Categories: World

ഗസ്‌നി നഗരം പിടിച്ച താലിബാന്‍ കാബൂളിലേക്കടുക്കുന്നു; താലിബാന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് സമ്മതിച്ച് അഫ്ഗാന്‍ പ്രസിഡന്‍റ്

Published by

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നി നഗരവും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അധികം വൈകാതെ കാബൂള്‍ കൂടി താലിബാന്‍ കയ്യടക്കിയേക്കുമെന്ന ഭീതിയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ യുദ്ധം അവസാനിപ്പിക്കാന്‍ എന്ത് ഒത്തുതീര്‍പ്പിനും വഴങ്ങാന്‍ തയ്യാറാകുന്ന ദയനീയസ്ഥിതിയിലാണ്. ഇതിന്റെ ഭാഗമായാണ് താലിബാന് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി സമ്മതിച്ചത്.

താലിബാന് കൂടി ഭരണപങ്കാളിത്തമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കമാണെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് താലിബാനുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇടനിലക്കാരുടെ പങ്കുവഹിക്കുന്ന ഖത്തറിനെയാണ് അറിയിക്കുകയായിരുന്നു. ഗസ്‌നി നഗരപ്രവിശ്യ വ്യാഴാഴ്ചയാണ് താലിബാന്‍ കീഴടക്കിയത്.

ഗസ്‌നിയുടെ ഭരണച്ചുമതല അഫ്ഗാന്‍ പൊലീസില്‍ നിന്നും ഗവര്‍ണ്ണര്‍ ദൗദ് ലഗ്മാനിയില്‍ നിന്നും താലിബാന്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗവര്‍ണ്ണറുടെ വസതിയും പൊലീസ് ആസ്ഥാനവും ജയിലും ഗസ്‌നി നഗരത്തിലെ മറ്റ് ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന്റെ വക്താവ് ഖാരി യൂസഫ് അഹ്മദിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ യുദ്ധത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സേനയ്‌ക്ക് വലിയ തിരിച്ചടി കിട്ടി. 10 അഫ്ഗാന്‍ പട്ടാളക്കാര്‍ കീഴടങ്ങി. ഗവര്‍ണറുടെ സുരക്ഷഭടന്മാരെ താലിബാന്‍ നിരായുധരാക്കി, കാബൂളില്‍ സുരക്ഷാ അകമ്പടിയോടെ എത്തിച്ചു. നേരത്തെ അഫ്ഗാന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമായിരുന്നു താലിബാന്റെ ഈ നടപടി.

ഉറുസ്ഗാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ തരിന്‍കോട്ട് നഗരത്തിന്റെ പ്രധാന ഭാഗങ്ങളും താലിബാന്‍ എതിര്‍പ്പില്ലാതെ കീഴടക്കി. ഇപ്പോള്‍ ഇവിടുത്തെ സര്‍ക്കാര്‍ പൊലീസ് സ്റ്റേഷന്‍ പിടിക്കാനൊരുങ്ങുകയാണ് താലിബാന്‍ തീവ്രവാദികള്‍.

34 നഗരപ്രവിശ്യാ തലസ്ഥാനങ്ങളില്‍ അഞ്ചെണ്ണം തിങ്കളാഴ്ച താലിബാന്‍ കീഴടക്കിയിരുന്നു. വ്യാഴാഴ്ചയായപ്പോള്‍ ഇതിന്റെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ കാബൂളിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഒരു പ്രചരണവും താലിബാന്‍ അഴിച്ചുവിടുന്നുണ്ട്. താലിബാനെ അംഗീകരിക്കില്ലെന്ന് അന്താരാഷ്‌ട്ര സമൂഹവും ഇതിനെതിരെ ഐക്യരാഷ്‌ട്രസഭയുടെ താക്കീതും നിലനില്‍ക്കുന്നുവെങ്കിലും താലിബാന്‍ നിര്‍ഭയം മുന്നേറുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക