സ്വര്‍ണ-ഡോളര്‍ കടത്തു കേസുകളില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവും കസ്റ്റംസ് റിപ്പോര്‍ട്ടും. കേസുകളി
ല്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തിട്ടുള്ള കേസില്‍ സമാന്തര അന്വേഷണം നടത്തുന്നത് അന്വേഷണത്തെ തകിടം മറിക്കുമെന്നും, ആത്യന്തികമായി കേസിലെ പ്രതികള്‍ക്കായിരിക്കും ഇത് ഗുണം ചെയ്യുകയെന്നും നിരീക്ഷിച്ചാണ് സര്‍ക്കാരിന്റെ എതിര്‍വാദങ്ങളെ കോടതി തള്ളിയിരിക്കുന്നത്. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപി
ച്ചതിലും സര്‍ക്കാരിന് കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. സ്വര്‍ണ കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥന് നി
ര്‍ബന്ധിച്ചുവെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അഥവാ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് പരിശോധിക്കേണ്ടത് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണെന്ന് വ്യക്തമാക്കിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. ക്രൈബ്രാഞ്ച് അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലും കോടതിയുടെ നിലപാട് ഇതായിരുന്നു. ഇപ്പോഴത്തെ കോടതി ഉത്തരവിനോട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് ബോധപൂര്‍വമാണ്. ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയാവുന്നത് മുഖ്യമന്ത്രിയുടെ നില ഒന്നുകൂടി പരുങ്ങലിലാക്കും.
സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതിന്റെ മുന്നോടിയായിട്ടുള്ള കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസിലെ വിശദാംശങ്ങള്‍ പുറത്തുവന്നതാണ് മുഖ്യമന്ത്രിക്കും മറ്റും തിരിച്ചടിയായിരിക്കുന്ന മറ്റൊരു കാര്യം. മുഖ്യമന്ത്രിയായശേഷം 2017 ല്‍ നടത്തിയ ആദ്യ യുഎഇ യാത്രയില്‍ പിണറായി വിജയന് ഡോളര്‍ കടത്തിയെന്ന് കേസിലെ പ്രതികളായ പി.എസ്. സരിത്തും സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ കള്ളക്കടത്തും ഡോളര്‍ കടത്തുമൊക്കെ നടന്നിട്ടുള്ളതെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഈ മൊഴികള്‍. സെക്രട്ടറിയേറ്റില്‍ മനഃപൂര്‍വം മറന്നുവച്ച ഒരു ബാഗ് മുഖ്യമന്ത്രി യുഎഇയില്‍ എത്തിയശേഷം നയതന്ത്ര ചാനല്‍ വഴി അങ്ങോട്ടു കൊടുത്തയയ്ക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ നി
ര്‍ദ്ദേശിച്ചുവെന്നും, അതനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നും സരിത്ത് പറഞ്ഞതായാണ് മൊഴി. ഈ ബാഗില്‍ എന്താണെന്നറിയാനുള്ള ഔത്സുക്യത്താല്‍ അത് പരിശോധിച്ചപ്പോള്‍ ഡോളറാണെന്ന് മനസ്സിലായിരുന്നുവെന്നുമാണ് സരിത്തിന്റെ മൊഴി. ഏതാണ്ട് സമാനമായ രീതിയില്‍ ഒരു വിദേശ യാത്ര കഴിഞ്ഞുവന്ന മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഒരു പാക്കറ്റ് സ്വപ്നയുടെ കൈവശം യുഎഇ കോണ്‍സുലേറ്റിലേക്ക് കൊടുത്തയച്ചുവെന്നാണ് കസ്റ്റംസ് റിപ്പോര്‍ട്ടിലെ മറ്റൊരു വെളിപ്പെടുത്തല്‍. കേരളം ഭരിച്ച മറ്റൊരു മുഖ്യമന്ത്രിക്കെതിരെയും ഉയര്‍ന്നിട്ടില്ലാത്ത അതീവ ഗുരുതരമായ ആരോപണമാണിത്.
കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം മുഖ്യമന്ത്രിയും മുന്‍ സ്പീക്കറും എന്തുകൊണ്ട് ഭയപ്പെട്ടു? ഈ അന്വേഷണം അട്ടിമറിക്കാന്‍ എന്തിന് നിയമവിരുദ്ധമായി ക്രൈംബ്രാഞ്ചിനെയും ജുഡീഷ്യല്‍ കമ്മീഷനെയും രംഗത്തിറക്കി? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കസ്റ്റംസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സുഗമമായി മുന്നോട്ടു പോയാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമുള്ള തങ്ങള്‍ പിടിയിലാവുമെന്ന് ഇരുവര്‍ക്കും ഉറപ്പായിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് യുഎഇ ഉദ്യോഗസ്ഥര്‍ സ്വന്തം രാജ്യത്തേക്കു പോയത് മുഖ്യമന്ത്രിയുടെയും മറ്റും അറിവോടും ഒത്താശയോടും കൂടിയായിരുന്നുവെന്നാണ് ഇപ്പോള്‍ മനസ്സിലാക്കേണ്ടത്. ഇവര്‍ വിദേശത്തായിരിക്കുന്നിടത്തോളം തങ്ങളെ പിടികൂടാനാവില്ലെന്ന ധൈര്യമാണ് മുഖ്യമന്ത്രിയെ നയിച്ചത്. ഇതേസമയം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുമേല്‍ ചുമത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. സ്വര്‍ണ കള്ളക്കടത്തിനും ഡോളര്‍ കടത്തിനും കൂട്ടുനിന്ന നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയൂവെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി, മുഖ്യമന്ത്രിക്കും മറ്റുമെതിരെ തെളിവില്ലെന്ന് വാദിക്കുകയാണ് പാര്‍ശ്വവര്‍ത്തികള്‍. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ വിദേശത്തെ പ്രതികളെ പിടികൂടുന്നതുവരെ മാത്രമേ ഇത് വിലപ്പോവുകയുള്ളൂ. ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ കമ്മീഷന് പ്രഖ്യാപനവും റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലെ തടസ്സങ്ങള്‍ നീക്കിയിരിക്കുകയാണ്. അന്വേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: