ആലപ്പുഴ: ലൈഫ് മിഷനില്‍ നിന്ന് തിരിച്ചുപിടിച്ച പണം സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ നിര്‍മ്മാണങ്ങളാണ് നിലച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ലൈഫ് മിഷന് 35 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പായപ്പോള്‍ ഈ തുക തിരിച്ചെടുത്തു. പുതിയ സര്‍ക്കാര്‍ വന്നിട്ടും ഈ തുക ഇതുവരെ ലൈഫ് മിഷന് കൈമാറിയിട്ടില്ല. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി 172 വീടുകളുടെ നിര്‍മ്മാണം നിലച്ചതായാണ് വിവരം.
ആലപ്പുഴ പറവൂരില്‍ 156 കുടുബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന രണ്ടു ഫഌറ്റുകളുടെ അടിത്തറപോലും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞവര്‍ഷം നടന്ന ലൈഫ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ആലപ്പുഴ പറവൂരിലെ ഫഌറ്റ് സമുച്ചയം. പണമില്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയിട്ട് നാലു മാസമായി. ആറു നിലകളുള്ള രണ്ടു ബ്ലോക്കുകളിലായി 156 കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള ഫഌറ്റുകളാണിവിടെ നിര്‍മ്മിക്കുന്നത്.
23 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രീ ഫാബ് സാങ്കേതികവിദ്യയിലാണ് നിര്‍മ്മാണം. ഹൈദരബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ കേരളത്തില്‍ ഉപകരാര്‍ നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ പണം നല്കാത്തതിനാല് കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലെയും നിര്‍മ്മാണം മുടങ്ങി. പറവൂരില്‍ ആലപ്പുഴ നഗരസഭ സൗജന്യമായി നല്കിയ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്താണ് ഫഌറ്റുകള്‍ നിര്‍മ്മിക്കുന്നത്.
നേരത്തെ ലൈഫ് മിഷന് പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ 140 യൂണിറ്റുകള്‍ ഉള്‍പ്പെട്ട ഫഌറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ഏറെ വിവാദമായിരുന്നു. ഫഌറ്റ് നിര്‍മ്മിക്കുന്നതിന് യുഎഇയിലെ റെഡ്ക്രെസന്റ് എന്ന സ്ഥാപനവുമായാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയില്‍ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങള്‍ ഉള്ളത് കൊണ്ടാണ് റെഡ്ക്രെസന്റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: