കൊച്ചി: എന്‍സിപി നേതാവ് ക്വാറി മാഫിയയ്ക്ക് വേണ്ടി സമ്മര്‍ദം ഉയര്‍ത്തിയപ്പോള്‍ വിവാദ നായകനായ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ സ്ഥലം മാറ്റം മണിക്കൂറുകള്‍ക്കകം റദ്ദാക്കി വനം മന്ത്രിയുടെ ഓഫീസ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍പെട്ട റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് ഇരട്ടി ശക്തിയോടെ മണിക്കുറുകള്‍ക്കകം കസേരയില്‍ തിരിച്ചെത്തിയത്. റേഞ്ചില്‍ ഉള്‍പ്പെട്ട ക്വാറിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്ന വിവാദ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വര്‍ഷങ്ങളായി ഒരേ ഔദ്യോഗികസ്ഥാനം തുടരുന്നയാളാണ്.
പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി പരാതികളാണ് ഈ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാരിനും വനം വകുപ്പിനും നല്‍കിയിട്ടുള്ളത്. ആഗസ്ത് ഒമ്പതിന് ഇറങ്ങിയ ഉത്തരവില്‍ ഇദ്ദേഹത്തെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. ക്വാറി ഗ്രൂപ്പ്, വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതനെ കണ്ടതോടെ സ്ഥലം മാറ്റം റദ്ദാക്കാന്‍ ഉടന്‍ നിര്‍ദേശം എത്തുകയായിരുന്നുവെന്നാണ് വിവരം. കാരണങ്ങളൊന്നും വ്യക്തമാക്കാതെ പത്താം തീയതി തന്നെ പഴയ കസേര ഉദ്യോഗസ്ഥന് തിരിച്ച് നല്കി ഉത്തരവിറങ്ങി. വനം വകുപ്പിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെല്ലാം ഉന്നത നേതാവ് വഴി ഇഷ്ട സ്ഥലങ്ങള്‍ നിലനിര്‍ത്താനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്ക്ക് എതിരായ അമര്‍ഷം പാര്‍ട്ടിയില്‍ ശക്തി പ്രാപിക്കുകയാണ്. ഒരു കാര്യങ്ങളിലും മന്ത്രിയുമായി താന്‍ വഴിയല്ലാതെ ജില്ലാ നേതാക്കളടക്കം ബന്ധപ്പെടരുതെന്നാണ് ചാക്കോയുടെ കര്‍ശന നിര്‍ദേശം. പഴയ എന്‍സിപിക്കാരെ മന്ത്രിയുമായി അകറ്റാനുള്ള ഗൂഢനീക്കമായാണ് നേതാക്കള്‍ ഇതിനെ കാണുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്ക് പോലും മന്ത്രിയെ ബന്ധപ്പെടാനാവാത്ത സാഹചര്യം വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയ നേതാക്കളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരായ ചാക്കോയുടെ രണ്ട് സഹായികളും സര്‍ക്കാര്‍ ശമ്പളം പറ്റി ചാക്കോക്കൊപ്പം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടും ഇനിയും നടപടി ഉണ്ടായിട്ടില്ല. പാര്‍ട്ടി ദേശീയ അധ്യക്ഷനുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തി സംസ്ഥാന അധ്യക്ഷ പദവി കൈപ്പിടിയിലൊതുക്കിയ ചാക്കോ മന്ത്രിയുടെ ഓഫീസിനേയും സമ്മര്‍ദത്തിലാക്കുന്നത് പൊട്ടിത്തെറികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: