പെരിയ: മഫ്തിയിലെത്തി മദ്യം പിടികൂടിയ എക്സൈസ് സംഘത്തിനെ മാരകായുധങ്ങളുമായി ആക്രമിച്ചു. അക്രമത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരായ കെ.വി.രഞ്ജിത് (38), സുധീര്‍ പാറമ്മല്‍ (39) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎല്‍ 58 ജി 1274 നമ്പര്‍ കാറില്‍ നിന്ന് 3.420 ലിറ്ററും കെ എല്‍ 60 എസ് 5771 നമ്പര്‍ സ്കൂട്ടറില്‍ നിന്ന് 2.160 ലിറ്ററും കര്‍ണാടക വിദേശമദ്യവും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെ മദ്യവിതരണക്കാരനായ മനോജ് ആണ് അക്രമം നടത്തിയതെന്നാണ് പരാതി. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പുല്ലൂര്‍ തൊടുപനം നാര്‍ക്കളം റോഡിലാണ് സംഭവം നടന്നത്. എക്സൈസ് സംഘത്തെ കണ്ട് മനോജും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടതായും തുടര്‍ന്ന് ഇവര്‍ കത്തി, വടിവാള്‍, കല്ല് തുടങ്ങിയ മാരകയുധങ്ങളുമായി തിരിച്ചെത്തി മദ്യ കുപ്പികള്‍ എണ്ണി തിട്ടപ്പെടുത്തുകയായിരുന്ന എക്സൈസ് സംഘത്തിന് നേരെ അക്രമം നടത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അനധികൃത മദ്യവില്പന നടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ സ്ഥലത്തെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്, സിവില്‍ എക്സൈസ് ഓഫീസര്‍ മൊയ്തീന് സാദിഖ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. നിരവധി മദ്യ കടത്ത് കേസില്‍ പ്രതിയായ മനോജിനെതിരെ ഹൊസ്ദുര്‍ഗ് എക്സൈസ് റേഞ്ച് പരിധിയില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ മനോജ്, സഹോദരങ്ങളായ ബാലകൃഷ്ണന്, ബാബു എന്നിവരുടെ പേരില്‍ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതടക്കമുള്ള വകുപ്പുകള്‍ പ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: