ന്യൂദല്‍ഹി: പെണ്മക്കളുടെ വിജയത്തില്‍, ഭാവിയിലെ വികസിത ഇന്ത്യയുടെ നേര്‍ക്കാഴ്ച്ച കാണുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വിജയികളായ പെണ്മക്കളുടെ കുടുംബങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ട് ഭാവി വാഗ്ദാനങ്ങളായ നമ്മുടെ പെണ്മക്കള്ക്ക് വളര്‍ച്ചയുടെ വഴികളില്‍ മുന്നേറാനുള്ള അവസരങ്ങള്‍ ഒരുക്കാന്‍ എല്ലാ രക്ഷിതാക്കളും തയ്യാറാകണം. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്സില്‍, നമ്മുടെ കായികതാരങ്ങള്‍ അവരുടെ മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന് കീര്‍ത്തിയേകി. 121 വര്‍ഷത്തെ ഒളിമ്പിക്സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ ഇന്ത്യ നേടി. നമ്മുടെ പെണ്മക്കള് നിരവധി പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കളിക്കളങ്ങളില്‍ ലോകോത്തര മികവ് പ്രകടിപ്പിച്ചു. സ്പോര്‍ട്സിനോടൊപ്പം ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെയും വിജയത്തിലൂടെയും ഐതിഹാസികമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ സായുധ സേനകള്‍ വരെയും, പരീക്ഷണശാലകള്‍ മുതല്‍ കളിസ്ഥലങ്ങള്‍ വരെയും, നമ്മുടെ പെണ്മക്കള് അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. നമ്മുടെ പെണ്മക്കളുടെ ഈ വിജയത്തില്‍, ഭാവിയിലെ വികസിത ഇന്ത്യയുടെ ഒരു നേര്‍ക്കാഴ്ച്ച കാണുന്നു.രാഷ്ട്രപതി പറഞ്ഞു.
ജമ്മു കാശ്മീരില്‍ ഒരു പുതിയ പുലരി ഉദിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള എല്ലാ പങ്കാളികളുമായും ഗവണ്മെന്റ് കൂടിയാലോചന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോട്, ഈ അവസരം പ്രയോജനപ്പെടുത്താനും ജനാധിപത്യ സ്ഥാപനങ്ങളിലൂടെ അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
സര്‍വ്വതോമുഖമായ പുരോഗതിയോടെ, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഔന്നിത്യം ഉയര്‍ന്നുവരുന്നു, ഇത് നിരവധി പ്രധാനപ്പെട്ട ബഹുരാഷ്ട്ര വേദികളിലെ നമ്മുടെ പങ്കാളിത്തത്തിലും നിരവധി രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇത് പ്രതിഫലിച്ചിട്ടുമുണ്ട്.
75 വര്‍ഷം മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍, ജനാധിപത്യത്തിന് ഇന്ത്യയില്‍ നിലനില്‍പ്പുണ്ടാകില്ലെന്നു പലര്‍ക്കും സന്ദേഹമുണ്ടായിരുന്നു. പ്രാചീനകാലത്തുതന്നെ ഈ മണ്ണില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറച്ചിരുന്നതായി അവര്‍ക്കറിയില്ലായിരുന്നു. ആധുനിക കാലഘട്ടത്തില്‍പ്പോലും, എല്ലാ മുതിര്‍ന്നവര്‍ക്കും വോട്ടവകാശം നല്കുന്നതില് പല പാശ്ചാത്യ രാജ്യങ്ങളേക്കാളും മുന്നിലാണ് ഇന്ത്യ. ജനങ്ങളുടെ വിവേകത്തില്‍ സ്ഥാപകനേതാക്കള്‍ക്കു വിശ്വാസമുണ്ടായിരുന്നു, മാത്രമല്ല, ‘നാം, ഇന്ത്യയിലെ ജനങ്ങള്‍’ ഇന്ത്യയെ ശക്തമായ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: