കോട്ടയം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കെ ശബരിമലയിൽ മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ദേവസ്വം ബോർഡ് ടെണ്ടർ നടപടികൾ ആരംഭിച്ചു. ശബരിമല, പമ്പ ദേവസ്വങ്ങളിലെ വിവിധ വഴിപാട് പ്രസാദ നിർമാണ വിതരണത്തിനാവശ്യമായ സാധനങ്ങൾ, ശബരിമലയിൽ ഉണ്ണിയപ്പം, വെള്ളനിവേദ്യം, ശർക്കര പായസം, പമ്പയിൽ അവൽ പ്രസാദം, മോദകം എന്നിവ തയാറാക്കുന്നതിനാണ് ടെണ്ടർ വിളിച്ചത്. കൂടാതെ ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനും ടെണ്ടർ വിളിച്ചിട്ടുണ്ട്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ദേവസ്വം ബോർഡ് ടെണ്ടർ നടപടികൾ നേരത്തെയാണ് തുടങ്ങിയിരിക്കുന്നത്. ബോർഡ് നേരിടുന്ന വൻ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ലേല നടപടികൾ നേരത്തെ ആരംഭിച്ചതെന്നാണ് സൂചന. ഇതിലൂടെ ലഭിക്കുന്ന വരുമാനം ബോർഡിന് താത്ക്കാലിക ആശ്വാസമാകും. അതേസമയം ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അതിനാൽ വ്യാപാരികൾ ടെണ്ടറുമായി സഹകരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കർക്കടക മാസ പൂജയ്‌ക്കായി 25,000 ഭക്തർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ പ്രവേശനം അനുവദിച്ചെങ്കിലും നേർപകുതി ഭക്തർ മാത്രമാണ് എത്തിയത്.
ചിങ്ങമാസ പൂജകൾക്ക് 15,000 ഭക്തരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. മണ്ഡല, മകരവിളക്ക് ഉത്സവം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്നത് ചിങ്ങമാസപൂജകൾക്കാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് ചങ്ങപ്പുലരിയിൽ അയ്യനെ തൊഴാൻ ഭക്തരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ആചാര അനുഷ്ഠാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും കൊവിഡ് സാഹചര്യവുമാണ് ഭക്തരെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. മലയാളികൾ വളരെ കുറച്ച് മാത്രമാണ് കഴിഞ്ഞ മാസം എത്തിയത്. അതേസമയം വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കണമെന്ന ആവശ്യം ദേവസ്വം ബോർഡ് മുന്നോട്ട് വയ്‌ക്കുന്നുണ്ട്.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനം നൽകണമെന്ന ആവശ്യം ദേവസ്വം ബോർഡ് ജീവനക്കാരുടെ സംഘടന ഉയർത്തി. എന്നാൽ ബോർഡോ സർക്കാരോ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല. നേരത്തെ വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് പോലീസിൽ നിന്ന് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: