‘ഞാന്‍ ജയിലില്‍ വെച്ച് ആഗസ്ത് 15 ആഘോഷിക്കാന്‍ തീരുമാനിച്ചു. അതിനായി സൂക്ഷിച്ചുവെച്ചിരുന്ന ഒരു ദേശീയ പതാകയുമായി ഞാന്‍ രാവിലെ ജയിലിലെ വഴികളില്‍ക്കൂടി നടന്നു. ചില തടവുകാര്‍ എന്റെ കൂടെ വന്നു. മൂന്നാം ബ്ലോക്കിലെ തടവുകാരെല്ലാം പുറത്തുവന്നു. അവിടെ പതാകയുയര്‍ത്തി. ഞാന്‍ നാലോ അഞ്ചോ മിനിറ്റ് നേരം സംസാരിച്ചു…. ‘. ഇത് എ.കെ. ഗോപാലന്റെ വാക്കുകളാണ്, ആത്മകഥയില്‍ രേഖപ്പെടുത്തിയത്. ( എന്റെ ജീവിത കഥ, എ.കെ. ഗോപാലന്, പേജ്- 187 ). ജീവിതത്തില്‍ ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചുവെന്ന സിപിഎമ്മിന്റെ പ്രസ്താവന വായിച്ചപ്പോഴാണ് എകെജിയെ ഓര്‍മ്മവന്നത്. പാര്‍ട്ടി നിലപാടിനെതിരെ എകെജിയെപ്പോലുള്ളവര്‍ അന്നും പരസ്യമായി രംഗത്തുണ്ടായിരുന്നു എന്നതല്ലേ വായിച്ചെടുക്കേണ്ടത്; അക്കാര്യം ആത്മകഥയില്‍ അദ്ദേഹത്തിന് തുറന്നുപറയാനും കഴിഞ്ഞു. എന്തുകൊണ്ടോ അത് കേരളത്തില്‍ പോലും ചര്‍ച്ചചെയ്യപ്പെട്ടില്ല.
അവിടെ കഴിഞ്ഞില്ല, ‘ഏത് ലക്ഷ്യത്തിന് വേണ്ടിയാണോ ഞാന്‍ എന്റെ യൗവനം മുഴുവന്‍ ചെലവഴിക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തത്, ആ ലക്ഷ്യം നിറവേറിയതില്‍ ഞാന്‍ ആഹഌദിച്ചു…’ എന്നും ‘എനിക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ജയിലിന്റെ നാല് മൂലയില്‍ നിന്നും ജയ് വിളികള്‍ ഉയര്‍ന്നു. ‘ മഹാത്മാ ഗാന്ധി കി ജയ്, ഭാരത് മാതാ കി ജയ് ‘ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജയിലില്‍ അലയടിച്ചുയര്‍ന്നു. രാജ്യം മുഴുവന്‍ സൂര്യോദയത്തിന് ശേഷമുള്ള ആഹഌദ പ്രകടനം കാത്തിരിക്കുകയായിരുന്നു’ എന്നും എകെജി തുറന്നുപറഞ്ഞിട്ടുണ്ട്. (പേജ് 186 ). എകെജി കുറിച്ചത് കളവാണ് എന്ന് വേണമെങ്കില്‍ പറയാം; കാരണം ചരിത്രം മറ്റൊരു തരത്തിലാണ് ആ ദിവസത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് നിലപാടിനെ ചിത്രീകരിച്ചിട്ടുള്ളത്. സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പരസ്യമായി പറഞ്ഞവരാണ് അവര്‍. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തു എന്നുള്ള ആക്ഷേപത്തെ സാധൂകരിക്കാന്‍ തെളിവുകളും അനവധിയുണ്ട്. അതിനിടെയാണ് എകെജിയുടെ വ്യത്യസ്ത നിലപാട് നാം കാണുന്നത്. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ആ മുഹൂര്‍ത്തത്തെ എത്ര വൈകാരികമായാണ് അദ്ദേഹം കണ്ടത് എന്നതാണ്… തനിക്ക് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല; അവിടെ ചുറ്റും ജയ് വിളികള്‍, ഭാരത് മാതാ കി ജയ് എന്നും മറ്റും ഉയര്‍ന്നുകേട്ടു. ഇതൊക്കെ ഒരു കമ്മ്യുണിസ്റ്റുകാരന് തുറന്നുപറഞ്ഞത് പ്രധാനമല്ലേ? നാം ഈ വേളയിലെങ്കിലും അത് ചര്‍ച്ച ചെയ്യേണ്ടതല്ലേ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വൈതാളികാരുടെ കൂട്ടത്തിലായിരുന്നില്ല എകെജി എന്ന് വിലയിരുത്തിക്കൂടേ?
സിപിഎമ്മിന്റെ പുറപ്പാട് ദേശവിരുദ്ധത രാജ്യദ്രോഹം
ഇപ്പോള്‍ സിപിഎം സ്വാതന്ത്ര്യ സമരത്തോട് സ്വീകരിക്കുന്ന നിലപാടാണ് രസകരം. ‘സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ ഉതകും വിധം സ്വാതന്ത്ര്യ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കു’ മത്രെ. സിപിഎമ്മിന്റെ ഇപ്പോഴത്തെ ഈ നീക്കം നല്ലതാണ് എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍; സിപിഎമ്മിന്റെ പഴയ രാജ്യദ്രോഹ – മതമൗലികവാദ നിലപാടുകള്‍ വീണ്ടും പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ചരിത്രം അറിയാത്ത യുവതലമുറയിലേക്ക് അതെത്തും.
സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശവിരുദ്ധ-രാജ്യദോഹ നിലപാടുകള്‍, ബ്രിട്ടീഷ് പക്ഷത്താണ് അവര്‍ അണിനിരന്നത് എന്നതൊക്കെ, ചരിത്രത്തിന്റെ ഭാഗമാണിന്ന്. അത് ഇക്കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ഒരു പക്ഷെ അതിന് ദേശീയ പ്രാധാന്യം കൈവന്നത് 1990 -കളില്‍ അരുണ്‍ ഷൂറി ഉയര്ത്തിക്കൊണ്ടുവന്നപ്പോഴാവണം. ഇന്ത്യയുടെ സ്വാതന്ത്ര്യമല്ല, കമ്മ്യുണിസ്റ്റ് റഷ്യയുടെ താല്പര്യമാണ് പ്രധാനം എന്നതായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ കൈക്കൊണ്ടത്; അവരെ നയിച്ചത് വിദേശ താല്പര്യങ്ങളായിരുന്നു എന്നര്‍ത്ഥം. അങ്ങിനെയാണ് അവര്‍ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തത്. അത് അരുണ്‍ ഷൂറി വിശദീകരിക്കുന്നതിന് മുമ്പേ തന്നെ കേരളത്തിലെ കമ്മ്യുണിസ്റ്റ് സൈദ്ധാന്തികനായിരുന്ന കെ.ദാമോദരന്‍ തുറന്നു പറഞ്ഞിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ എന്ത് നിലപാടെടുക്കണം എന്നതിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങളെക്കുറിച്ച് ‘കെ.ദാമോദരന്‍ – തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ – ഒരു ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പ്’ എന്ന പുസ്തകത്തില്‍ വ്യക്തമായുണ്ട്. (പേജ് 169, 170 ). യുദ്ധവിരുദ്ധ നിലപാടാണ് അതുവരെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ പിന്നീടത് മാറി. അടിസ്ഥാനപരമായി സോവിയറ്റ് യൂണിയനെ സഹായിക്കുക എന്നതായിരുന്നു തീരുമാനം. ബ്രിട്ടനും സോവിയറ്റ് യൂണിയനും
ഒന്നിച്ചായതിനാല്‍ സായിപ്പിനെതിരെ ഒരു നീക്കവും പാടില്ല. അതായത്, സോവിയറ്റ് യൂണിയന് അന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളോട് നിര്‍ദേശിച്ചത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിലകൊള്ളാനാണ്; അതോടെ ക്വിറ്റ് ഇന്ത്യ സമരമടക്കമുള്ള ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങളെ തകര്‍ക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ തീരുമാനിച്ചു എന്ന യാഥാര്‍ഥ്യം കെ.ദാമോദരന്‍ ശരിവയ്ക്കുന്നു.
‘ബ്രിട്ടീഷ് സാമ്രാജ്യത്വം നല്കിയ നിയമ സാധുത്വം ഉപയോഗിച്ച് പുതിയ അംഗങ്ങളെ നേടാനും ട്രേഡ് യൂണിയന് രംഗത്തെ ശക്തി വര്‍ധിപ്പിക്കാനും കഴിഞ്ഞുവെന്നത് ശരി. പക്ഷെ അത് ജനകീയ സമരങ്ങളുടെ ഒഴുക്കിനെതിരായ നീന്തലായിരുന്നു. എല്ലാ നിലയിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സഖ്യശക്തിയായി പാര്‍ട്ടിയെ കാണാന്‍ അതിടയാക്കി എന്നതും വിസ്മരിച്ചു കൂടാ.’ എന്നും ദാമോദരന്‍ പറയുന്നു. മാത്രമല്ല, ‘ ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ഇടതുപക്ഷ ദേശീയവാദികളുടെ രോഷം തികച്ചും എനിക്ക് അനുഭവപ്പെട്ടു. ‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്താങ്ങികള് തുലയട്ടെ ‘ എന്ന് ഞങ്ങളുടെ യോഗസ്ഥലങ്ങളില്‍ വന്ന് അവര്‍ വിളിച്ചു പറയുമായിരുന്നു……..’.
‘ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തത് വഴി മുഖ്യധാരയില്‍നിന്ന് പാര്‍ട്ടി ഒറ്റപ്പെട്ടു. അഞ്ചാം പത്തികളെന്ന് മുദ്രകുത്തിയവര്‍ നായകന്മാരായി ഉയര്‍ന്നുവന്നു. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തെ കോണ്‍ഗ്രസിന് തളികയില്‍ വെച്ച് സമ്മാനിക്കുകയാണ് സിപി
ഐ ചെയ്തത്’ എന്നും ആ കമ്മ്യുണിസ്റ്റ് സൈദ്ധാന്തികന്‍ തുറന്നു പറയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണല്ലോ. കെ ദാമോദരന്റെ ലേഖന സമാഹാരം ഇറങ്ങിയത് 2011 -ലാണെങ്കിലും ആ അഭിമുഖം ആദ്യം പുറത്തുവന്നത് 1990 -ലാണ്; അരുണ്‍ ഷൂരിയുടെ പുസ്തകം 1991 -ലും.
എന്നാല്‍ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ഇക്കാര്യങ്ങളൊക്കെ വിലയിരുത്തുകയും സ്വാതന്ത്ര്യ സമരത്തിനെതിരെ എടുത്ത നിലപാടുകളെ ന്യായീകരിക്കുകയും ചെയ്തു എന്നതും ചരിത്രരേഖയാണ് ; ‘ലോകമഹായുദ്ധ കാലത്ത് ആഗോള തലത്തില്‍ നടന്നുകൊണ്ടിരുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുമായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കണ്ണിചേര്ക്കേണ്ടതുണ്ടെന്ന ശരിയായ നിഗമനമായിരുന്നു പാര്‍ട്ടി എടുത്തത്’. ( ‘സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം’- ചിന്ത പബ്ലിഷേഴ്സ്, പേജ് -28 )
പാര്‍ട്ടി കോണ്‍ഗ്രസില്‍ മുസ്ലിം ലീഗിനൊപ്പം
1948 -ല്‍ കൊല്‍ക്കത്തയില്‍ നടന്ന സിപിഐയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയങ്ങളിലും രാജ്യദ്രോഹ നിലപാട് സംബന്ധമായ വിശദീകരണമുണ്ട്. ‘യുദ്ധകാലത്തെ ബഹുജന സമരങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ യുദ്ധശ്രമങ്ങളെ ബാധിച്ചേക്കാമെന്ന കണക്കുകൂട്ടലില്‍ അവയെ നിരുത്സാഹപ്പെടുത്തുന്ന ശ്രമങ്ങളാണ് പാര്‍ട്ടി സ്വീകരിച്ചത്. ആഗസ്റ്റ് സമരം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യ സമരത്തോടെടുത്ത നമ്മുടെ നിലപാടിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു. അതിന് പാര്‍ട്ടി കൊടുക്കേണ്ടിവന്ന വിലയാവട്ടെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ നിന്നുള്ള ഒറ്റപ്പെടലായിരുന്നു. ഈ കാലയളവില്‍ ഉയര്‍ന്നുവന്ന പാകിസ്ഥാന് വാദത്തോടുള്ള സമീപനത്തിലും പാര്‍ട്ടി എടുത്ത നിലപാട് ശരിയായിരുന്നില്ല. (പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം- പേജ് 29). ഈ ഒറ്റപ്പെടലിന്റെയും വഞ്ചനയുടെയും ചരിത്രമാണോ ഈ 15 ന് സഖാക്കള്‍ക്ക് പറഞ്ഞുകൊടുക്കുക?
ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുസ്ലിം ലീഗിന്റെ, പാകിസ്ഥാന്റെ, കൊടി തൂക്കിയവരാണിവര് എന്നതും മറന്നുകൂടാ. ‘ബോംബെയിലെ കാംഗാര്‍ മൈതാനത്തിനടുത്തുള്ള ആര്‍എം ഭട്ട് സ്കൂള്‍ ഹാളിലാണ് 1943 മെയ് 23 മുതല്‍ ജൂണ്‍ ഒന്നുവരെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ചേര്‍ന്നത്. വേദിയില്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്, സ്റ്റാലിന് എന്നിവരുടെ ചിത്രങ്ങള്‍ കൂടാതെ മഹാത്മാ ഗാന്ധി, നെഹ്റു, ജിന്ന, സഹോദര പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങളും പുറകിലായി കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികളും സ്ഥാപിച്ചിരുന്നു’ എന്നും ‘പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം’ അനാവരണം ചെയ്യുന്നുണ്ട്. ദ്വിരാഷ്ട്ര വാദം 1935 മുതലെങ്കിലും മുസ്ലിം ലീഗ് ഉയര്‍ത്തുന്നുണ്ടായിരുന്നു; മാത്രമല്ല മുസ്ലിം ലീഗുകാര്‍ അക്കാലത്തൊക്കെ ബ്രിട്ടീഷ് പാദസേവകരെപ്പോലെയാണല്ലോ നിലകൊണ്ടിരുന്നതും.ഇന്ത്യയെ വിഭജിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കൊടിയും ചിത്രവുമായാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത് എന്നര്‍ത്ഥം. ഇതും ഇന്നിപ്പോള്‍ യുവ സഖാക്കളോട് സിപിഎം തുറന്നുപറയുമല്ലോ?
അത് മാത്രമല്ല, സ്വാതന്ത്ര്യം കിട്ടിയ അന്ന്, 1947 ആഗസ്റ്റ് 15 ന്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒരു നെടുങ്കന്‍ സന്ദേശം പാക്കിസ്ഥാന് അയച്ചിട്ടുണ്ട്. അതുപോലൊരു ‘സാരോപദേശം’ മുഹമ്മദാലി ജിന്നക്ക് എവിടെനിന്നും ലഭിച്ചിരിക്കില്ല, സാക്ഷാല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്ന് പോലും. യഥാര്‍ഥത്തില്‍ മുസ്ലിം ലീഗ് ഉയര്‍ത്തിയ ദ്വിരാഷ്ട്രവാദത്തിനൊപ്പമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നതാണത് കാണിച്ചുതരുന്നത്. ഓരോ വാക്കിലും അത് നിഴലിക്കുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുക്കുകയും ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവേല ചെയ്യുകയും മാത്രമായിരുന്നില്ല കമ്മ്യുണിസ്റ്റുകാര്‍ ചെയ്തത്, പാക്കിസ്ഥാനും മുസ്ലിം ലീഗിനും വേണ്ടി നിലകൊള്ളുകയും ചെയ്തു. പാവം എകെജി ഇതൊന്നുമറിയാത്ത വിധത്തില്‍ സംസാരിച്ചിരിക്കുന്നു. അങ്ങിനെ ഒന്നുമറിയാത്ത ഒരാളായിരുന്നില്ല അദ്ദേഹം എന്നതും സ്മരിക്കാതെ വയ്യല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: