മലപ്പുറം: ഇന്ന് അന്താരാഷ്ട്ര വനവാസി ദിനം. പുറംലോകത്തിന്റെ കാപട്യങ്ങള്‍ക്കും കൃത്രിമത്വത്തിനും ദൂരെ പ്രകൃതിയുമായി ഇണങ്ങി ജീവജാലങ്ങളുമായി ഒന്നിച്ചു കഴിയുന്നവരാണ് വനവാസികള്‍. കാലം മാറുന്നതിനോടൊപ്പം അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു. 70 രാജ്യങ്ങളിലായി 300 ദശലക്ഷം വനവാസികളുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ മാത്രം 37 വനവാസി വിഭാഗങ്ങളുണ്ട്. എന്നാല്‍ ഇത് കൃത്യമായ കണക്കല്ലെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്നവര്‍ പറയുന്നത്.
ഏറ്റവും കൂടുതല്‍ വനവാസികളുള്ളത് വയനാട് ജില്ലയിലാണ്. പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും ഇവര്‍ താമസിച്ചു വരുന്നു. വനവാസി സമൂഹത്തിന്റെ പരമ്പരാഗത അവകാശങ്ങളും ജീവിത സ്വാതന്ത്ര്യവും അംഗീകരിക്കാന്‍ കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ണില്‍ ഇപ്പോഴും അഭയാര്‍ത്ഥികളാണ് ഇവര്‍. ഓരോ സര്‍ക്കാരും വനവാസികളുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ വകയിരുത്തുന്നുണ്ടെങ്കിലും തുകയുടെ നല്ലൊരു ശതമാനവും ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തട്ടിയെടുക്കുകയാണ് പതിവ്.
കാടിന്റെ മക്കള്‍ക്ക് സ്വന്തം മണ്ണ് വിട്ടുകിട്ടാന്‍ സര്‍ക്കാരിനോട് യുദ്ധം പ്രഖ്യാപിക്കേണ്ട ഗതികേടും ഉണ്ടായി. 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ചെയ്ത വനവാസികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വെടിവയ്പ്പിലും അക്രമത്തിലുമാണ് കലാശിച്ചത്. അങ്ങനെ ഭൂമിക്ക് വേണ്ടി സമരം ചെയ്തവര്‍ കേരളത്തിന്റെ ശത്രുക്കളായി അവതരിക്കപ്പെട്ടു. വയനാട്ടില്‍ മാത്രം സ്വന്തമായി ഭൂമിയില്ലാത്ത എട്ടായിരത്തോളം വനവാസികളുണ്ടെന്നാണ് കണക്ക്. അഞ്ച് സെന്റ് ഭൂമിയില്‍ താമസിക്കുന്ന 3000 കുടുംബങ്ങളുമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും വനവാസി സമൂഹത്തിന് ജീവിക്കാനായി സര്‍ക്കാരുകളോട് പടവെട്ടേണ്ട അവസ്ഥയാണ്. ചെറിയ സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പോലും തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട സ്ഥിതിയാണെന്ന് വനവാസികള്‍ സംഘടനകള്‍ പറയുന്നു. മുത്തങ്ങ, ചെങ്ങറ, ആറളം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: