പാരീസ്: ആവേശത്തിലാണ് പാരീസ്, സൂപ്പര്‍ താരത്തിന്റെ വരവില്‍. ബാഴ്സലോണ വിട്ട് പാരീസില്‍ വിമാനമിറങ്ങിയ മെസിക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആരാധകര്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന് സ്വീകരിച്ചു.
ഇന്നലെയാണ് താരം പിഎസ്ജിയില്‍ ചേരുമെന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ ടീമിന്റെ ഭാഗമായി മെസിയെ അവതരിപ്പിക്കുമെന്നും പിഎസ്ജി അധികൃതര്‍ അറിയിച്ചു. 34കാരനായ മെസിയുടെ വരവ് പിഎസ്ജിക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 300 കോടിയാണ് വാര്‍ഷിക പ്രതിഫലം. ഇതോടെ ടീമിലെ പല താരങ്ങളെയും പിഎസ്ജി വിറ്റേക്കുമെന്നും സൂചനയുണ്ട്. രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാമെന്നും പിഎസ്ജി ഓഫര്‍ നല്കിയിട്ടിണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ടീമിലെത്തിച്ചതോടെ വന്‍ ആരാധകക്കൂട്ടമാണ് പിഎസ്ജിക്ക് പിന്നില്‍ അണിനിരക്കാന്‍ പോകുന്നത്. ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമായിരുന്ന മെസി ഇനി മുതല്‍ മറ്റൊരു ക്ലബ്ബിനായി ബൂട്ട് കെട്ടുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് കായിക പ്രേമികള്‍.
മെസി-നെയ്മര്‍-എംബാപ്പെ, ഗോള്മഴയാകുമോ?
മെസിക്കൊപ്പം നെയ്മര്‍, ആ കൂട്ടുകെട്ട് ബാഴ്സയില്‍ അത്ഭുതങ്ങള്‍ കാട്ടിയിരുന്നു. പാരീസും കാത്തിരിക്കുകയാണ്. ആരാധകരെ ആഘോഷത്തിമിര്പ്പിലാഴ്ത്തി ഗോള്‍ മഴ പെയിക്കാന്. ഇരുവര്‍ക്കും കൂട്ടായി പുത്തന്‍ സൂപ്പര്‍സ്റ്റാര്‍ കെയ്ലിയന് എംബാപ്പെയുമുണ്ട്. ബാഴ്സയില്‍ കളിച്ച മെസി-നെയ്മര്‍ സുവാരസ് സഖ്യത്തോട് ചേര്‍ത്തു വായിക്കാം മെസി-നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ടിനെ.
മെസിയും നെയ്മറും വിങ്ങുകളില്‍ കളിക്കുമ്പോള്‍ എംബാപ്പെ സെന്‍ട്രല്‍ ഫോര്വേഡായാകും പന്ത് തട്ടുക. കുറിയ പാസുകളിലൂടെ എതിര് ടീമിനെ വട്ടംകറക്കുന്ന കാഴ്ചയും ആരാധകരുടെ പ്രതീക്ഷയിലുണ്ട്. മെസിയുടെ അടുത്ത സുഹൃത്തായ ഏഞ്ചല്‍ ഡി മരിയയുടെ സാന്നിധ്യവും മുന്നേറ്റനിരയുടെ കരുത്തു കൂട്ടും.
ലാ ലിഗയില്‍ മെസിയെ പൂട്ടുന്ന ജോലി ഏറ്റെടുത്ത സെര്‍ജിയോ റാമോസാകും ഇത്തവണ മെസിക്ക് പന്തെത്തിച്ച് നല്‍കുക. എല്‍ ക്ലാസിക്കോയില്‍ മെസിയെ തളയ്ക്കാനുള്ള പ്രധാന ജോലി റയല്‍ മാഡ്രിഡ് ഏല്‍പ്പിക്കുക റാമോസിനെയായിരുന്നു. പിഎസ്ജിയില്‍ മെസിക്കൊപ്പം ബൂട്ടുകെട്ടുമ്പോള്‍ മറ്റൊരു സുന്ദരമായ കാഴ്ചയാകുമത്.
ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്
ചാമ്പ്യന്‍സ് ലീഗെന്ന സ്വപ്നം പിഎസ്ജിയെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കഴിഞ്ഞ രണ്ട് തവണയും കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ടു. ഇത്തവണ കച്ചമുറുക്കിയാണ് പിഎസ്ജിയുടെ വരവ്. റയലിനെ പല തവണ ചാമ്പ്യന്‍സ് ലീഗിന്റെ തലപ്പത്തെത്തിച്ച സെര്‍ജിയോ റാമോസിനെ ടീമിലെത്തിച്ചതിന്റെ ഉദ്ദേശ്യം ഇതാണ്. നെയമര്‍-എംബാപ്പെ സഖ്യത്തിനൊപ്പം ലോകത്തെ ഏറ്റവും മികച്ച താരത്തെ ടീമിലെത്തിച്ചതോടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായി. ഈ ടീമിന് കിരീടം നേടാനായില്ലെങ്കില്‍ ഇനിയില്ലെന്ന അവസ്ഥയില്‍.
ഡച്ച് മധ്യനിരതാരം ജോര്‍ജിനിയോ വൈനാള്‍ഡം, ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ജിയാന്‍ലുജി ഡൊന്നാരുമ്മ, മൊറോക്കയുടെ പ്രതിരോധ താരം അച്റഫ് ഹാക്കിമി എന്നിവരെയും നേരത്തെ പിഎസ്ജി ടീമിലെത്തിച്ചിരുന്നു. ഇതോടെ മുന്നേറ്റനിരക്കൊപ്പം പ്രതിരോധവും കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലില്ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഫ്രഞ്ച് ലീഗില്‍ പിഎസ്ജി കളി നിര്‍ത്തിയത്. ഇത്തവണ ലീഗ് കിരീടവും തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: