കാബൂള്‍: അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും പിടിച്ചെടുത്ത താലിബാന് ഭീകരര്‍ മുന്‍ പ്രസിഡന്റിന്റെ മകനെ തട്ടിക്കൊണ്ടുപോയി. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗസ്നി നഗരം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഈ നടപടിയും. ഗസ്നി പിടിച്ചതോടെ 34 മേഖലാ തലസ്ഥാനങ്ങളിലെ പത്തെണ്ണവും ഭീകരരുടെ കൈവശമായി. ഗസ്നിയുടെ പ്രാന്തപ്രദേശങ്ങളില്‍ കനത്ത പോരാട്ടം നടക്കുകയാണ്. ഈ നഗരത്തില്‍ നിന്ന് കാബൂളിലേക്ക് വെറും 150 കിലോമീറ്റര്‍ മാത്രമേയുള്ളു. കാബൂള്‍ കാന്ധഹാര്‍ ഹൈവേയിലാണ് ഗസ്നി. 30 ദിവസത്തിനുള്ളില്‍ താലിബാന് കാബൂള്‍ പിടിക്കുമെന്നാണ് യുഎസ് മുന്നറിയിപ്പ്.
താലിബാന് തെക്കന്‍ അഫ്ഗാനിലെ പോലീസ് സ്റ്റേഷനും നിയന്ത്രണത്തിലാക്കി. ഹെല്‍മണ്ട് മേഖലയിലെ പ്രധാന നഗരമായ ലഷ്ക്കര്‍ ഗായിലും ശക്തമായ യുദ്ധം നടക്കുകയാണ്. താലിബാനെതിരേ പോരാടാന്‍ അഫ്ഗാന് സര്‍ക്കാര്‍ അന്താരാഷ്ട്ര സഹായം തേടി. താലിബാന് നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളും പൈശാചികതയും മനുഷ്യക്കുരുതിയും അതിഭീകരമാണ്. ഇതിനെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണം, വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
അതിനിടെ, അഷ്റഫ് ഘാനി പ്രസിഡന്റായി തുടരുന്നിടത്തോളം കാലം താലിബാന് ചര്‍ച്ചയ്ക്ക് സന്നദ്ധമല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു. തന്നോട് ഇക്കാര്യം താലിബാന് നേതാക്കളാണ് വ്യക്തമാക്കിയത്. താന്‍ അവരെ പിന്തിരിപ്പിക്കാന് നോക്കിയതായും ഇമ്രാന് അവകാശപ്പെടുന്നു. ഇന്ത്യ അഫ്ഗാന് നല്കിയ നാലു ഹെലിക്കോപ്ടറുകളില്‍ ഒന്ന് താലിബാന് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എംഐ 24 കോപ്ടറാണിത്.
എന്നാല്‍, ഇത് അവര്‍ക്ക് പറത്താന്‍ പറ്റില്ല. ഭീകരര്‍ പിടിച്ചെടുക്കുമെന്ന് ഭയമുള്ളതിനാല്‍ സൈന്യം കോപ്ടറിന്റെ റോട്ടര്‍ ബ്ലേഡുകള് അഴിച്ചു മാറ്റിയിരുന്നു. ഈ കോപ്ടറിനു സമീപം ഭീകരര്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താലിബാന് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. പ്രസിഡന്റ് ഘാനി കരസേനാ മേധാവി ജനറല്‍ വാലി മുഹമ്മദ് അഹമ്മദ് സായിയെ നീക്കി മറ്റൊരാളെ വച്ചതായും സൂചനയുണ്ട്. താലിബാനെ നേരിടുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഈ ജൂണില്‍ മാത്രം അധികാരമേറ്റ ജനറല്‍ വാലിയെ നീക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: