തിരുവനന്തപുരം: നിരവധി ആദിവാസി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സി.കെ. ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. സി.കെ. ജാനിവിനെ രാഷ്ട്രീയമായി ഇല്ലാതാക്കി സര്‍ക്കാരിനെതിരെ ഉയരുന്ന ആദിവാസി മുന്നേറ്റത്തെ തകര്‍ക്കാനാണ് സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം. ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാനുള്‍പ്പെടെ ശക്തിയായി പോരാടിയ സി.കെ. ജാനു എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ തയ്യാറാകാത്തതിലുള്ള പക തീര്‍ക്കുകയാണ് സിപിഎം. മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷവുമായി അകലം പാലിച്ചതാണ് ജാനുവിനോടുള്ള പ്രതികാരത്തിന് കാരണം. സി.കെ. ജാനു എന്‍ഡിഎ മുന്നണിയില്‍ ചേരുന്നത് തടയാനും സിപിഎം ശ്രമിച്ചു. ലോക ആദിവാസി ദിനത്തില്‍ ജാനുവിനെ ആദരിക്കുന്നതിന് പകരം അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയാണ് പൊലീസ് ചെയ്തതെന്നും പി.സുധീര്‍ പറഞ്ഞു.
വയനാട് തിരഞ്ഞെടുപ്പ് കോഴക്കേസ് സിപിഎമ്മിന്റെ സൃഷ്ടിയാണ്. എം.വി. ജയരാജനും പി.ജയരാജനും ഇതില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ഗൂഢാലോചന നടന്നത്. തീവ്രവാദികളോട് പെരുമാറുന്ന പോലെയാണ് വെളുപ്പാന്‍ കാലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ആദിവാസി സമര നായികയോട് പൊലീസ് പെരുമാറിയത്. മകളുടെ ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പോലും പൊലീസ് പിടിച്ചെടുത്തു. നിയമവ്യവസ്ഥയെ കാറ്റില്‍ പറത്തുകയാണ് പിണറായിയുടെ പൊലീസ്.
സിപിഎം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരാണ് ജാനുവിന്റെ വീട്ടിലെത്തിയത്. സിപിഎം സി.കെ. ജാനുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടത്തുന്നത്. സി.കെ. ജാനു മുന്നോട്ട് വെക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലാത്തതാണ് അവരെ വേട്ടയാടാന്‍ കാരണം. ജാനുവിന്റെ സമരത്തിന് മുമ്പില്‍ മുട്ടുമടക്കി 22,000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇതെല്ലാം വിസ്മരിച്ചു. 100 ആദിവാസി കുടുംബങ്ങള്‍ക്ക് പോലും ഭൂമി നല്കാന് ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ നിന്നും ആദിവാസി വിദ്യാര്‍ത്ഥികള്‍ പുറത്താണ്. സി.കെ. ജാനുവിനെതിരായ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ ചെറുത്ത് നില്പ്പിന് ബിജെപി തയ്യാറാകുമെന്നും സുധീര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പരാതിയില്‍ ദേശീയ പട്ടികജാതി കമ്മീഷന് നഗരസഭ അധികൃതര്‍ക്കും സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കും നോട്ടീസയച്ചു. പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ കേസെടുത്ത കമ്മീഷന് നഗരസഭാ സെക്രട്ടറിയോട് വിശദീകരണവും തേടിയതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: