തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ ‘ആര്‍പ്പോ’ വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മയിലാണ് 100 വയസ് പിന്നിട്ട പി. ചിത്രന്‍ നമ്പൂതിരിപ്പാട്. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ മനസില്‍ ഇപ്പോഴുമുണ്ട് സ്വാതന്ത്ര്യപ്പുലരിയുടെ നിറക്കാഴ്ച. 99-ാം വയസില്‍ തളരാതെ ഹിമാലയ യാത്ര നടത്തിയ നമ്പൂതിരിപ്പാടിന് സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും നെഹ്‌റുവിനെയും കുറിച്ച് പറയുമ്പോഴും യുവാവിന്റെ ചുറുചുറുക്ക്.
ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടുമ്പോള്‍ തനിക്ക് 25 വയസ്. മദ്രാസില്‍ നിന്ന് പഠനം കഴിഞ്ഞ് തിരിച്ചെത്തി ജന്മനാടായ മലപ്പുറം മൂക്കുതലയില്‍ തുടങ്ങിയ സ്വന്തം സ്‌കൂളില്‍ മാനേജരും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന കാലം. ഇന്ത്യ സ്വതന്ത്രമാകുമെന്നുള്ള വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് രാത്രിയില്‍ കൂട്ടുകാരോടൊപ്പം നാട്ടിലെ വായനശാലയില്‍ പെട്രോമാക്‌സ് കത്തിച്ച് വച്ച് ഒത്തുകൂടി. ‘ഉറങ്ങിക്കിടക്കുന്ന രാഷ്‌ട്രം ഉണരുന്നു’ എന്നുള്ള പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസംഗം രാത്രി 12 മണിക്ക് റേഡിയോയില്‍ കേട്ടു. നെഹ്‌റുവിന്റെ പ്രസംഗം കഴിഞ്ഞ ഉടനെ താനടക്കം 50ഓളം പേരടങ്ങിയ യുവാക്കള്‍ റോഡിലിറങ്ങി ‘ആര്‍പ്പ്’ വിളിച്ച് സന്തോഷം പങ്കിട്ടു. ശബ്ദം കേട്ട് പരിസരവാസികളെല്ലാം കാര്യമറിയാതെ ഉണര്‍ന്നു. നമ്പൂതിരി വീടുകളില്‍ ആണ്‍കുട്ടി പിറന്നതിന്റെ ആഹ്ലാദമാകും ‘ആര്‍പ്പോ’ വിളിയെന്നാണ് ചിലര്‍ കരുതിയത്. 74 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ ഇന്നലെ കഴിഞ്ഞ പോലെ നമ്പൂതിരിപ്പാട് ഓര്‍ക്കുന്നു.
ഗാന്ധിജിയുടെ ചിതാഭസ്മം കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ അവിചാരിതമായി തനിക്ക് ഭാഗ്യം കിട്ടി. തിരുനാവായയില്‍ നിമജ്ജനം ചെയ്യാനാണ് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ചിതാഭസ്മം കൊണ്ടുവന്നത്. നിമജ്ജനം കാണാന്‍ താനടക്കം 100 പേര്‍ പ്രത്യേകം ബസ് വിളിച്ച് പോയി. ചിതാഭസ്മവുമായെത്തിയ സമയത്ത് കേളപ്പജിയെ മാലയിട്ട് സ്വീകരിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ സ്ഥലത്ത് കണ്ടില്ല. അവിടെയുണ്ടായിരുന്ന നേതാക്കളും മറ്റും കേളപ്പജിയെ ഹാരമണിയിച്ച് ചിതാഭസ്മം ഏറ്റുവാങ്ങാന്‍ തന്നോട് പറഞ്ഞു. നിനച്ചിരിക്കാതെ വന്നുചേര്‍ന്ന ഭാഗ്യം. പിന്നീട് ഗാന്ധിജിയുടെ ചിതാഭസ്മം തന്റെ ശിരസിലേറ്റി നിമജ്ജന സ്ഥലത്ത് കൊണ്ടുപോയി പ്രതിഷ്ഠിച്ചു. ഏഴ് പതിറ്റാണ്ട് കഴിഞ്ഞ സംഭവത്തെ കുറിച്ചും ഗാന്ധിജിയെപ്പറ്റിയും പറയുമ്പോള്‍ നമ്പൂതിരിപ്പാടിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: