ആലപ്പുഴ: കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ജനത്തെ പിഴിയാന്‍ പെറ്റിക്കേസിന് പിന്നാലെ പോലീസ് പായുമ്പോള്‍ മോഷണവും പിടിച്ചുപറിയും അക്രമമവും വര്‍ദ്ധിക്കുന്നു. പിഴയൊടുക്കല്‍ മാത്രമാണ് മാസങ്ങളായി പോലീസിന്റെ പണിയെന്ന് മനസിലാക്കി അവസരം മുതലെടുക്കുകയാണ് മോഷ്ടാക്കളും. തങ്ങളിലേയ്ക്ക് പോലീസിന്റെ കണ്ണെത്തില്ലെന്ന് ഉറപ്പായതോടെ ഒറ്റപ്പെട്ടും സംഘടിതമായും രംഗത്തിറങ്ങിയ മോഷ്ടാക്കള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും ആഭരണങ്ങള്‍ കവരുന്നു.
കഴിഞ്ഞ ഒരുദിവസം മാത്രം ആറോളം പേരില്‍ നിന്നാണ് മാല അപഹരിച്ചത്. മാരാരിക്കുളം, മുഹമ്മ, മണ്ണഞ്ചേരി, കലവൂര്‍, ആലപ്പുഴ നഗരം തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷ്ടാക്കള്‍ അഴിഞ്ഞാടിയത്. എല്ലാ സ്ഥലങ്ങളിലും ബൈക്കിലെത്തിയാണ് സംഘം കവര്‍ച്ച നടത്തുന്നത്. മുഹമ്മ കാവുങ്കലില്‍ ബൈക്കിലെത്തിയ യുവാക്കള്‍ വനിതാ പോലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നത് കഴിഞ്ഞ ദിവസമാണ്. കലവൂര്‍ പാര്ത്ഥന് കവലയ്ക്ക് സമീപം അമ്മയ്ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ആതിരയെന്ന പെണ്‍കുട്ടിയുടെ മാലകവര്‍ന്നത് സ്ക്കൂട്ടറിനൊപ്പം ബൈക്കിലെത്തി പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയായിരുന്നു.
എല്ലാ സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ക്യാമറയില്‍ നിന്നും കിട്ടിയ സൂചനകള്‍ വെച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞയാഴ്ച നഗരഹൃദയത്തില്‍ തന്നെയുള്ള പഴവങ്ങാടി പള്ളിയിലും സമീപത്തെ സ്ക്കൂളുകളിലും വന്‍കവര്‍ച്ച നടന്നിട്ടും പ്രതികളെക്കുറിച്ചുള്ള സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. അതിന് പിന്നാലെ ഒരുദിവസം വിവിധ സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ച പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.
സേനയിലെ ഭൂരിഭാഗം പേരെയും കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്നതിനാല്‍ മറ്റ് സുരക്ഷാക്രമീകരണങ്ങളെല്ലാം പാളിയെന്നതാണ് വസ്തുത. പട്രോളിങ് നടത്തുന്നത് കടകള്‍ അടപ്പിക്കാനും ഹെല്‍മറ്റ് വെയ്ക്കാത്തവരെയും, മാസ്ക് ധരിക്കാത്തവരെയും പിടിക്കാനും പിഴയടയ്ക്കാനും മാത്രമായി മാറി. ഓണക്കാലത്ത് സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങാന്‍ പോലും സ്ത്രീകള്‍ ഭയക്കുന്നു. പോലീസിന്റെ സംരക്ഷണം ലഭിക്കുന്നില്ലെന്ന് കണ്ടതോടെ ജനങ്ങള്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: