ടോക്കിയോ: അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം സഫലം. ഭാരതത്തിന്റെ കാത്തിരിപ്പിന് നീരജ് ചോപ്രയാണ് വിരാമമിട്ടത്. ടോക്കിയോ ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് 87.58 മീറ്റര്‍ താണ്ടി സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം
87.58 മീറ്റര്‍ എന്ന ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ മെഡല്‍ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരമാണ് നീരജ് കണ്ടെത്തിയത്. രണ്ടാം ശ്രമത്തില്‍ നീരജ് ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്ര മെഡല്‍ നീരജ് നേടുകയായിരുന്നു..അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും നീരജിനെ വെല്ലുന്ന ത്രോ മറ്റാരും പുറത്തെടുത്തില്ല.
തന്റെ അഞ്ചാം ശ്രമത്തില്‍ 86.67 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്ക് താരം വാഡ്‌ലെക്ക് യാക്കൂബ് വെള്ളി നേടിയപ്പോള്‍ മൂന്നാം ശ്രമത്തില്‍ 85.44 മീറ്റര്‍ ദൂരമെറിഞ്ഞ ചെക്കിന്റെ തന്നെ വെസ്ലി വിറ്റെസ്ലാവ്വെങ്കലം നേടി.
ഫൈനലില്‍ നീരജിന്റെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുന്‍ ലോക ചാമ്പ്യനും ലോ ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ ജൊഹാനസ് വെറ്റര്‍ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടിയില്ല.ആദ്യ ശ്രമത്തില്‍ വെറ്റര്‍ 82.52 മീറ്റര്‍ എറിഞ്ഞപ്പോള്‍ രണ്ടും മൂന്നും ശ്രമങ്ങള്‍ ഫൗളായി.
ഹരിയാനയിലെ പാനിപ്പത്ത് കാരനായ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇപ്പോള്‍ ഒളിംപിക്‌സിലും സ്വര്‍ണ്ണമണിഞ്ഞ് രാജ്യത്തിനഭിമാനമായി.
ജൂനിയര്‍ ലോക റെക്കോര്‍ഡ് നേടിയ ഏക ഇന്ത്യന്‍ താരവുമാണ് നീരജ് ചോപ്ര. 2016 ല്‍ പോളണ്ടിലെ ബീഗോഷില്‍ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്ലറ്റിക്സ് മീറ്റിലാണ് നീരജ് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് നീരജ്. 86.48 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് പത്തൊമ്പതുകാരനായ ഇന്ത്യന്‍ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു നീരജ് സ്വര്‍ണ മെഡല്‍ നേടി ദേശീയ റെക്കോര്‍ഡും സ്വന്തം പേരിലാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: