ഭാരതത്തില്‍ ആധുനിക ശാസ്ത്രപഠനങ്ങള്‍ വളര്‍ച്ച പ്രാപിച്ചത് ബ്രിട്ടീഷ് ആധിപത്യത്തില്‍ കീഴിലായിരുന്നു എന്നുള്ളത് സത്യം തന്നെയാണ്. എന്നാല്‍, അത് ബ്രിട്ടീഷുകാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി ഗുമസ്തന്മാരെ വാര്‍ത്തെടുക്കാന്‍ സൃഷ്ടിച്ച പാഠ്യപദ്ധതിയുടെ ഒരുപോത്പന്നം പോലെയായിരുന്നു. 1893 മെയ് 31-ന് യുഎസ്സിനും ജപ്പാനുമിടയില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു കപ്പലില്‍ ജംഷെഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടുമുട്ടുമ്പോഴാണ് ഭാരതത്തിന്റെ വ്യവസായ പുരോഗതിക്ക് ഒരു ഗവേഷണസ്ഥാപനം ആവശ്യമാണെന്ന ചിന്ത ടാറ്റയില്‍ ഉടലെടുക്കുന്നത്. ആ ചര്‍ച്ചയുടെ ഫലമായി ആ യാത്ര കഴിഞ്ഞിട്ട് അഞ്ചുവര്‍ഷത്തിന് ശേഷം, സ്വാമി വിവേകാനന്ദന് ടാറ്റായുടെ ആവശ്യപ്രകാരം ഭാരതത്തിന് ഒരു ഗവേഷണസ്ഥാപനം ആവശ്യമാണെന്നുള്ള കാര്യം ശക്തമായി ഉന്നയിച്ചുകൊണ്ട് ഒരു ലേഖനം എഴുതുകയും അത് അന്നത്തെ ഭാരതീയബൗദ്ധിക മണ്ഡലങ്ങളെ സ്വാധീനിക്കുകയും ചെയ്തു. അങ്ങനെ ഭാരതത്തിലെ ആദ്യത്തെ ഗവേഷണസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരില്‍ സ്ഥാപിതമായി.
കാര്‍ഷിക വിപ്ലവം
ഭാരതത്തിലെ ശാസ്ത്രസാങ്കേതികത്തുറയില് ചില പ്രധാനപ്പെട്ട മേഖലകളില്‍ നമ്മള് വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമം മൂലം ആളുകള്‍ പട്ടിണി കിടന്നു നരകിച്ചു മരിച്ച സംഭവങ്ങള്‍ ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഭാരതം സ്വതന്ത്രയായശേഷം ഭരണാധികാരികളും ശാസ്ത്രസാങ്കേതിക നയരൂപകര്‍ത്താക്കളും ഏറ്റവും ശ്രദ്ധിച്ച കാര്യങ്ങളില്‍ ഒന്ന് ഭക്ഷ്യക്ഷാമം ഇല്ലാതാക്കുക എന്നുള്ളതായിരുന്നു. ഡോ. എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടപ്പായ ഹരിതവിപ്ലവം ഭാരതത്തിലെ ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമായി. കാര്ഷികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മെച്ചപ്പെട്ട കാര്‍ഷികഗവേഷണവും സാങ്കേതികവിദ്യയും വേണമായിരുന്നു എന്നതിനാല്‍ ആ മേഖലകളില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കാന്‍ കാര്‍ഷികവിപ്ലവം സഹായിച്ചു. പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലുമൊക്കെ വന്‍കിട കൃഷിക്കാര്‍ കോടീശ്വരന്മാരായതിനു പിന്നില്‍ കാര്‍ഷികവിപ്ലവത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.
ബഹിരാകാശ നേട്ടങ്ങള്‍
ഭാരതം സുപ്രധാനമായ ചുവടുകള്‍ വച്ച അടുത്ത മേഖലയാണ് ബഹിരാകാശഗവേഷണം. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് സയന്‍സില്‍ നൊബേല്‍ സമ്മാന ജേതാവ് ഡോ. സി. വി. രാമനുകീഴില്‍ ഗവേഷണം ചെയ്ത സാക്ഷാല്‍ ഡോ. വിക്രം സാരാഭായിയും ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ മേധാവിയായിരുന്ന മലയാളി പ്രൊഫ. എം. ജി. കെ. മേനോനും ചേര്‍ന്നാണ് ഇന്ത്യന്‍ ബഹിരാകാശവിസ്മയമായ ഐഎസ്ആര്‍ഒ സൃഷ്ടിക്കാന്‍ കളമൊരുക്കുന്നത്. ഈ ടീമിലേക്ക് പില്ക്കാലത്ത് ഭാരതത്തിന്റെ രാഷ്ട്രപതിയായി മാറിയ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമും ചേരുകയുണ്ടായി. ഇവരുടെ എല്ലാം നേതൃത്വത്തിന് കീഴില്‍ സുസംഘടിതമായി മുന്നേറിയ ഐഎസ്ആര്‍ഒ ഇന്ന് നിരവധി ആഗോള ഉപഗ്രഹ വിക്ഷേപണ വ്യവസായത്തിലെ തന്നെ മുഖ്യപങ്കാളിയും ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡും ആയി മാറിയിരിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശരംഗത്തെ പടക്കുതിരയായി ഭാരതം വികസിപ്പിച്ച പിഎസ്എല്‍വി അറിയപ്പെടുന്നു. ജിഎസ്എല്‍വി വികസനത്തിലും നമ്മള് വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ചന്ദ്രയാനും മംഗള്‍യാനും നമ്മുടെ ബഹിരാകാശഗവേഷണത്തിനു വിശ്വാസ്യതയും യശസ്സും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ചന്ദ്രനിലെ ജലസമ്പത്തിനെക്കുറിച്ചുള്ള അപഗ്രഥനത്തില്‍ ഏറെ നിര്‍ണ്ണായകമായ വിവരങ്ങളാണ് ചന്ദ്രയാന്‍ നല്‍കിയിട്ടുള്ളത്.
പ്രതിരോധ വന്മതില്
പ്രതിരോധ മേഖലയില്‍ നമുക്ക് വേണ്ടുന്ന ആയുധങ്ങളും മറ്റുപകരണങ്ങളും നമ്മള് ആദ്യകാലത്ത് പുറംനാടുകളില്‍നിന്നും വാങ്ങുകയായിരുന്നു എങ്കില്‍, ഇപ്പോള്‍ പല ഉപകരണങ്ങളും നമ്മള് സ്വന്തമായി വികസിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ കൊച്ചിയില്‍ പുതിയ ഐഎന്‍എസ് വിക്രാന്ത് നീറ്റിലിറക്കിയതോടെ നമ്മള് വിമാനവാഹിനി നിര്‍മ്മാതാക്കളുടെ ക്ലബ്ബിലെ അംഗമായി മാറിയിരിക്കുന്നു. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ് വികസിപ്പിച്ച യുദ്ധാവശ്യങ്ങള്‍ക്കായുള്ള ഭാരം കുറഞ്ഞ ഹെലിക്കോപ്റ്റര്‍, തേജസ് എന്ന ലഘുയുദ്ധവിമാനം എന്നിവയെല്ലാം സങ്കീര്‍ണ്ണമായ യുദ്ധോപകരണങ്ങളുടെ നി
ര്‍മ്മാണത്തില്‍ നമ്മള് ഏറെ മുന്നേറിയെന്നതിന്റെ തെളിവാണ്. ഭാരതം വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിരിക്കുന്ന വിവിധതരം മിസൈലുകളും പ്രഹരശേഷിയുള്ള അത്യന്താധുനികമായ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള നമ്മുടെ കഴിവിനെ കാണിക്കുന്നു. ഇവയില്‍ പലതും വാങ്ങാന്‍ മറ്റുള്ള രാജ്യങ്ങള്‍ സന്നദ്ധമാകുന്നു എന്നതിനാല്‍ ഒരുകാലത്ത് എല്ലാ യുദ്ധോപകരണങ്ങളും പുറംനാടുകളില്‍നിന്നും വാങ്ങിയിരുന്ന നമ്മള് ഇന്ന് ആഗോള ആയുധവ്യാപാരത്തിലെ ഉല്‍പ്പാദകരുടെ ഇടയിലും സ്ഥാനം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.
സോഫ്റ്റ് വെയര്‍ സാധ്യത
സോഫ്റ്റ്വെയര് മേഖലയില്‍ ഭാരതവും ഭാരതീയരായ എന്‍ജിനീയര്‍മാരും ഇന്ന് വലിയൊരു ബ്രാന്‍ഡാണ്. വിദേശികള്‍ നമ്മുടെ നേട്ടങ്ങളെ ഏറ്റവും ബഹുമാനിക്കുന്ന മേഖലയുമാണ് സോഫ്റ്റ്വെയര് സാങ്കേതികതയുടേത്. 1990 കളുടെ അവസാനം ആരംഭിച്ച സോഫ്റ്റ്വെയര് വിപ്ലവവും ബിപിഎല്ലില്‍ തുടങ്ങി മൊബൈല്‍ ഫോണുകളുടെ വരവും നമ്മുടെ സോഫ്റ്റ്വെയര് സാങ്കേതികതയെ അന്യാദൃശമായ പുരോഗതിയിലേക്ക് നടത്തി. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്യാന്‍ അണിനിരന്ന രാഷ്ട്രീയത്തിന്റെ പല അണികളും ഇപ്പോള്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരാണ്. വാസ്തവത്തില്‍ ഇതേവരെ ഭാരതം സോഫ്റ്റ്വെയര് മേഖലയില്‍ കാഴ്ചവച്ചിരിക്കുന്ന നേട്ടങ്ങളെയായിരിക്കില്ല ഭാരതത്തിന്റെ യാതാര്‍ത്ഥ നേട്ടങ്ങളായി ഭാവിയില്‍ കണക്കാക്കാന്‍ പോകുന്നത്. മോദി സര്‍ക്കാര്‍ 2021 തൊട്ട് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സോഫ്റ്റ്വെയര് മേഖലയില്‍ പ്രഖ്യാപിക്കാന്‍ പോകുന്ന നയങ്ങള്‍ ഭാരതത്തിലെ കമ്പ്യൂട്ടര്‍ സാങ്കേതികതയെ മറ്റൊരു തലത്തില്‍ വളര്‍ത്താന്‍ പര്യാപ്തമായിരിക്കും.
ആണവക്കരുത്ത്
സ്വാതന്ത്ര്യാനന്തരം ഭാരതം ഏറെ നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരു മേഖല ആണവഗവേഷണത്തിലാണ്. 1945-ല്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ആണവഗവേഷണം ആരംഭിച്ചിരുന്നു. 1974-ലെ ഒന്നാം പൊഖ്റാന്‍ പരീക്ഷണത്തോടെ ആണവമേഖലയില്‍ ഭാരതം സ്വന്തം സാന്നിദ്ധ്യം അറിയിച്ചെങ്കില്‍ പിന്നീട് 1998 മെയ് മാസത്തില്‍ വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് രണ്ടാം പൊഖ്റാന്‍ പരീക്ഷത്തോടെ ഭാരതം ആണവശക്തിയായി ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കപ്പെട്ടു. ഭാരതത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇന്ന് ആണവസാങ്കേതികത പരിഹാരം നല്കുന്നു. തദ്ദേശീയവും വിദേശീയവുമായ സാങ്കേതികതകള്‍ ഇക്കാര്യത്തില്‍ ഭാരതം ഉപയുക്തമാക്കുന്നുണ്ട്. യുഎസ്സിന് ഏറെ ശ്രമിച്ചിട്ടും വിജയിപ്പിക്കാന്‍ കഴിയാതെയിരുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ വികസനത്തില്‍ ഇന്ത്യ സ്വന്തം നിലയില്‍ പഠനം നടത്തി വിജയിച്ചത് നമ്മുടെ ശാസ്ത്രജ്ഞര്‍ കൈവരിച്ച വലിയ നേട്ടമായി കണക്കാക്കുന്നു.
സമീപകാലത്ത് ഭാരതത്തിന്റെ ഈയവും വലിയ നേട്ടങ്ങള്‍ പലതും കോവിഡ് പ്രതിരോധത്തില്‍ ആയിരുന്നു. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് തദ്ദേശീയമായി നമ്മള് വാക്സിന് വികസിപ്പിച്ചത്. മന്മോഹന് സര്‍ക്കാരിന്റെ കീഴിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് നമ്മുടെ പല വാക്സിന് വികസനകേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു. പതിവായി വിതരണം ചെയ്യേണ്ടിയിരുന്ന പല വാക്സിനുകള്‍ക്കും ഭാരതം വിദേശകമ്പനികളെ ആശ്രയിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍, കോവിഡ് വ്യാപിച്ച സമയത്ത് ഭാരതത്തിനു ഒരു വാക്സിന് വികസിപ്പിക്കാന്‍ സാധിക്കുക എന്നുള്ളത് ഏറെക്കുറെ അചിന്ത്യമാണ് എന്നാണു പലരും കരുതിയിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ഗവേഷകര്‍ക്ക് പകര്‍ന്നു നല്കിയ അതുല്യമായ ആത്മവിശ്വാസം കോവിഡിനെതിരെ തദ്ദേശീയമായ വാക്സിന് വികസിപ്പിക്കുന്നതിലേക്ക് വഴിവച്ചു. ഐസിഎംആറിന്റെ സാങ്കേതികതയില്‍ കോവാക്സിന് എന്ന കോവിഡ് വാക്സിന് ഭാരതം തദ്ദേശീയമായി വികസിപ്പിച്ചത് കോവിഡ് പ്രതിരോധത്തിലും ആരോഗ്യരംഗത്തും ലോകത്തെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്.
മേല്‍പ്പറഞ്ഞ ആറു രംഗങ്ങളും മനുഷ്യജീവിതത്തിലെ അവശ്യഘടകങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നവയാണ്. ആണവമേഖല പോലും സുരക്ഷ, ഊര്‍ജ്ജോത്പാദനം എന്നിവയില്‍ മുഖ്യപങ്കു വഹിക്കുന്നുണ്ടല്ലോ. ഇപ്പറഞ്ഞ മേഖലകളില്‍ ഭാരതം പടുത്തുയര്‍ത്തിയ നേട്ടങ്ങള്‍ ഇനി വരുന്ന കാലത്താകും രാജ്യത്തിനു കൂടുതല്‍ ഉപയോഗപ്പെടുക. ഇലക്ട്രിക് കാറുകള്‍, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ഇപ്പോള്‍ പലവിധ ഗവേഷണങ്ങളും ഭാരതത്തില്‍ നടക്കുന്നു എന്നു മാത്രമല്ല, അവയില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി പല കമ്പനികളും വന്നിട്ടുമുണ്ട്. അധികം വൈകാതെ ഈ രംഗങ്ങളിലും ഭാരതം വലിയ നേട്ടങ്ങള്‍ കൈവരിക്കും എന്നുറപ്പിക്കാം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിനും നൂറാം വാര്ഷികത്തിനുമിടയില് ഭാരതം ശാസ്ത്രരംഗത്തെ നേട്ടങ്ങളില്‍ കൂടുതല്‍ മുന്നേറുകയും അവയെ സാമ്പത്തികമായും സാമൂഹികമായും പ്രയോജനപ്പെടുത്തി ലോകശക്തികളില്‍ മുന്നില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യും.
(ചെന്നൈ സവിതാ മെഡിക്കല്‍ കോളജിലെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: