കൊല്ലം: മണിചെയിന്‍ മാതൃകയില്‍ നടന്ന പണം തട്ടിപ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പങ്കെന്നു പരാതി. സിപിഎം ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ക്കാണ് തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കിയത്. തിരുമുല്ലവാരം ലോക്കല്‍ കമ്മിറ്റി അംഗവും പുന്നത്തല ബി ബ്രാഞ്ച് സെക്രട്ടറി തോട്ടുംമുഖത്ത് ഷാജിക്ക് എതിരെയാണ് പരാതി.
നിരവധി കേസിലെ പ്രതിയായ സുബിനാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെ കൂട്ട് മത്സൃ കൃഷിയുടെ പേര് പറഞ്ഞാണ് നിരവധി പേരില്‍ നിന്നും പണം വാങ്ങിയത്. ചെന്നൈ കേന്ദ്രമായ കമ്പനിക്കാണ് നടത്തിപ്പ് ചുമതല എന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മണി ചെയിന്‍ മാതൃകയില്‍ കൂടുതല്‍ പേരെ അംഗമാക്കി വന്‍ തുകകള്‍ ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. മുപ്പതിലേറെ പേര്‍ക്ക് എണ്‍പത് ലക്ഷത്തോളം രൂപ നഷ്ട്ടമായി.
പണം നഷ്ട്ടമായത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമാണ്. തട്ടിപ്പ് മനസ്സിലായി പണം തിരികെ ചോദിച്ചവരെ സ്വാധീച്ചും ഭീഷണിപ്പെടുത്തിയും പരാതിയില്‍ നല്കുന്നതില് നിന്ന് പിന്തിരിപ്പിച്ചു. പണം നല്‍കിയതിന് കൃത്യമായ രേഖകള്‍ ഇല്ലാത്തതും നിയമ നടപടി സ്വീകരിക്കുന്നതിന് പലരും മടിച്ചു.
കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സിപിഎം ജില്ലാ, ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്ന് പരാതിയെ പറ്റി അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. സിപിഎം നേതാവിന്റെ വിദേശയാത്രകളും നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയിലെ ഉന്നതരെ സ്വാധീനിച്ച് പരാതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. ഇതിനിടെ സുബിനെ ബെംഗളൂരുവില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നാല്‍പ്പതിലേറെ പരാതികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: