കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി തടഞ്ഞതോടെ ജസ്റ്റിസ് വി.കെ. മോഹന്‍ കമ്മിഷന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. ഇനി കമ്മിഷനെ നിലനിര്‍ത്തേണ്ട ആവശ്യം പോലുമില്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിഷന് പിരിച്ചുവിടുകയാണ് വേണ്ടത്. പക്ഷേ സര്‍ക്കാര്‍ അതിനു തയ്യാറാകുമോയെന്ന് കണ്ടറിയണം, അവര്‍ പറയുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം, ഏജന്‍സിയുടെ അന്വേഷണം അട്ടിമറിക്കാനാണെന്നും അത് പ്രതികള്‍ക്കു വേണ്ടിയുള്ളതാണെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുടര്‍ന്ന് ഇടക്കാല ഉത്തരവില്‍ അന്വേഷണം സ്റ്റേ ചെയ്യുകയും ചെയ്തു. ഉത്തരവ് ഇടക്കാലമെന്നു വിവക്ഷിക്കേണ്ടതു പോലുമില്ലെന്നും ഇനി ഇക്കാര്യത്തില്‍ മറ്റൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നും അത്രയ്ക്ക് പഴുതടച്ചുള്ള ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും നിയമ വിദഗ്ധര്‍ വിശദീകരിക്കുന്നു.
കേന്ദ്രത്തോടും കേന്ദ്ര അന്വേഷണ ഏജന്സികളോടുമുള്ള വൈരാഗ്യം തീര്‍ക്കാനും മുഖ്യമന്ത്രിക്കെതിരേ തിരിയുന്ന അന്വേഷണം അട്ടിമറിക്കാനുമാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചതെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും തള്ളി സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ച് മുന്നോട്ടു പോകുകയായിരുന്നു.
അന്ന് മാധ്യമങ്ങളും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച ആരോപണം ഇപ്പോള്‍ ഹൈക്കോടതി അതേപടി ശരിവച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്നാണ് ഹൈക്കോടതിയുടെ പ്രധാന നിരീക്ഷണം തന്നെ. മാത്രമല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സംസ്ഥാനം ഇടപെടുന്നതും കോടതി ഉത്തരവ് പ്രകാരം തെറ്റാണ്. അന്വേഷണത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് അത് അന്വേഷിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ഒന്നാം ലിസ്റ്റില്‍പ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വിശദീകരണവും കോടതി അംഗീകരിച്ചിരിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്കെതിരേ ക്രൈംബ്രാഞ്ച് എടുത്ത രണ്ടു കേസുകളും കോടതി റദ്ദാക്കിയതും ഇതേ തരത്തിലായിരുന്നു. അന്വേഷണത്തില്‍ അപാകമോ ഭീഷണിപ്പെടുത്തലോ ഉണ്ടെങ്കില്‍ കോടതിയാണ് അത് കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു അന്നും ഹൈക്കോടതിയുടെ നിലപാട്. ചുരുക്കത്തില്‍ സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം അസാധുവായിക്കഴിഞ്ഞു.
ഇവിടെ പ്രതിക്കൂട്ടിലായത് സര്‍ക്കാരും നിയമ വകുപ്പും കൂടിയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരേ രണ്ടു തരത്തിലുള്ള അന്വേഷണങ്ങള്‍ നടത്താന്‍ അനുമതി നല്കിയ നിയമ വകുപ്പാണ് ആകെ നാണം കെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: