കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയിലുമായി ജന്മഭൂമി ഇടുക്കി ജില്ലാ ലേഖകന്‍ അനൂപ് ഒ.ആര്. നടത്തിയ അഭിമുഖം.
കാലാവസ്ഥയിലെ തീവ്ര മാറ്റങ്ങളുടെ കാരണം?
ആഗോളതാപനത്തിന്റെ പരിണത ഫലങ്ങളാണ് മുഖ്യ കാരണം. ആഗോളതാപനം രൂക്ഷമാകാന്‍ കാരണം അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളും ഫോസില്‍ ഇന്ധനങ്ങളുടെ വ്യാപക ഉപയോഗവുമാണ്. കേരളത്തിലും താളംതെറ്റിയ കാലവര്‍ഷം, മഴയില്ലാത്ത ഇടവപ്പാതികള്‍, കാലവര്‍ഷത്തിലെ ഇടിമിന്നല്‍, കാലവര്‍ഷത്തില്‍ കാണാന്‍ പാടില്ലാത്ത മേഘങ്ങള്‍, ശക്തമായ കാറ്റ്, വെള്ളപ്പൊക്കം, അതിതീവ്ര മഴ, അറബിക്കടല്‍ അശാന്തമാകുന്നു, സമയംതെറ്റിയുള്ള കൊടുങ്കാറ്റ്, ഉഷ്ണതരംഗം, ശീത തരംഗം, കാലം തെറ്റിയ മഴ തുടങ്ങിയവയെല്ലാം ആഗോള താപനത്തിന്റെ ഫലമാണ്. ഇക്കാര്യം ശാസ്ത്ര സമൂഹവും അംഗീകരിക്കുന്നു.
അറബിക്കടലില്‍ മുന്‍കാലങ്ങളില്‍ ചുഴലിക്കാറ്റുകള്‍ കുറവായിരുന്നെങ്കില്‍ സമീപകാലത്ത് അത് മാറി. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിനെപ്പോലും കവച്ചുവയ്ക്കുന്ന തരത്തിലാണ് ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുകയും ശക്തമാകുകയും ചെയ്യുന്നത്. കേരള തീരത്തുകൂടി കടന്നു പോയ ഓഖി, ‘ടൗട്ടേ തുടങ്ങിയ ചുഴലിക്കാറ്റുകള്‍ ഇതിന് ഉദാഹരണം. വലിയ നാശമാണ് ഇവ തീരത്തൂകൂടി പോയപ്പോള്‍ തന്നെ കേരളത്തിലുണ്ടായത്. അറബിക്കടലിലെ മാറ്റം വളരെ വേഗത്തിലാണ്. ഇത് ഭാവിയില്‍ കേരളത്തെ സാരമായി ബാധിക്കും.
മഴക്കാലത്ത് പോലും കൂമ്പാര മഴമേഘങ്ങള്‍ രൂപപ്പെട്ട് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്നു. 205 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ കിട്ടുന്ന സാഹചര്യം മുന്‍പ് കേരളത്തിലുണ്ടായിരുന്നില്ല. 400 മില്ലി മീറ്റര്‍ വരെയാണ് ഇപ്പോള്‍ പ്രതിദിനം പെയ്തിറങ്ങുന്നത്.
കേരളത്തിന്റെ ഭാഗ്യമായ മണ്‍സൂണിന്റെ സ്വഭാവം മാറുകയാണ്. ജൂണ്‍-സെപ്തംബര്‍ വരെയുള്ള മഴയുടെ തുടക്കത്തിലെയും അവസാനത്തെയും ശക്തിയും ഇടവേളകളും പലതരത്തില്‍ മാറിക്കഴിഞ്ഞു. ഇടി, മിന്നല്‍ പോലുള്ളവയും ഈ സമയത്ത് കാണുന്നു. ആഗോള താപനം കുറച്ചുകൊണ്ടുവരിക മാത്രമാണ് ഇതിന് പരിഹാരം. എന്നാല്‍ നിലവിലെ പോക്ക് ഇതിന് വിപരീതമാണ്.
കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍?
കാലാവസ്ഥാ വ്യതിയാനം ഉടന്‍ പ്രതിഫലിക്കുക കാര്‍ഷിക മേഖലയിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ് കാര്‍ഷിക രംഗം. ഇന്ത്യയില്‍ മണ്‍സൂണ്‍ കുറയുന്നത് ഭക്ഷ്യധാന്യ ഉത്പാദനത്തെ ബാധിക്കും. 2014-15 വര്‍ഷങ്ങളില്‍ ഇത് പ്രകടമായിരുന്നു. മണ്‍സൂണാണ് ഭക്ഷ്യധാന്യ മേഖലയെ നിയന്ത്രിക്കുന്നത്.
കേരളത്തില്‍ ഒന്നാം വിള കൃഷി(വിരിപ്പ്) യുടെ കാര്യത്തിലും ഇത്തരം പ്രശ്നങ്ങളുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂടുതല്‍ കൃഷി നശിക്കാന്‍ കാരണം വെള്ളക്കെട്ടാണ്. മഴ കുറയുന്നതും കൃഷി നശിക്കാനിടയാക്കുന്നു.
രണ്ടാം വിള കൃഷിക്കാലത്ത് മഴ കുറയുന്നതും ചൂട് കൂടി കൃഷി ഉണങ്ങുന്നതും കാണാറുണ്ട്. കനാല്‍ വഴിയുള്ള വെള്ളമാണ് ഇവിടെ ആശ്രയമാകുന്നത്. ഇത്തരത്തില്‍ മഴ കുറയുന്നതാണ് പലപ്പോഴും തിരിച്ചടി. ജീവനോപാധിയെപ്പോലും ബാധിക്കുന്ന തരത്തിലാണ് കാലാവസ്ഥാ വ്യതിയാനം നില്‍ക്കുന്നത്. കര്‍ഷകര്‍ നേരിട്ട് ഉത്പാദിപ്പിക്കുന്നതിനാല്‍ പ്രകൃതിക്ഷോഭം വലിയ നാശം വിതക്കും. കാര്‍ഷിക മേഖലയിലുണ്ടാകുന്ന ചെറിയ ചാഞ്ചാട്ടം പോലും വലിയ രീതിയില്‍ രാജ്യത്ത് പ്രതിഫലിക്കും. അടുത്ത കാലത്തായി കുട്ടനാട്ടിലുണ്ടാകുന്ന വെള്ളപ്പൊക്കം ഇതിന് ഉദാഹരണം. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജനങ്ങള്‍ കാലാവസ്ഥ അവബോധമുള്ളവരാകണം. സ്കൂളുകളില്‍ നിന്നടക്കം പരിസ്ഥിതി അവബോധം പകര്‍ന്ന് നല്‍കുന്നതിനൊപ്പം കാലാവസ്ഥ അവബോധവും നല്‍കണം. വിവിധ സംഘടനകളും ശാസ്ത്രഞ്ജരും ബോധവത്കരണവും ക്ലാസുകളുമായി വേണ്ട നിര്‍ദേശം നല്‍കണം. ഇടിമിന്നല്‍ സമയത്ത് എന്ത് ചെയ്യണം, ചൂടുമായി ബന്ധപ്പെട്ട് എന്ത് ചെയ്യണം, കനത്ത മഴയ്ക്ക് സാധ്യതയുള്ളപ്പോള്‍ ജനങ്ങള്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും ബോധവത്കരണം നല്‍കണം. ജനങ്ങള്‍ അത് പാലിക്കണം. അങ്ങനെയേ അപകടങ്ങളും ജീവഹാനിയും ഒഴിവാക്കാനാകൂ.
വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കേരളത്തിന്റെ കാലാവസ്ഥയില്‍ മേഘങ്ങള്‍ക്ക് രൂപാന്തരം സംഭവിച്ചതായി വ്യക്തം. മഴക്കാലത്ത് ഉണ്ടാകുന്ന മേഘങ്ങള്‍ നിംബോസ്ട്രാറ്റസ് ആണ് മഴക്കാലത്ത് കാണുന്നത്. മഴമേഘങ്ങള്‍ എന്നറിയിപ്പെടുന്ന ഇവ നാലു കിലോ മീറ്റര്‍ വരെയാണ് ഉയരം വയ്ക്കുക. എന്നാല്‍ സമീപകാലത്തായി ഇത്തരം മേഘങ്ങള്‍ക്ക് രൂപമാറ്റം സംഭവിച്ച് ഉയരം കൂടിയ കുമിലോ നിംബസ്(കൂമ്പാര മഴ) മേഘങ്ങളാകുന്നു. ഇത്തരം മേഘങ്ങളില്‍ നിന്നാണ് ഇടിമിന്നലും വലിയ തോതില്‍ കുറഞ്ഞ സമയത്തുള്ള മഴയും ലഭിക്കുക. മേഘവിസ്ഫോടനം പോലുള്ളവ ഉണ്ടാവുന്നതും ഇതിലൂടെയാണ്.
എറണാകുളത്തുണ്ടായ സ്ക്വാള്‍ ലൈന്‍ പ്രതിഭാസം ഇതിന് ഉദാഹരണം. നിരവധി കൂമ്പാര മഴ മേഘങ്ങള്‍ ഒന്നിച്ച് ഒരേ ദിശയില്‍ എത്തുന്നതാണ് ഇതിനു കാരണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ തുടരുകയാണ്. മേഘങ്ങളില്‍ നിന്നുള്ള ഡൗണ്‍ ഡ്രാഫ്റ്റ്(കീഴ്ത്തള്ളല്‍) ഒരു മേഖലയില്‍ ശക്തമായ കാറ്റിന് കാരണമാകും. അതിതീവ്രമഴയും ഇത്തരം മേഘങ്ങളില്‍ നിന്നാണ് ഉണ്ടാകുക. വളരെ വേഗത്തില്‍ രൂപമെടുക്കുന്ന ഈ മേഘങ്ങളെ പെട്ടെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. സാധാരണയായി കാണപ്പെടുന്ന അന്തരീക്ഷ ചുഴി, ന്യൂനമര്‍ദപാത്തി, ന്യൂനമര്‍ദം എന്നിവയും ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യങ്ങളാണ്. ഇവയ്ക്കൊപ്പം മേല്‍പ്പറഞ്ഞ മേഘങ്ങള്‍ കൂടി ഉണ്ടായാല്‍ അതി തീവ്രമഴയുണ്ടാകും. ഇതാണ് പ്രാദേശികമായി മിന്നല്‍ പ്രളയത്തിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നത്.
വനനശീകരണം, പാറ ഖനനം എന്നിവ ഏത് തരത്തില്‍ ബാധിക്കുന്നു?
കേരളത്തില്‍ വന വിസ്തൃതിയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. 1900ല്‍ നിന്ന് നിലവിലെ കാലത്തിലേക്ക് എത്തിയപ്പോള്‍ വനം മൊത്തം വിസ്തൃതിയുടെ 25% താഴെയായി. ഇടുക്കിയിലടക്കം നിര്‍മാണങ്ങളുടെ ഭാഗമായും വനഭൂമി വെട്ടിത്തെളിച്ചിട്ടുണ്ട്.
നിരവധി ക്വാറികളാണ് പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ കല്ലുപയോഗിച്ചാണ് വീടുപണി മുതല്‍ സംസ്ഥാനത്തെ എല്ലാ ആവശ്യങ്ങള്‍ക്കും കടല്‍ക്ഷോഭം തടയാനും മണ്ണൊലിപ്പ് തടയാനുമടക്കം ഉപയോഗിക്കുന്നത്. കൈയേറ്റം, ഭവനനിര്‍മാണം, റോഡ്, ജല സംഭരണി, കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം വനം നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
മഴക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വനം. വനഭൂമിയില്ലാതെ വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മഴ കുറയാനും അത് കടുത്ത വരള്‍ച്ചയിലേക്കും ഭാവിയില്‍ എത്താനുമിടയാക്കും.
വനഭൂമിയുടെ നാശം ഹൈറേഞ്ചിന്റെ കാലാവസ്ഥയെ ബാധിച്ചു കഴിഞ്ഞു. തണുപ്പ് പോലുള്ള ഹൈറേഞ്ചിന്റെ മാത്രം പ്രത്യേകതകള്‍ ഇപ്പോള്‍ മാറിത്തുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് വയല്‍ നാടായിരുന്നു വയനാടെങ്കില്‍ ഇന്നതിനു മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ വന്‍ തോതില്‍ വയലുകള്‍ നികത്തി മറ്റ് കൃഷികളിറക്കിത്തുടങ്ങി. ഭൂമിയുടെ മാറ്റം ഭൂഗര്‍ഭ ജലം വന്‍ തോതില്‍ ഇവിടെ ചൂഷണം ചെയ്യുന്ന രീതിയിലേക്കു മാറി.
ഇടുക്കിയിലും ചൂട് കൂടി വരികയാണ്. ഹൈറേഞ്ചില്‍ പകല്‍ ചൂട് കൂടുകയും രാത്രി ചൂട് കുറയുകയും ചെയ്യുന്നു. ഇത് ഇവിടെ വളരുന്ന കാപ്പി, ഏലം, തേയില, കുരുമുളക് പോലുള്ള തനത് വിളകളുടെ ഭാവി തുലാസിലാക്കുന്നു. മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്നത് വയനാട്, ഇടുക്കി ജില്ലകളെ വലയ്ക്കുന്നുണ്ട്. അധിനിവേശ കൃഷികള്‍ ഇടുക്കിയിലും വയനാടും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇതും പ്രകൃതിയുടെ മാറ്റത്തിന് മുഖ്യ കാരണമാണ്. പശ്ചിമഘട്ടത്തിലെ ക്വാറികളുടെ എണ്ണം പോലും കൃത്യമായി പുറത്ത് വിട്ടിട്ടില്ല. പൊട്ടിച്ച് തീര്‍ന്ന പാറക്കുളങ്ങളെ എങ്ങനെ ഉപയോഗിക്കും, ഇതില്‍ വെള്ളം കെട്ടി കിടന്ന് അത് മണ്ണിലേക്ക് ഇറങ്ങി ഉണ്ടാകാവുന്ന സോയില്‍ പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങളും ചിന്തിക്കപ്പെടേണ്ടതാണ്. ഇവ പഠന വിധേയമാക്കി പരിഹാരം തേടണം. താഴത്തെ മണ്ണ് ഒലിച്ച് പോകുന്നതിനാല്‍ കിണര്‍, വീട് എന്നിവ ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ഹൈറേഞ്ച് മേഖലയില്‍ കൂടി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: