തിരുവനന്തപുരം : കേരളബാബാങ്ക് എടിഎമ്മുകളില്‍ നിന്നും വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടല്‍. മൂന്ന് എടിഎമ്മുകളില്‍ നിന്നായി രണ്ടമുക്കാല്‍ ലക്ഷം രൂപയാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളില്‍ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹൈടക് തട്ടിപ്പ് ആണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാര്‍ഡ് ഉപയോഗിക്കുന്നത് തത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്ന് ബാങ്ക് അറിയിച്ചു. തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മില്‍ നിന്നാണ് തട്ടിപ്പ് നടന്നത്.
ഉത്തര്‍പ്രദേശില്‍ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏത് ബാങ്കിന്റെയും എടിഎമ്മിലും മറ്റേത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാം. ഉപഭോക്താവിന് പണം കിട്ടുക. പിന്‍വലിക്കുന്ന എടിഎം ഉള്ള ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ്. ബാങ്കിന് നഷ്ടമാകുന്ന പണം വൈകിട്ടോടെ റിസര്‍വ്വ് ബാങ്കിന്റെ സോഫ്ട്വെയര് മുഖേന പണം പിന്‍വലിച്ച ഉപഭോക്താവിന്റെ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും തിരിച്ചെത്തും.
എന്നാല്‍ കേരള ബാങ്കില്‍ നിന്നും തട്ടിപ്പുകാര്‍ പിന്‍വലിക്കുന്ന പണം, പിന്‍വലിക്കുന്ന ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും തിരിച്ചെത്തിയിരുന്നില്ല. ബാങ്കിന് പണം നഷ്ടമാകുകയും ചെയ്യുന്നു. ഇങ്ങനെ പണം നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
കേരള ബാങ്കിന്റെ സോഫ്ട്വെയറിലുള്ള പിഴവ് കൊണ്ടാകണം പണം നഷ്ടപ്പെട്ടതെന്നും സംശയിക്കുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം ഹൈ ടെക് തട്ടിപ്പ് സംഘം വ്യാജ എടിഎം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 90000 രൂപ കിഴക്കേക്കോട്ടയിലെയും നെടുമങ്ങാടെയും എടിമ്മുകളില്‍ നിന്നും നഷ്ടമായെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: