തെ പോയി കണ്ടു.
1934ല്‍ കോട്ടയത്ത് തിരിച്ചെത്തുകയും ഗാന്ധിജി സ്ഥാപിച്ച ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനും രാഷ്ടട്രഭാഷ അദ്ധ്യാപകനുമായി. കോട്ടയത്ത് ശ്രദ്ധാനന്ദ ഹിന്ദ്ി വിദ്യാലയം സ്ഥാപിച്ച് ഹിന്ദി പഠനത്തിന് വഴിയൊരുക്കി. തഞ്ചാവൂരില്‍ സഭാ വിദ്യാലയത്തിന്റെ പ്രധാനാദ്ധ്യാപകനായി സേവനം ചെയ്ത ശേഷം കേരളത്തില്‍ സഭയുടെ ഹിന്ദി മഹാവിദ്യാലയങ്ങളില് പ്രിന്‍സിപ്പാള്‍, പ്രധാനാദ്ധ്യാപകന്, സഭാ സെക്രട്ടറി, പ്രസ് സ്ഥാപകന്‍, കേരള് ഭാരതി എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1936ല്‍ മഹാത്മാഗാന്ധി കോട്ടയത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. അങ്ങനെ കോട്ടയം ഗാന്ധിയെന്ന് പേരു വന്നു.
ദേവ് കേരളീയ് എന്ന തൂലികാനാമത്തില്‍ ഹിന്ദിയില്‍ നൂറുകണക്കിന് കവിതകളും പത്തിലധികം പുസ്തകങ്ങളും നിരവധി ഹിന്ദി നാടകങ്ങളും രചിച്ചിട്ടുണ്ട്. 1969 ലെ ഹിന്ദി അദ്ധ്യാപക സമരത്തിന്റെ നേതൃത്വനിരയിലും അദ്ദേഹമുണ്ടായിരുന്നു.
1970ല്‍ കേന്ദ്ര ഹിന്ദി ഡയറക്ടറേറ്റിന്റെ പുരസ്കാരം, 1989-ല്‍ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും, 1989 ല്‍ സ്വാതന്ത്ര്യ സമര സേനാനിക്കുള്ള ബഹുമതിപത്രം. 1990,91,92 – വര്‍ഷങ്ങളില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പില്‍ നിന്നും അംഗീകാരങ്ങള്‍, 1992ല്‍ ദീര്‍ഘകാലീന ഹിന്ദി സേവനത്തിനുള്ള പ്രശസ്തിപത്രവും പതക്കവും അദ്ദേഹത്തെ തേടിയെത്തി. മുട്ടമ്പലം ശ്രീനികേതന്‍ വസതിയിലായിരുന്നു മരണം വരെ അദ്ദേഹത്തിന്റെ താമസം.
പരേതയായ കല്യാണിയമ്മയാണ് ഭാര്യ. മക്കള്‍: ജയദേവ്(റിട്ട കനറാ ബാങ്ക്), സുശീലാ ദേവി(റിട്ട. റവന്യുവകുപ്പ്), ചന്ദ്രദേവ്(റിട്ട.ഐഎസ്ആര്‍ഒ), വിദ്യാവതി ദേവി(റിട്ട. എസ്പിസിഎസ്), രാജേന്ദ്രദേവ്, ഡോ. ശശീന്ദ്രദേവ്(വെറ്ററിനറി ഓഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), വിമലാദേവി. മരുമക്കള്‍: കൃഷ്ണന് കുട്ടിനായര്‍, കൃഷ്ണന്കുട്ടിനായര്, പ്രേംദാസ്, ഓമന, ശ്രീദേവി, ഇന്ദിരാകുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: