കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന് കരുത്തായി ആത്മനിര്‍ഭര്‍ ഭാരത്. കപ്പലിന്റെ രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണത്തിന്റെ 75 ശതമാനവും ഇന്ത്യയിന് തന്നെയാണ് നിര്‍മ്മിച്ചത്. വിമാന വാഹിനിയുടെ നിര്‍മ്മാണത്തിന് ആവശ്യമായ തുകയുടെ 75 ശതമാനവും ഇന്ത്യയില്‍ ചെലവഴിക്കാന്‍ സാധിച്ചത് ആത്മനിര്‍ഭര്‍ ഭാരതിന്റെ വിജയമായിരിക്കുകയാണ്. കപ്പല്‍ നിര്‍മ്മാണത്തിനുള്ള ഉരുക്ക് ആദ്യം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റുകയും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഏറ്റവും ഗുണനിലവാരമുള്ള ഉരുക്ക് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയായിരുന്നു.
കൊച്ചിന് കപ്പല്‍ശാലയില്‍ വിമാന വാഹിനികളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പരിചയവും, ആത്മനിര്‍ഭര്‍ ഭാരതിന്റെ കരുത്തും ഒത്ത് ചേര്‍ന്നതോടെയാണ് ഐഎന്‍എസ് വിക്രാന്ത് ജനിച്ചതെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. കൊച്ചിന് ഷിപ്പ്യാഡ് ലിമിറ്റഡിലാണ് 76 ശതമാനത്തിലധികം നിര്‍മാണം നടന്നത്.
സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയും രണ്ട് ഓപ്പറേഷന് തീയേറ്ററുകളും അടക്കം പടക്കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും.
വിക്രാന്തിന്റെ നിര്‍മാണം, ആത്മനിര്‍ഭര്‍ ഭാരതിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണ്. കൊവിഡ് കാലം കാര്യമായി ബാധിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും കൊച്ചി കപ്പല്‍ നിര്‍മാണ ശാലയ്ക്കാണ്. ഇന്ത്യയില്‍ ഇതുവരെ 7,500 ടണ്‍ മുതല്‍ 8,000 ടണ്‍ വരെ ഭാരമുള്ള യുദ്ധക്കപ്പലുകളാണ് നിര്‍മിച്ചിട്ടുള്ളത്. ഐഎന്‍എസ് വിക്രാന്തിന്റെ ഭാരം 40,000 ടണ്ണാണ്. 263 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും. കീലില്‍ നിന്നുള്ള ഉയരം 37.5 മീറ്ററാണ്.
യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവല്‍കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന് 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിങ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.
30 പോര് വിമാനങ്ങള്‍ വഹിക്കും
രാജ്യത്ത് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പല്‍ കൊച്ചിയുടെ തീരത്ത് ഒരുങ്ങുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്. 2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും.
1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാനാകും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ഇരുപത് ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെ മുപ്പത് എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ഐഎന്‍എസ് വിക്രാന്തിന് സാധിക്കും. മിഗ്-29കെ, നാവിക സേനയുടെ എല്‍സിഎ എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐഎസി-1നുണ്ടാകും. രണ്ട് റണ്‍വേകളും എസ്ടിഒബിഎആര്‍ സംവിധാനവും കപ്പലിലുണ്ടാകും.
ആത്മവിശ്വാസം ഇരട്ടി: നാവിക സേന
ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്ക്ക് കരുത്തും ആവേശവുമാണെന്ന് ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ. കെ. ചൗള പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തില്‍ ഉള്‍പ്പെടുത്തിയാണ് വിമാന വാഹിനിയുടെ നിര്‍മ്മാണം. ഉടന്‍ തന്നെ കപ്പല്‍ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: