തൃശ്ശൂര്‍: കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന് വേണ്ടി ദിവസങ്ങളോളം വരിനില്‍ക്കേണ്ട അവസ്ഥ. എന്നിട്ടും കൈയില്‍ കിട്ടുന്നത് പതിനായിരം രൂപ മാത്രം. ഇനിയും ഇത് സഹിക്കാനാവില്ലെന്ന് കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍.
ഒരു മാസത്തിലേറെയായി ബാങ്കിന് മുന്നില്‍ രാവും പകലും വരിനില്‍ക്കുകയാണ്. സര്‍ക്കാര്‍ മൗനം വെടിയണം. ഞങ്ങളുടെ പണം എന്ന് കിട്ടുമെന്ന് സര്‍ക്കാര്‍ പറയണം, നിക്ഷേപകര്‍ ആവശ്യപ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി സ്വരുക്കൂട്ടിയ പണമാണ്. ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞാല്‍ ഞങ്ങളെന്ത് ചെയ്യും. കൂലിപ്പണിക്കാരും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമാണ് പണം നഷ്ടപ്പെട്ടവരിലേറെയും. ഓണക്കാലമായതോടെ പലരും പണം തിരികെ ലഭിക്കാന്‍ എത്തുന്നുണ്ടെങ്കിലും ജീവനക്കാര്‍ കൈ മലര്‍ത്തുകയാണ്.
നിക്ഷേപിച്ച തുക ഗഡുക്കളായി നല്‍കുന്നതിനെതിരേയും വ്യാപക പരാതി ഉയരുന്നുണ്ട്. ചിലര്‍ ചെയ്ത തട്ടിപ്പിന്റെ പേരില്‍ ബാങ്കിന് മുന്നില്‍ എല്ലാ ആഴ്ചയും വരി നില്‍ക്കാനാവില്ലെന്നും മുഴുവന്‍ നിക്ഷേപത്തുകയും ഒരുമിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശി നിഷ ബാലകൃഷ്ണന് പോലീസില്‍ പരാതി നല്കി.
പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ നിര്‍വാഹമില്ലെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നു ലഭിച്ച മറുപടി. എന്ന് കിട്ടുമെന്ന് പറയാന്‍ കഴിയില്ലെന്നും പറയുന്നു. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപത്തിന് നിക്ഷേപകര്‍ എന്തിന് സഹിക്കണമെന്നും പ്രകൃതി ദുരന്തം കൊണ്ട് സംഭവിച്ചതാണെങ്കില്‍ അംഗീകരിക്കാമെന്നും പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിഷ ആവശ്യപ്പെട്ടു.
ആഴ്ചയില്‍ ഒരു ദിവസമാണ് ടോക്കണ്‍ നല്‍കുന്നത്. തിങ്കളാഴ്ചകളില്‍ ടോക്കണ്‍ എടുക്കാന്‍ ബാങ്കിന് മുന്നില്‍ നീണ്ട വരിയാണ്. ടോക്കണ്‍ വാങ്ങിയാല്‍ മാത്രമേ ആ ആഴ്ച ഇടപാട് നടത്താന്‍ കഴിയൂ. നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപ മാത്രമാണ് ലഭിക്കുക. സ്വന്തം പണം കിട്ടാന്‍ മാസങ്ങളോളം കരുവന്നൂരിലെത്തി വരി നില്‍ക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് നിക്ഷേപകരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: