തിരുവനന്തപുരം: കേരളാ പോലീസ് സേനയ്ക്ക് ഡ്രോണ്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതി തുടക്കത്തില്‍ തന്നെ പാളി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പരീക്ഷണ പറക്കലിന് ഉപയോഗിച്ച ചെറു വിമാനം നിയന്ത്രണം വിട്ട് ചെന്നു പതിച്ചത് സമീപത്തുള്ള മരത്തില്‍. സംഭവം നാണക്കേടായതോടെ ഇന്ധനം തീര്‍ന്ന വിമാനം മരത്തിന് മുകളില്‍ സേഫ് ലാന്‍ഡ് ചെയ്തു എന്നു പറഞ്ഞ് തടിയൂരിയിരിക്കുകയാണ് വിമാനം നിര്‍മ്മിച്ച ഏജന്‍സി.
രാജ്യത്തെ അദ്യ ഡ്രോണ്‍ ഫോറന്‍സിക് ലാബാണ് കേരളാ പോലീസ് തിരുവനന്തപുരത്ത് സ്ഥാപിച്ചത്. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ലാബിന് തുടക്കം കുറിച്ചിരിക്കുന്നത്. എന്നാല്‍ ഉദ്ഘാടനത്തില്‍ തന്നെ പറത്തല്‍ പാളിയത് വലിയ തലവേദനയായിരിക്കുകയാണ്.
ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്ത്കൊണ്ട് പറഞ്ഞു. ഈ വെല്ലുവിളികള്‍ വിജയകരമായി തരണം ചെയ്യുന്നതിനാണ് കേരളാപോലീസ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്ന ഡ്രോണ്‍ പറത്തല്‍ ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപി കെ.പത്മകുമാര്‍, സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാം, ഡിഐജി പി.പ്രകാശ് എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: