തിരുവനന്തപുരം: സ്വാതന്ത്യദിനമായ ആഗസ്റ്റ് 15ന് ചരിത്രത്തില്‍ ആദ്യമായി സിപിഎം ഓഫീസുകളില്‍ ദേശീയ പതാകകള്‍ ഉയര്‍ത്തും. കേന്ദ്ര കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് പതാകകള്‍ ഉയര്‍ത്തുന്നത്. ബംഗാള്‍ ഘടകത്തിന്റെ ആവശ്യപ്രകാരമാണ് തീരുമാനം കൈക്കൊണ്ടത്.
രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യദിനം പാര്‍ട്ടി വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുമെന്നും പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ സുജന്‍ വ്യക്തമാക്കിയിരുന്നു.
സിപിഎം ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്തിരുന്നു. ആഗസ്റ്റ് 15 ആപത്ത് 15 എന്ന് പറഞ്ഞ് നടന്നവരാണവര്. കഴിഞ്ഞ 74 സ്വാതന്ത്രദിനങ്ങള്‍ ആഘോഷിക്കാത്തത് എന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പരിഹസിച്ചിരുന്നു.
75ാം സ്വാതന്ത്രദിനത്തിന് മാത്രം എന്താണ് പ്രത്യേകത എന്ന് വ്യക്തമാക്കണം. ആര്‍എസ്എസിനെതിരെയാണ് സ്വാതന്ത്ര്യ ദിനാഘോഷം എന്നാണ് സിപിഎം പറയുന്നത്. ദേശദ്രോഹ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയെ കൊണ്ട് സ്വാതന്ത്രദിനം ആഘോഷിപ്പിക്കാന്‍ സാധിച്ചത് ആര്‍എസ്എസ്സിന്റെ വിജയമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: