രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ 30 വർഷങ്ങൾക്ക് മുമ്പ് (1991 ൽ ) ഞങ്ങൾ ആറേഴ് പേർ ചേർന്ന് നാട്ടിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം ഓർമ്മയിൽ തെളിയുന്നു.
ഡിഗ്രി പഠന കാലത്ത് സജീവ രാഷ്‌ട്രീയത്തിൽ താല്പര്യമില്ലാത്ത സാഹിത്യതല്പരരായ നാലഞ്ചു സുഹൃത്തുക്കൾ ഒത്തുചേർന്ന് ചർച്ചകളും മറ്റുമായി ഒരു കൂട്ടായ്‌മ രൂപപ്പെട്ടു.അങ്ങിനെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഒരു യൂനിറ്റായി അത് മാറി. അതിന്റെ ബാനറിൽ ഡോ.എം.എസ്.മേനോൻ ,കുട്ടികൃഷ്ണൻ മാസ്റ്റർ തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ച് നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.കോടഞ്ചേരി എന്ന നാട്ടിൻ പുറത്ത് അതൊരു വേറിട്ട അനുഭവമായിരുന്നു.രാഷ്‌ട്രീയ സമ്മേളനങ്ങളും ജാഥകളൂം കണ്ട് പരിചയിച്ച കണ്ണുകൾക്ക് പുതുമ നൽകിയ കാഴ്ചയായിരുന്നു.
1991 ആഗസ്ത് 15ന് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷം പു ക സ യുടെ ബാനറിൽ നടത്തിക്കൂടെ എന്ന നിർദ്ദേശം യൂനിറ്റ് കമ്മറ്റിയിൽ വെച്ചപ്പോൾ ഒരാൾ ഒഴികെ നാലു പേർ പിന്തുണച്ചു. പരിപാടിയുടെ ആസുത്രണവും ഒരുക്കങ്ങളും പുരോഗമിക്കവെ പിന്തുണച്ച രണ്ടു പേരും എതിർപ്പുമായി രംഗത്തുവന്നു. ആഘോഷ പരിപാടി നിർത്തിവെക്കണമെന്ന് പു ക സ ഏരിയാ സെക്രട്ടറിയുടെ കത്ത് യൂനിറ്റ് സെക്രട്ടറിയായ എനിക്ക് കിട്ടി.
യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നുമായിരുന്നു വിശദീകരണം. എനിക്ക് കാര്യങ്ങൾ വ്യക്തമായി. നടത്തിയാൽ സംഘടനാ വിരുദ്ധ പ്രവർത്തനമാകും. യൂനിറ്റ് കമ്മറ്റിയിലാകട്ടെ ഭൂരിപക്ഷവുമില്ല.
എന്റെ മുന്നിൽ രണ്ടു വഴികൾ തെളിഞ്ഞു. ഒന്ന്. സംഘടനാ നിർദ്ദേശം അനുസരിക്കുക. രണ്ട്, സംഘടനയോട് വിട പറഞ്ഞ് പരിപാടി നടത്തുക. സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതെ എന്നെ പിന്തുണച്ച സുഹൃത്തുമായി ആലോചിച്ച്, ആഗസ്ത് 13 ന് സംഘടനയിൽ നിന്നുമുള്ള രാജിക്കത്ത് തയ്യാറാക്കി.
ഏരിയാ കമ്മറ്റിയോട് ചില ചോദ്യങ്ങൾ ഉത്തരം കിട്ടാൻ വേണ്ടിയല്ലെങ്കിലും ചോദിച്ചിരുന്നു.
1. മുഖ്യമന്ത്രിയായ നായനാറും മന്ത്രിമാരും ദേശീയ പതാക ഉയർത്തുന്നതിലെ യുക്തി എന്ത്?
2. രണ്ടു നൂറ്റാണ്ടിനടുത്ത് അടിമത്തത്തിന്റെ കാൽച്ചങ്ങലയിൽ കിടന്ന രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം മഹത്തരമല്ലേ?
3. ഈ കാഴ്പ്പാട് ജനങ്ങളിൽ നിന്ന് അകലാൻ കാരണമാകില്ലേ?
തത്വവും പ്രയോഗവും തമ്മിലുള്ള പൊരുത്തക്കേടുകളെ കുറിച്ചായിരുന്നു മനസ്സ് നിറയെ അലട്ടൽ.
അങ്ങിനെ പു ക സ വിട്ട്, മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ അഭ്യുദയകാംക്ഷിയായ പള്ളിക്കര വി.ഗോപാലൻ നായരുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടി നടത്താൻ തീരുമാനിച്ചു. നോവലിസ്റ്റായ വിജയൻ കോടഞ്ചേരിയുടെ സഹായവും ലഭിച്ചു. ഗാന്ധിയനായ പള്ളിക്കര ഗോപാലൻ നായരും സുഹൃത്ത് സി.കെ. ജയരാജും സ്വാതന്ത്ര്യ ദിന ചിന്തകൾ പങ്കുവെക്കാൻ ഇന്ന് ജീവിച്ചിരിപ്പില്ല.
മൂന്നു പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു; പഴയ ഒരു സ്വാതന്ത്ര്യ ദിന ഓർമകൾ പങ്കുവെക്കാൻ എന്നത് എന്തുകൊണ്ടും ആലോചനാമൃതമാണ്.
രവി വെള്ളൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: