അഡ്വ. ആര്‍.വി. ശ്രീജിത്ത്
”എല്ലാ സമുദായങ്ങള്‍ക്കും ഒരു ഏകീകൃത നിയമസംഹിത നിലവില്‍ വരുന്നതിന് യാതൊരു തടസ്സവുമില്ല.” കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇങ്ങനെയൊരു പരാമര്‍ശമുള്‍പ്പെടുന്ന വിധി ന്യായം പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ടാക്ക്, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഭരണഘടനാ നിര്‍മാണസഭയുടെ ലക്ഷ്യങ്ങളിലൊന്നായ, ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞത്.
ഒരു വിവാഹമോചന കേസിന്റെ അപ്പീല്‍ പരിഗണിച്ചാണ് ശ്രദ്ധേയമായ ഈ പരാമര്‍ശങ്ങള്‍. വൈവാഹിക നിയമങ്ങളിലെങ്കിലും ഏകീകൃതഭാവം വേണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. വ്യക്തികള്‍ക്ക് തങ്ങളുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് വിവാഹം കഴിക്കാം, എന്നാല്‍ അവര്‍ മതേതര നിയമത്തിന്റെ അടിസ്ഥാനത്തില്‍ അതിന് ഔപചാരികത്വം നല്‍കേണ്ടതുണ്ട്.
‘ഭാരതത്തിന്റെ ഏകീകൃത സിവില്‍ നിയമം’ എന്ന ഭരണഘടനാ നിര്‍മാണസഭയുടെ ലക്ഷ്യം പുസ്തകത്താളുകളില്‍ തുടരാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 71 വര്‍ഷമായി. ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ച് ഭരണഘടനാ നിര്‍മാണസഭ ചര്‍ച്ച ചെയ്യുകയും, പിന്നീട് ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളില്‍, അനുച്ഛേദം 44 ആയി ഉള്‍പ്പെടുത്തുകയും ചെയ്തു. ‘ഏകീകൃത സിവില്‍ നിയമങ്ങള്‍ അഭിലഷണീയമാണ്. എന്നാല്‍ അത് നടപ്പിലാക്കുന്നത് സ്വമേധയയാണ്’ എന്നുമാണ് ഭരണഘടനാ നിര്‍മാണ സഭയില്‍ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ പറഞ്ഞത്. മതത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ മാതൃഭൂമിയെപ്പോലും വെട്ടിമുറിച്ച സമയത്താണ് അത്തരമൊരു പരാമര്‍ശമുണ്ടായത്.
വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ നടപ്പിലാക്കിയതിന് പിന്നില്‍ ബ്രിട്ടീഷ് കൗശലത്തിന്റെ ഒരു പദ്ധതിയുണ്ടായിരുന്നു. എല്ലാ ചിന്താധാരകളെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. മതത്തിന്റെയോ, മറ്റേതെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുടേയോ, അടിസ്ഥാനത്തില്‍ സമൂഹങ്ങളെ വേര്‍തിരിക്കുന്നത്, ഭാരതത്തിന് അന്യമായ ഒരു രീതിയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് ജനങ്ങളില്‍നിന്ന് എതിര്‍പ്പ് വന്ന് തുടങ്ങിയത് മുതല്‍, എണ്ണത്തില്‍ കുറഞ്ഞ ബ്രിട്ടീഷുകാര്‍ എങ്ങനെ ഭാരതീയരെ, അടക്കി ഭരിക്കുമെന്ന ഗവേഷണത്തിലായിരുന്നു. അതിന് ബ്രിട്ടീഷുകാര്‍ എളുപ്പം കണ്ടുപിടിച്ച വഴി ഭാരതത്തെ മാനസികമായി വിഭജിക്കുക എന്നതായിരുന്നു. ആര്യനെന്നും ദ്രാവിഡനെന്നും, വടക്കേ ഇന്ത്യനെന്നും തെക്കേ ഇന്ത്യനെന്നും, ഹിന്ദുവെന്നും, മുസ്ലിമെന്നും ഭാരത ജനതയെ വിഭജിക്കാന്‍ ബ്രിട്ടീഷ് കുടിലതയ്‌ക്ക് സാധിച്ചു. രണ്ട് രാഷ്‌ട്രങ്ങളാണ് ഹിന്ദുവും മുസ്ലിമുമെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. ദ്വിരാഷ്‌ട്രവാദവും, ബഹുരാഷ്‌ട്രവാദവുമൊക്കെ ആ ബ്രിട്ടീഷ് കൗശലത്തിന്റെ ഫലമാണ്. ഹിന്ദു-മുസ്ലിം വിഭജനത്തിനായി ബ്രിട്ടീഷുകാര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഹിന്ദുവിനും മുസ്ലിമിനും പ്രത്യേകം നിയമസംഹിത എന്നുള്ളത്. എല്ലാ തലത്തിലും നിങ്ങള്‍ വിഭിന്നരാണ് എന്ന സന്ദേശം ഇന്ത്യന്‍ ജനതയ്‌ക്ക് നല്‍കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. എന്നാല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഈ വിഭജനതന്ത്രം ബ്രിട്ടീഷ് രാജിനും വിനയാകും എന്ന ബോധ്യം അവര്‍ക്കുണ്ടായി. തുടര്‍ന്ന് 1835 ല്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളിലും കരാര്‍ നിയമങ്ങളിലും, തെളിവ് നിയമങ്ങളിലും ഏകീകൃതസ്വഭാവം കൊണ്ടുവരാന്‍ നിര്‍ദേശിച്ച് കൊണ്ട് ഒരു റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ തെളിവ് നിയമങ്ങളും, ഇന്ത്യന്‍ ക്രിമിനല്‍ നിയമ സംഹിതയും നിലവില്‍ വന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലും വ്യക്തിനിയമങ്ങള്‍ തല്‍കാലം ഏകീകരിക്കേണ്ടതില്ലായെന്ന പരാമര്‍ശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യക്തിനിയമങ്ങള്‍ വീണ്ടും മതാടിസ്ഥാനത്തില്‍ തുടര്‍ന്നു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജന ശ്രമങ്ങളെ, ആദ്യമാദ്യം നാം അമ്പെ പരാജയപ്പെടുത്തി. എന്നാല്‍ പിന്നീട് മതത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തെ വിഭജിക്കാന്‍ ബ്രീട്ടിഷുകാര്‍ക്കായി. ഭാരതം മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു. സ്വാതാന്ത്ര്യാനന്തര ഭാരതം മതേതരമായിരിക്കണം എന്ന ഉറച്ച തീരുമാനം ഭാരതം കൈകൊണ്ടു. അതിനായി ഏകീകൃത സിവില്‍ നിയമങ്ങള്‍ ആവശ്യമാണ് എന്ന നിലപാടാണ് ഭൂരിഭാഗം പേരും ഭരണഘടനാ നിര്‍മ്മാണസഭയില്‍ എടുത്തത്. കരട് ഭരണഘടനയിലെ അനുച്ഛേദം 35 ആയിരുന്ന ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നതിന് എതിരെയുള്ള ഭേദഗതികളെ അംബേദ്കര്‍ ശക്തിയുക്തം പ്രതിരോധിച്ചു. വടക്കന്‍ കേരളത്തിലെ മുസ്ലീങ്ങള്‍ മരുമക്കത്തായമാണ് പിന്തുടര്‍ന്നതെന്നും വടക്ക് കിഴക്കന്‍ പ്രവിശ്യകളില്‍ ശരിയത്ത്് നിയമം നടപ്പിലാക്കിയിരുന്നില്ലായെന്നതും, അബേദ്കര്‍ ഏകീകൃത സിവില്‍ നിയമത്തിന് അനുകൂലമായ വാദങ്ങളായി ഉയര്‍ത്തി.
എന്നാല്‍ ഭരണഘടന നിലവില്‍ വന്നിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഏകീകൃതസിവില്‍ നിയമം നടപ്പിലാക്കുന്നതില്‍ നടപടികളുണ്ടായില്ല. ഷാബാനു കേസില്‍ ഏകീകൃത സിവില്‍ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ച് സുപ്രീംകോടതി എടുത്ത് പറഞ്ഞു. ഇതേക്കുറിച്ച് പറയുന്ന ഭരണഘടനയുടെ അനുച്ഛേദം 44 നടപ്പിലാക്കാതിരിക്കുന്നത് നിര്‍ഭാഗ്യകരമാണ് എന്നാണ് ഈ കേസില്‍ സുപ്രീംകോടതി ഉത്കണ്ഠപ്പെട്ടത്. 1995ല്‍ സരളാ മുഡ്ഗല്‍ കേസ്സിലും ഏകീകൃതസിവില്‍ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ച് സുപ്രീം കോടതി ചുണ്ടിക്കാട്ടി. ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് വരെ, സിവില്‍ നിയമയുദ്ധങ്ങളുടെ രംഗത്ത് സംഘര്‍ഷമുണ്ടാക്കുമെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ചില വിധികളില്‍ അനുച്ഛദം 44 നിര്‍ദേശക തത്ത്വങ്ങളില്‍പ്പെടുന്നതുകൊണ്ട്, അത് നടപ്പിലാക്കണമെന്ന കര്‍ശനനിര്‍ദേശം നല്‍കാന്‍ കഴിയാത്തതിനെക്കുറിച്ചും കോടതി സൂചിപ്പിച്ചു. 2003ലെ ജോണ്‍ വലമറ്റം കേസില്‍ ഏകീകൃത സിവില്‍ നിയമങ്ങള്‍ ദേശീയോദ്ഗ്രഥനത്തിന് അത്യന്താപേക്ഷിതമാണ് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭാരതം ഒരു മതേതര രാഷ്‌ട്രമാണ്. അത്തരം ഒരു രാഷ്‌ട്രത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിനിയമങ്ങള്‍ ഉണ്ടാകുന്നത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് തന്നെ എതിരാണ്. പലപ്പോഴും രാഷ്‌ട്രീയകുതന്ത്രങ്ങളുടെ ഭാഗമാവുകയാണ് ഏകീകൃത സിവില്‍ നിയമം എന്ന നിയമപ്രശ്‌നം. തങ്ങളുടെ മതപരമായ വിശ്വാസങ്ങളിലേക്ക് പൊതു നിയമസംഹിത കടന്നുകയറും എന്ന തെറ്റിദ്ധാരണയാണ് ഏകീകൃത സിവില്‍ നിയമങ്ങള്‍ എതിര്‍ക്കപ്പെടാന്‍ കാരണം. അതിനുള്ള മറുപടി ഗോവ എന്ന സംസ്ഥാനമാണ്. ഗോവയില്‍ ഏകീകൃത സിവില്‍ നിയമമാണ് നിലവിലുള്ളത്. എന്നാല്‍ ഇതുവരെ ഗോവയില്‍ ആരുടെയെങ്കിലും മതവിശ്വാസങ്ങള്‍ ഏകീകൃത സിവില്‍ നിയമങ്ങള്‍ മൂലം ഹനിക്കപ്പെട്ടിട്ടില്ല.
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഏറ്റവും പുതിയ വിധിയിലും അത്തരമൊരു പ്രായോഗികത ചൂണ്ടിക്കാണിക്കുന്നുണ്ട്. തങ്ങളുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് വിവാഹം കഴിക്കാമെങ്കിലും, അതിന് ഔപചാരികത്വം നല്‍കേണ്ടത് സിവില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പലപ്പോഴും യാതൊരു അടിസ്ഥാനവും ഇല്ലാതെയാണ് വ്യക്തിനിയമങ്ങളുടെ നിര്‍ദേശങ്ങള്‍. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനങ്ങള്‍ക്ക്, വേര്‍പിരിഞ്ഞ് താമസിക്കുന്ന കാലയളവ്, ക്രിസ്ത്യന്‍ വിഭാഗത്തിന് മാത്രം രണ്ട് വര്‍ഷവും മറ്റ് മതസ്ഥര്‍ക്ക് ഒരു വര്‍ഷവുമാണ്. ഈ വിവേചനവും സുപ്രീംകോടതിയുടെ നിശിത വിമര്‍ശനത്തിന് വിധേയമായി. വിവാഹ മോചന കേസുകളില്‍ അപ്പീല്‍ നല്‍കുന്ന കാലാവധി പോലും വിവിധ മതസ്ഥര്‍ക്ക് വിവിധങ്ങളാണ്. ആചരിക്കപ്പെട്ടത് കൊണ്ട് ആചാരമായി എന്നല്ലാതെ, ഭൂരിഭാഗം വ്യക്തിനിയമങ്ങള്‍ക്കും മതപരമായോ, നിയമപരമായോ ആയ യാതൊരു അടിസ്ഥാനവുമില്ല. വ്യക്തിനിയമങ്ങള്‍ സൃഷ്ടിക്കുന്ന വേര്‍തിരിവുകളുടെ അശാസ്ത്രീയത ഇത് വിളിച്ചോതുന്നു.
ഏകീകൃത സിവില്‍ നിയമം വന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ നിയമം മറ്റുള്ളവര്‍ക്കും ബാധകമാകും എന്ന രീതിയില്‍ ഒരു പ്രചാരവേല നടക്കുന്നുണ്ട്. ഇതും തികഞ്ഞ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ ഉള്ളതാണ്. എല്ലാ നിയമ സംവിധാനങ്ങളിലുമുള്ള ഏറ്റവും നല്ല തത്ത്വങ്ങള്‍ എടുത്താണ് അത്തരത്തില്‍ ഒരു ഏകീകൃത സിവില്‍ നിയമം തയാറാക്കുക. കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചതുപോലെ അതൊരു മതേതര നിയമസംവിധാനമായിരിക്കണം. നമ്മുടെ സിവില്‍ കോഡ് പോ
ലെയോ കരാര്‍ നിയമം പോലെയോ ഉള്ളത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞത് പോലെ ഏകീകൃത സിവില്‍ നിയമം സമയബന്ധിതമായി നടപ്പിലാക്കാന്‍ പറ്റുന്ന ഒന്നല്ല. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെയും, കോടതിവിധികളുടെയും അടിസ്ഥാനത്തില്‍ ഉചിതമായ സമയത്ത് ഒരു മതേതര ഏകീകൃത സിവില്‍ നിയമസംഹിത വരേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന് അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: