1857 ജനുവരി ആദ്യവാരമാണ്. ഡംഡമിലെ ബ്രിട്ടിഷ് ആയുധശാലയാണു രംഗം. സമയം നട്ടുച്ച. കത്തുന്ന വെയില്. ദാഹിച്ചുവലഞ്ഞ ഒരു ഖലാസി മുന്നില്‍ വന്നുപെട്ട ഒരു സിപ്പോയിയോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. സിപ്പോയി ബ്രാഹ്മണനാണ്. അയാള്‍ക്കു വെള്ളമെടുക്കാന്‍ ബ്രിട്ടിഷ് സേന സ്വന്തം പിച്ചള ലോട്ട അനുവദിച്ചിട്ടുണ്ട്. അതില്‍ നിന്നാണു അധഃസ്ഥിതനായ ഖലാസി വെള്ളം ചോദിക്കുന്നത്. സിപ്പോയി പൊട്ടിത്തെറിച്ചു. അയാളെ ആട്ടിയകറ്റി. അതുകേട്ട ഖലാസി കയര്‍ത്തു പറഞ്ഞു: ”നിന്റെ ജാതി തുലയാന്‍ പോകയല്ലേ, പശുക്കൊഴുപ്പും പന്നിക്കൊഴുപ്പും പുരട്ടിയ തോട്ട വെള്ളക്കാരന് നിന്നെക്കൊണ്ടു തീറ്റിക്കും. വൈകില്ല. അപ്പോള്‍ നിന്റെ ജാതി എന്താവും? നിന്റെ അയിത്തമെവിടെപ്പോകും?”
ഖലാസികള്‍ ജാതിയില്‍ പതിതരാണ്. റെജിമെന്റുകളില്‍ തരംതാണ പണികള്‍ ചെയ്യുന്നത് അവരാണ്. ഗ്രീസിങ് പുരട്ടി പുത്തന്‍ തോട്ട ഒരുക്കുന്നതും ഖലാസികളാണ്. അപ്പോള്‍ അവന്റെ ഈ വാക്കുകള്‍ സത്യമാണ്!
കമ്പനി സിപ്പോയികളില്‍ ഏറിയ കൂറും സവര്ണരാണ്. പശുക്കൊഴുപ്പു തൊടുന്ന ബ്രാഹ്മണന് അതോടെ ജാതിഭ്രഷ്ടനാകും. പന്നിക്കൊഴുപ്പു തൊട്ടാല്‍ മുസ്ലിം പിന്നെ ജീവിച്ചിരിക്കില്ല! അതാണു കാലം.
വെടിമരുന്ന് ഇടിച്ചുനിറച്ചു വെടിവയ്ക്കുന്ന മസ്കറ്റ് ആണ് അതുവരെ കമ്പനി പട്ടാളം ഉപയോഗിച്ചിരുന്നത്. അതിനു പകരം എത്തിയ പുത്തന്‍ ആയുധമാണ് എന്‍ഫീല്‍ഡ് റൈഫിള്‍.
അത്യാധുനികമെന്ന നിലയില്‍ അതു പരക്കെ അംഗീകാരം നേടി. ഉപയോഗിക്കാന്‍ വളരെ എളുപ്പം. താരതമ്യേന ഭാരം കുറവ്. കൃത്യമായ ഉന്നം. അതിനെ എല്ലാ സിപ്പോയിമാരും ഓഫീസര്‍മാരും പുകഴ്ത്തി. വെടിയുണ്ടയ്ക്കുള്ളില്‍ തന്നെ വെടിമരുന്നു നിറച്ചിട്ടുള്ള ആ തോട്ട തോക്കിലേക്കു കുത്തിയിറക്കിയാല്‍ മതി. അതിനുള്ള സ്റ്റീല്‍റോഡ് തോക്കിന്കുഴലില് തന്നെ ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിറങ്ങണമെങ്കില്‍ തോട്ടയില്‍ വലിയതോതില്‍ ഗ്രീസിങ് വേണം. വെടിയുണ്ട പൊതിഞ്ഞ മെഴുകു പേപ്പറിന്റെ പുറത്തു കൊഴുപ്പുപൊതിഞ്ഞാണ് അതു വരുന്നത്. തോക്കില്‍ നിറയ്ക്കും മുന്‍പ് ആ കടലാസ്സ് കടിച്ചിളക്കണം. അപ്പോള്‍ ആ കൊഴുപ്പു വായില്‍ പുരളാതെ വയ്യ. ഉള്ളിലേക്കു പോകാതെ വയ്യ! പന്നിക്കൊഴുപ്പും പശുക്കൊഴുപ്പും കൊണ്ടുതന്നെയാണ് ആദ്യകാലം ഗ്രീസിങ് കൊടുത്തിരുന്നത്.
ഖലാസിയുടെ വെളിപ്പെടുത്തല്‍ കേട്ട് സിപ്പോയി ഞെട്ടിപ്പോയി. അതുവരെ എന്തിനും സസ്യഎണ്ണയും മെഴുകും ചേര്‍ത്താണു ഗ്രീസിങ് നിര്‍മിച്ചിരുന്നത്. ഇപ്പോഴിതാ, പശുക്കൊഴുപ്പും പന്നിക്കൊഴുപ്പും! അത് ഉപയോഗിക്കാന്‍ കാരണമുണ്ട്. തുച്ഛവിലയ്ക്കു രണ്ടും ബസാറുകളില്‍ കിട്ടും. മിക്കവാറും സൗജന്യമായും കിട്ടും.
സിപ്പോയി ബാരക്കിലേക്കോടി. വരാന്‍ പോകുന്ന അത്യാപത്തിനെപ്രതി നിലവിളിച്ചു. ബാരക് ഒന്നാകെ ചലിച്ചു. തകരാന്‍ പോകുന്ന വിശ്വാസങ്ങള്‍ അവരെ ഭീതിതരാക്കി. സദാ അലട്ടി. രാത്രികാലം അഗ്നികൂട്ടി അതിനു ചുറ്റാകെ അവര്‍ വട്ടമിട്ടു. അഗ്നിയെ സാക്ഷിയാക്കി അവരോരുത്തരും ആണയിട്ടു. 1857ലെ സമരത്തിന്റെ ആദ്യത്തെ കാരണമായി ബ്രിട്ടീഷ് സൈനിക ചരിത്രം ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ എന്താണ് വസ്തുത?
പുതിയ ഗവര്‍ണര്‍ ജനറല്‍ ആയി കാനിങ് പ്രഭുവിനെ നിയമിച്ചതു തന്നെ ഇന്ത്യക്കാരെ ‘കുരിശിന്റെ കുഞ്ഞാടുകളാ’ക്കാനാണ്. അനേകമനേകം മിഷണറിമാരിലൂടെ അതു ചെയ്യുന്നു. ഒരുപാടു പ്രലോഭനങ്ങള്‍, സമ്മാനങ്ങള്‍, സ്ഥാനമാനങ്ങള്‍ ഒക്കെ അതിനായി ഉപയോഗിക്കുന്നു. പുറമേ മറ്റൊരുപാടു രഹസ്യ അജണ്ടകളുമുണ്ട്! റജിമെന്റുകളില്‍ വരുന്ന ആട്ടയിലും ഗോതമ്പുപൊടിയിലും വരെ എല്ലുപൊടി ചേര്‍ത്തിട്ടുണ്ട്. പശുവിന്റെയും പന്നിയുടെയും എല്ലുപൊടിയാണത്. അതിലൂടെ നാട്ടുസേനയെ മുഴുവന്‍ അവര്‍ പതിതരാക്കുന്നു. അതു പുറത്തറിഞ്ഞാല്‍ അവര്‍ മതഭ്രഷ്ടരാകും. അവരെ വീട്ടുകാരും നാട്ടുകാരും സ്വീകരിക്കില്ല. പിന്നെ ആകെ അഭയം ക്രിസ്തുമതം മാത്രം! മതംമാറ്റത്തില്‍ മാത്രം തല്പരനാണു പുതിയ ഗവര്‍ണര്‍ ജനറലായ ജോണ്‍ കാനിങ്! ഇങ്ങനെ ഒരു കിംവദന്തി പട്ടാള ബാരക്കുകളില്‍ എവിടെയും പ്രചരിച്ചു.
ഉത്തര ഭാരതത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ കിടന്നുപാറിയ അതിശക്തമായൊരു ആരോപണമായിരുന്നു അത്. അതിന്റെ പശ്ചാത്തലത്തിലാണ് ആ ഖലാസിയുടെ പരിഹാസം ഒരു സിപ്പോയിക്കു നേരേ രൂക്ഷമായി ആഞ്ഞടിച്ചത്. ഒരു കുപ്പിണിയെ മുഴുവന്‍ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഗവര്‍ണര്‍ ജനറലിന്റെ രഹസ്യ അജന്‍ഡയിലെ മറ്റൊന്നു കൂടിയാണ് ആ ഖലാസി പുറത്താക്കിയത്.
അതില്‍പ്പിന്നെ 1857 മാര്‍ച്ച് 29. സമയം നട്ടുച്ച. ബ്രിട്ടീഷ് അഡ്ജ്യുട്ടന്റ് ബോഗിന് ‘അടിയന്തരം’ എന്നെഴുതിയ ഒരു സന്ദേശം കിട്ടി. പരേഡ് ഗ്രൗണ്ടിനോടു ചേര്‍ന്നു റെജിമെന്റ് ഗാര്‍ഡ് റൂമിനു മുന്നില്‍ ഒരു സിപ്പോയി തന്റെ നിറച്ച മസ്കറ്റും കൊണ്ട് തെക്കുവടക്കു നടക്കുന്നു. ഡിവിഷന് 34ലെ അഞ്ചാം കമ്പനിയില്‍ 1446 നമ്പരണിഞ്ഞ പടയാളിയാണയാള്‍. യൂണിഫോം ധരിച്ചിട്ടില്ല. ധോത്തിയാണു വേഷം. അയാള്‍ വെള്ളക്കാരെ പരസ്യമായി വെല്ലുവിളിക്കുന്നു! ഭ്രാന്തെടുത്ത പോലെ അലറുന്നു!
ബോഗ് ആ നിമിഷം ആയുധമണിഞ്ഞു. തന്റെ പിസ്റ്റളുകള്‍ അരയില്‍ തിരുകി. പരേഡ് ഗ്രൗണ്ടിലേക്കു കുതിരമുകളില്‍ കുതിച്ചു. അയാളെ കണ്ടപാടേ ആ സിപ്പോയി ഡിവിഷന്റെ ക്വാര്‍ട്ടര്‍ ഗാര്‍ഡിനു മുന്നില്‍ പൊസിഷനെടുത്തു. കുതിരയോടിച്ചെത്തിയ ഓഫീസറെ വെടിവച്ചു. വെടിയുണ്ട ലക്ഷ്യം തെറ്റി. അതു കുതിരയെ വീഴ്ത്തി. നിലത്തു വീണുരുണ്ട അഡ്ജ്യുട്ടന്റ് അടുത്ത ക്ഷണത്തില്‍ തന്റെ പിസ്റ്റളുയര്‍ത്തി വെടിവച്ചു. അതും ലക്ഷ്യം കണ്ടില്ല. സിപ്പോയി തന്റെ തല്‍വാറുമായി (ഉടവാള്) പാഞ്ഞെത്തി. കടന്നാക്രമിച്ചു. മുറിവേറ്റ ബോഗ് നിലത്തുവീണു. സിപ്പോയി വീണ്ടും തന്റെ മസ്കറ്റ് നിറയ്ക്കുകയാണ്. അതിനിടെ ഷെയ്ഖ് പള്‍ട്ടു എന്ന മറ്റൊരു സിപ്പോയി ഓടിയെത്തി. അയാള്‍ അക്രമിയെ തല്ക്കാലം തടഞ്ഞു. വെള്ളക്കാരനെ രക്ഷിച്ചു.
വിവരമറിഞ്ഞ് ഉന്നതനായ സാര്‍ജന്റ് മേജര്‍ ഹ്യൂസന്‍ പാഞ്ഞെത്തി. സിപ്പോയിയെ തടവിലാക്കാന്‍ അദ്ദേഹം ജമേദാര്‍ ഈശ്വരി പ്രസാദിന് ഉത്തരവു കൊടുത്തു. പക്ഷേ, ഒറ്റയ്ക്കു തനിക്കയാളെ കീഴടക്കാനാവില്ലെന്നു പറഞ്ഞ് ജമേദാര്‍ തന്ത്രത്തില്‍ ഒഴിഞ്ഞുമാറി. കൂട്ടത്തില്‍ ഒരൊറ്റയാളും അനങ്ങിയില്ല. ആ സമയം കലികയറിയ ബോഗ് വീണ്ടും കുതിച്ചെത്തി.
തന്റെ നേരെ കുഴല്‍ചൂണ്ടി ലക്ഷ്യമെടുക്കുന്ന സിപ്പോയിയെ ബോഗ് കണ്ടില്ല. അടുത്ത നിമിഷം ബോഗ് വെടിയേറ്റു വീണു. പിടഞ്ഞുമരിച്ചു. തുടര്‍ന്ന് ആ സിപ്പോയി മസ്കറ്റ് നിലത്തുകുത്തി, സ്വന്തം നെഞ്ചിലുറപ്പിച്ച് കാല്‍വിരല്‍കൊണ്ടു കാഞ്ചി വലിച്ചു. പക്ഷേ, ലക്ഷ്യം പാളി. മുറിവേറ്റെങ്കിലും അയാള്‍ രക്ഷപ്പെട്ടു.
ആ സിപ്പോയിയാണു സ്വദേശാഭിമാനിയായ മംഗള്‍ പാണ്ഡെ!
യുപിയിലെ ബലിയയില്‍ നഗ്വ ഗ്രാമത്തിലാണു പാണ്ഡെ ജനിച്ചത്. ഭൂമിഹാര്‍ ബ്രാഹ്മണ കുടുംബത്തില്‍ 1827 ജൂലൈ 19ന് ആണു ജനനം. ഇരുപത്തിരണ്ടാം വയസ്സില്‍ ബംഗാള്‍ നേറ്റീവ് ഇന്‍ഫന്‍ട്രിയില്‍ ചേര്‍ന്നു.
1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആദ്യത്തെ വെടി പൊട്ടിച്ചതു മംഗള്‍ പാണ്ഡെയാണ്. ബ്രിട്ടീഷുകാര്‍ പാണ്ഡെയെ കലാപകാരിയെന്നു മുദ്രകുത്തി വിചാരണ ചെയ്തു. ഏപ്രില്‍ എട്ടിനു തൂക്കിക്കൊന്നു. തൊട്ടുപിറകെ 21നു ജമേദാര്‍ ഈശ്വരി പ്രസാദിനെയും തൂക്കിലേറ്റി.
തുടര്‍ന്ന് ആ കമ്പനിയുടെ യൂണിഫോം അഴിച്ചുവാങ്ങി, പിരിച്ചുവിട്ടു. ഷെയ്ഖ് പള്‍ട്ടുവിനെ ജമേദാരായി പ്രമോട്ട് ചെയ്ത് മാറ്റിനിയമിച്ചു.
അതിപ്രഗത്ഭനെന്ന് അറിയപ്പെടുന്ന കമാന്‍ഡിങ് ഓഫീസര്‍ ജനറല്‍ ഹീര്‍സിയുടെ ഡിവിഷന് 34നു നേരിട്ട കൊടിയ അപമാനമായി പാണ്ഡെ സംഭവം!
അതില്‍പ്പിന്നെ കലാപകാരികളായ സിപ്പോയിമാരെ മുഴുവന്‍ വെള്ളക്കാര്‍ ‘പാണ്ഡെ’ എന്നു വിളിച്ചു പരിഹസിച്ചു. വെള്ളക്കാരന്റെ ആ നീചനായ മംഗള്‍ പാണ്ഡെയുടെ പേരില്‍ പില്ക്കാലം ഭാരതം അഭിമാനം കൊണ്ടു. അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാംപ് പുറത്തിറക്കി, ആദരിച്ചു. അക്കാലം അദ്ദേഹത്തെ അപമാനിച്ച വെള്ളക്കാരും നാട്ടുകാരും ചരിത്രത്തിന്റെ ചവറ്റു കുട്ടയില്‍ ചെന്നു വീണു.
ബാരക്പൂരിലെ ആ സംഭവം ഒറ്റപ്പെട്ടതെന്നു വിലയിരുത്തി ബ്രിട്ടീഷ് ഓഫീസര്‍മാര്‍ എഴുതിത്തള്ളി. പക്ഷേ, ജനങ്ങളുമായി ബന്ധമുള്ള സിവിലിയന്‍ ബ്രിട്ടീഷുകാര്‍ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയിലായി. വരാന്‍ പോകുന്ന ഒരു കൊടുങ്കാറ്റിനെ അവര്‍ എപ്പോഴും മുന്നില്‍ കണ്ടു.
ഇതിനെത്തുടര്‍ന്ന് അവിടവിടെ അസ്വസ്ഥതകള്‍ തലപൊക്കി. വടക്ക് ലക്നൗ, അംബാല, മീററ്റ്, ഝാന്‍സി, ഗ്വാളിയര്‍, തെക്ക് ആന്ധ്രയിലെ വിഴിയനഗരം തുടങ്ങി ഒരുപാടു സ്ഥലങ്ങളിലെ പട്ടാള ബാരക്കുകളില്‍ സിപ്പോയിമാര്‍ കലാപക്കൊടി ഉയര്‍ത്തി.
1857 മേയ് ഒന്നാം തീയതി ലക്നൗവിലെ ഏഴാം ഇന്‍ഫെന്‍ട്രി എന്‍ഫീല്‍ഡ് തോട്ടകള്‍ പരസ്യമായി നിരസിച്ചു. രണ്ടിന് മുഴുവന്‍ റെജിമെന്റും അതാവര്‍ത്തിച്ചു. മൂന്നാം തീയതി തന്നെ ലക്നൗ റസിഡന്റ് ഹെന്റി ലോറന്‍സിന് യഥാര്‍ഥ ചിത്രം പിടികിട്ടി. ഭയപ്പെട്ടിരുന്ന കലാപം ഇതാ, തൊട്ടുമുന്നില്‍ യാഥാര്‍ഥ്യമാകുന്നു! ഒരു കൊടുങ്കാറ്റിന്റെ ആരവം തൊട്ടടുത്തു കേള്‍ക്കാം!
അതുവരെയും ബ്രിട്ടീഷ് വെള്ളക്കാരന് അജയ്യനായിരുന്നു. അവനെതിരെ ചിന്തിക്കാന്‍ പോലും ഭാരതീയനു ഭയമായിരുന്നു. വേണമെങ്കില്‍ അവനെ വെടിവച്ചുകൊല്ലാമെന്നു വരെ തെളിയിച്ചത് മംഗള്‍ പാണ്ഡെ ആണ്.
അതാണ് നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഉയര്‍ന്നുകേട്ട ആദ്യത്തെ വെടിയൊച്ച!
പ്രതികരിക്കാൻ ഇവിടെ എഴുതുക: