കണ്ണൂര്‍: പാര്‍ട്ടിക്കും അതീതനായി വളര്‍ന്ന പി. ജയരാജന്റെ ചിറകുകള് ഓരോന്നായി സിപിഎം അരിയുന്നു. അപകടം മനസിലാക്കി, പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ പോലും ഒരു ഘട്ടത്തില്‍ തയ്യാറായ ജയരാജന് പഞ്ചപുച്ഛമടക്കി നില്ക്കുന്നു. നടപടികള്‍ ജയരാജന് പക്ഷത്തും പാര്‍ട്ടിയിലും അണികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
സ്വയം പെരുപ്പിച്ചു കാട്ടാന്‍ ജയരാജന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപൂജയാണെന്ന് പാര്‍ട്ടിയില്‍ വിവാദം വന്നു. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറികൂടിയായ പി. ജയരാജന് വിവാദത്തില്‍ ക്ലീന്‍ ചിറ്റ് നല്കി. എന്നാല്‍, ജയരാജന്റെ കിങ്കരന്മാരായിരുന്നവര്‍ക്കെതിരേ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കുകയാണ്. ജയരാജന് ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ചാലി ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സസ്പെന്‍ഷനും താക്കീതും വന്നു. ടി.ഐ. മധുസൂധനന്, എ.എന്‍. ഷംസീര്‍, എന്‍. ചന്ദ്രന് എന്നിവരടങ്ങിയ അന്വേഷണക്കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ധീരജ്കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്ട്ടിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എം. മധുസൂദനനെ നീക്കി, ഇയാളും ജയരാജന്റെ സഹചാരിയാണ്. അനുകൂലികളെയാണ് നേതൃത്വം ഒതുക്കുന്നതെന്നറിഞ്ഞിട്ടും ജയരാജന് പ്രതികരിക്കാത്തത് സ്വന്തം സ്ഥാനം നിലനിര്‍ത്താനാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
സംഘടനയില്‍ ആധിപത്യത്തിന്, ജയരാജന്റെ മൗനാനുവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചതാണ് പി.ജെ. ആര്‍മി. സ്വയം മഹത്വവല്കരിക്കാന് ജയരാജന് ശ്രമിച്ചുവെന്നും പാര്‍ട്ടിക്ക് അതീതമായി വളര്‍ന്നുവെന്നും പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റിയിലുള്പ്പെടെ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. പിന്നീട് പാര്‍ട്ടി അന്വേഷണക്കമ്മിഷന് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും സംഘടനാ ചുമതലകളൊന്നും നല്‍കിയില്ല. പി.ജെ. ആര്‍മിയുമായി തനിക്ക് ബന്ധമില്ലെന്ന് ജയരാജന് പരസ്യമായി പറയുകയും അതിന്റെ പേര് റെഡ് ആര്മിയെന്നാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: