അഗര്‍ത്തല: വ്യാഴാഴ്ച സായാഹ്ന സവാരിക്കിടെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മൂന്നു പേരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് മൂന്നു പേര് കാറോടിക്കുകയായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഒഔദ്യോഗിക വസതിക്ക് സമീപം സായാഹ്ന നടത്തത്തിനിടെയായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു. വാഹനം മറികടന്ന് പോയപ്പോള്‍ മുഖ്യമന്ത്രി അരികിലേക്ക് ചാടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് നിസാര പരിക്കുണ്ട്.
ദേബിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവര്‍ കാര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് കൊലപാതക ശ്രമത്തിന് മൂന്ന് പേര്‍ക്കെതിരെയും കേസ് എടുത്തു. പിന്നീട് വ്യാഴാഴ്ച രാത്രി മൂവരെയും കെര്ച്ചൗമുഹനിയില്നിന്ന് പിടികൂടി. വാഹനം പിടിച്ചെടുത്തുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി പി പോളിന് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കൊലപാതകശ്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ‘ചോദ്യം ചെയ്യലിനായി ഞങ്ങള്‍ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും കോടതി അവരെ ഓഗസ്റ്റ് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലൂടെ വാഹനമോടിച്ചതിന് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യും.’-അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിദ്യുത് സുത്രധര്‍ പിടിഐയോട് പറഞ്ഞു. പ്രതികളെല്ലാം 25 വയസിന് അടുത്ത് പ്രായമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: