ആലപ്പുഴ: ആഗസ്തിലെ രണ്ടാം ശനിയാഴ്ച ഇത്തവണയും പുന്നമടയില്‍ ആരവങ്ങള്‍ ഉയരില്ല. കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സഹാചര്യത്തില്‍ നെഹ്‌റു ട്രോഫി ജലോത്സവം ഇക്കുറിയും മുടങ്ങി. കൊവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് നെഹ്‌റു ട്രോഫി വള്ളംകളി മുടങ്ങുന്നത്. അതുകൊണ്ടുതന്നെ അതോടനുബന്ധിച്ചു നടക്കേണ്ട സിബിഎലും (ചാമ്പ്യന്‍സ് ബോട്ട് ലീഗ്) ഇല്ലെന്നുറപ്പായി.
തുടര്‍ച്ചയായി രണ്ടു തവണ ജലോത്സവം മാറ്റിവയ്ക്കുന്നത് വള്ളംകളി പ്രേമികളെ നിരാശയിലാഴ്ത്തി. മഹാമാരിക്കൊടുവില്‍ അടുത്ത തവണയെങ്കിലും ജലോത്സവം ആഘോഷപൂര്‍വം നടത്താനാകുമെന്നാണ് അവരുടെ പ്രതീക്ഷ. 2018ലെ പ്രളയകാലത്തു വള്ളംകളി ആഗസ്ത് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, അന്നു ഉപേക്ഷിക്കാതെ പ്രളയശേഷം മറ്റൊരു തീയതിയില്‍ വീണ്ടും നടത്തുകയുണ്ടായി. സംസ്ഥാനത്തെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയും ആചാരപരമായ ചടങ്ങുകളില്‍ ഒതുങ്ങുകയായിരുന്നു. പ്രശസ്തമായ പായിപ്പാട് ജലോത്സവവും ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം.
സിബിഎലിന്റെ വരവോടെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ക്ലബ്ബുകള്‍ കരകയറി തുടങ്ങിയപ്പോഴാണ് കൊവിഡ് എത്തുന്നത്. രണ്ടു വര്‍ഷമായി വീണ്ടും കടത്തിന്റെ വലയിലാണ് ഈ മേഖലയാകെ. രണ്ടു വര്‍ഷമായി മത്സരങ്ങളില്ലെങ്കിലും ചെലവ് ഉയര്‍ന്നു തന്നെയാണ്. വള്ളങ്ങളുടെ പരിപാ
ലനമാണ് ഉടമകളെ വലയ്‌ക്കുന്നത്. നീറ്റിലിറക്കാത്തതിനാല്‍ കാര്യമായ കരുതല്‍ വേണം. ഇതിനു ചെലവേറെയാണ്. നിശ്ചിത ഇടവേളയില്‍ അറ്റകുറ്റപ്പണി നടത്തേണ്ട വള്ളങ്ങളുമുണ്ട്. സാമ്പത്തികബാധ്യതയുള്ളതിനാല്‍ പലര്‍ക്കും അതിനും കഴിയുന്നില്ല. സര്‍ക്കാര്‍ ഈ മേഖലയില്‍ ഇതേവരെ ഒരുതരത്തിലുള്ള സഹായവും പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക