കൊച്ചി: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലമെഡല്‍ നേടുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ച പി.ആര്. ശ്രീജേഷ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ഒരു നോക്കുകാണാന്‍ നൂറുകണക്കിന് പേര് എത്തി.
ഒളിമ്പിക് മെഡലുകള്‍ നേടിയ മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് അതത് സംസ്ഥാനങ്ങള്‍ വന്‍തുകകള്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ മൗനം പാലിച്ച കായികമന്ത്രി അബ്ദുറഹ്മാന് ചൊവ്വാഴ്ച മൗനം വെടിഞ്ഞുവെന്നതും അനുഗ്രഹമായി . ശ്രീജേഷിനുള്ള പാരിതോഷികം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞതോടെ ശ്രീജേഷിനെ അവഗണിച്ചുവെന്ന വലിയൊരു വിവാദം ഒഴിവായേക്കും.
“ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്. ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്കുന്ന സംസ്ഥാനമാണ് കേരളം. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ശ്രീജേഷ് മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭായോഗം നടന്നിട്ടില്ല. മന്ത്രിസഭായോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. ഒളിമ്പിക്സിന് പോയ മലയാളി താരങ്ങള്‍ക്കെല്ലാം മുന്‍കൂറായി സാധനങ്ങളും മറ്റും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയാണ്. അതും പരിഗണിക്കും”- മന്ത്രി പറഞ്ഞു.
ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്ത കേരള സര്‍ക്കാരിന്റെ നിലപാടിനെ പ്രശസ്തകായികതാരങ്ങളായ അഞ്ജു ബോബി ജോര്‍ജ്ജ്, പത്മിനി തോമസ്, ടോം ജോസഫ് തുടങ്ങി ഒട്ടേറെപ്പേര്‍ എതിര്‍ത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായി. സംസ്ഥാനസര്‍ക്കാര്‍ മൂന്ന് കോടിയെങ്കിലും ശ്രീജേഷിന് നല്‍കണമെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ എന്‍ആര്‍ ഐ വ്യവസായസംരംഭകനും യുഎഇ ആസ്ഥാനമായ വിപിഎസ് ആശുപത്രിയുടെ എംഡിയുമായ ഷംസീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചത് വലിയ ആശ്വാസമായി.
കായികമന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്, ഹോക്കി അസോസിയേഷന് ഭാരവാഹികളും ശ്രീജേഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രീജേഷിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു.
ഇനി തുറന്ന ജീപ്പില്‍ ശ്രീജേഷ് ജന്മനാടായ കിഴക്കമ്പലം എരുമേലി വരെ യാത്ര ചെയ്യും. കായികരംഗത്തെ സംഘാടകരും കളിക്കാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്നവര്‍ വാഹനങ്ങളില്‍ അകമ്പടി സേവിക്കും.
ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ ജര്‍മ്മനിയെ 5-4ന് തോല്പിച്ച മത്സരത്തില്‍ ഗോള്‍കീപ്പറായ ശ്രീജേഷിന്റെ പ്രകടനം ഗംഭീരമായിരുന്നു. 41 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് വീണ്ടും ഒളിമ്പിക്സില്‍ ഒരു മെഡല്‍ ലഭിക്കുന്നതെന്ന സവിശേഷതയും ഈ വിജയത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: