കൊച്ചി: ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപക കേഡര്‍ സൃഷ്ടിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. 2021-2022 വര്‍ഷം തന്നെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്ക് ഈ കേഡര്‍ രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. അഡ്വ. വി. സജിത്കുമാര്‍ വഴി പി.എം. അലി (പാലപ്പള്ളി, തൃശ്ശൂര്‍), റജി തോമസ് (തിരുവല്ല) എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാത്തത് കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേരളത്തിലെ ഹൈസ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാറിെല്ലന്നും ഇത് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെപ്പോലും ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളികളില്‍ ഇംഗ്ലീഷ് ഒരു ഭാഷയായി തന്നെ പഠിപ്പിക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള നടപടികളൊന്നും കൈക്കൊള്ളുന്നില്ല.
അതിനാല്‍, ഇംഗ്ലീഷ് ഭാഷയില്‍ നിലവാരമുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. മറ്റു വിഷയങ്ങളുടെ അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. അവര്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള യോഗ്യതയുമില്ല. 2002-2003 വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഘട്ടംഘട്ടമായി ഇംഗ്ലീഷ് അധ്യാപകരുടെ കേഡര്‍ സൃഷ്ടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണ്. ഇത് ഇതുവരെ നടപ്പാക്കാത്തത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: