കോഴിക്കോട്: അത്ലറ്റിക്സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്നം സഫലമാക്കിയ നീരജ് ചോപ്ര ഇന്ത്യയുടെ മുത്തെന്ന് പിടി ഉഷ. എന്റെ മനസ്സു നിറഞ്ഞു. അതിലപ്പുറം എന്റെ വികാരത്തെ വര്‍ണിക്കാന്‍ വയ്യ. എങ്ങനെ പറയണമെന്നും അറിയില്ല. കാത്തുകാത്തിരുന്ന അത്‌ലറ്റിക് മെഡല്‍ പിറന്നതു സ്വര്‍ണ നിറത്തിലായതില്‍ ഏറെ സന്തോഷം.
ഇന്ത്യയുടെ മുത്താണു നീരജ് ചോപ്ര. ഈ പയ്യന്‍ ഇവിടംകൊണ്ട് നിര്‍ത്തില്ല. നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ലോക ജൂനിയര്‍ മീറ്റിലെ സ്വര്‍ണ വിജയം ഞാന്‍ നേരിട്ടു കണ്ടിരുന്നു. അന്നേ മനസ്സില്‍ കുറിച്ചതാണ് ഈ വിജയം. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫൈനലിലെ രണ്ടു ത്രോ കണ്ടപ്പോഴേ അത് ഉറപ്പിക്കുകയും ചെയ്തു. സത്യം പറയട്ടെ, സ്വര്‍ണം പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷയ്‌ക്ക് അപ്പുറമെത്തുമ്പോഴാണല്ലോ സന്തോഷം പാരമ്യത്തിലെത്തുക. എത്ര സുന്ദരമാണ് നീരജിന്റെ ത്രോ. പറന്നു വരുന്ന ജാവലിന്റെ മനോഹാരിത കണ്ടു തന്നെ അറിയണം. നന്ദി നീരജ് ഈ രാജ്യത്തെ പൊന്നണിയിച്ചതിന്.
ടോക്കിയോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് 87.58 മീറ്റര്‍ താണ്ടി സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം.
87.58 മീറ്റര്‍ എന്ന ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ മെഡല്‍ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തില്‍ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്ര മെഡല്‍ നീരജ് നേടുകയായിരുന്നു..അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ മറ്റാരും പുറത്തെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: