രാജ്യത്തെ പരമോന്നത കായിക പുരസ്കാരത്തിന് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന എന്ന് പുനര്‍ നാമകരണം ചെയ്തതിനെതിരെ ചിലര്‍ ഉറഞ്ഞു തുള്ളുകയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയാണ് കായിക ഇതിഹാസത്തിന്റെ പേര് നല്‍കിയത് എന്നതാണ് കാരണം. പ്രതിഷേധം സ്വാഭാവികം. രാജ്യത്തെ പൊതുസ്ഥാപനങ്ങള്‍ക്കും സ്ഥലങ്ങള്‍ക്കും നെഹ്റു കുടുബക്കാരുടെ പേരുകളുടെ മുദ്ര പതിപ്പിക്കുന്നതില്‍ എക്കാലവും സൂക്ഷമത കാണിച്ചിട്ടുള്ള കോണ്‍ഗ്രസിന് തിരിച്ചടി സഹിക്കുന്നില്ല.
കായിക രംഗവുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലാത്ത രാജീവ് ഗാന്ധിയുടെ പേര് പരമോന്നത കായിക പുരസ്കാരത്തിന് നല്‍കിയതിന്റെ യുക്തി എന്ത് എന്ന ചോദ്യത്തിനുത്തരമില്ല.
പേര് മാറ്റണം എന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. അതനുസരിച്ച തീരുമാനമെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി വിവരം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു .
ആരായിരുന്നു ധ്യാന്‍ ചന്ദ് എന്നറിയുമ്പോളാണ് തീരുമാനത്തിന്റെ മഹത്വം ബോധ്യപ്പെടുക. ഒപ്പം ആരുമായിരുന്നില്ല രാജീവ് ഗാന്ധി എന്ന സത്യവും. ഒരൊറ്റക്കളി മതി ധ്യാന്‍ ചന്ദ് എന്ന ഹോക്കി മാന്ത്രികന്റെ മാറ്ററിയാന്‍.
അത് 1936 ലെ ബെര്‍ലിന്‍ ഒളിംപ്ക്സ് ഫൈനലാണ് ആ കളി.നാത്സി ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിന്‍, വംശീയവെറിയുടെയും ഏകാധിപത്യത്തിന്റെയും മകുടോദാഹരണമായ അഡോള്‍ഫ് ഹിറ്റ്ലറിന്റെ ഭരണകൂടം സംഘടിപ്പിക്കുന്ന ഒളിംപിക്സ്.
ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത രാജ്യങ്ങളില്‍ നിന്നു വന്ന അത്ലീറ്റുകള് ഹിറ്റ്ലര്‍ക്ക് ഉപചാരപൂര്‍വം സല്യൂട്ട് നല്കി നീങ്ങി. ഇന്ത്യന്‍ സപതാക വഹിച്ചത് ഹോക്കി നായകന് ധ്യാന്‍ ചന്ദ്. ജര്‍മനിയെ ഞെട്ടിച്ച് കൊണ്ട് ഹിറ്റ്ലറിനു സല്യൂട്ട് നിഷേധിച്ചുകൊണ്ട് ധ്യാന്‍ ചന്ദു സംഘവും നടന്നു. നാത്സി ശൈലികളോടുള്ള എതിര്‍പ്പായിരുന്നു ആ നിലപാടിനു പിന്നിലെ വികാരം.
അവിടം കൊണ്ടു കഥ തീര്‍ന്നില്ല.
അത്തവണ ഹോക്കിയിലെ സ്വര്‍ണവും ജര്‍മന്‍ ടീമിനു കിട്ടുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷിച്ച. ഒളിംപിക്സിനു മുന്‍പുള്ള പരിശീലനമത്സരത്തില്‍ ജര്‍മനി ഇന്ത്യയെ 4-1 ന് തോല്പിച്ചിരുന്നു. ഇതും ഈ വാദത്തിനു ശക്തി പകര്‍ന്നു. ശക്തമായിരുന്നു ബെര്‍ലിന്‍ ഒളിംപിക്സിലെ ജര്‍മന്‍ ഹോക്കി ടീം. ശക്തമായ പരിശീലനസൗകര്യങ്ങളും മെച്ചപ്പെട്ട ഭക്ഷണക്രമവുമൊക്കെ ഏര്‍പ്പെടുത്തിയിരുന്നു. വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ആഗ്രഹിച്ചില്ല. ഇന്ത്യന്‍ ടീമിന് ഒട്ടേറെ പരിമിതികളും പരാധീനതകളുമുണ്ടായിരുന്നു. അഭ്യുദയകാംക്ഷികളുടെ സംഭാവനകള്‍ കിട്ടിയതിനാലാണ് ടീം ബര്‍ലിനില്‍ എത്തിയതു പോലും.
ജര്‍മന്‍ ടീം ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും കൊടുമുടിയിലായിരുന്നു. ഫൈനല്‍ നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ, ഫൈനലിന്റെ അന്നു വൈകുന്നേരം തങ്ങളൊരുക്കുന്ന വിജയാഘോഷ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കത്തുകള്‍ അവര്‍ ഇന്ത്യന്‍ ടീമിന് അയച്ചുകൊടുത്തു. ഒരു തരം അവഹേളനം.
ഫൈനല്‍ മത്സരം കാണാന്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ നേരിട്ടെത്തി.നാസി ഭരണകൂടത്തിന്റെ ഈറ്റില്ലമായ ബെര്‍ലിനില്‍, പ്രഗത്ഭരായ ജര്‍മന്‍ പടയുടെ മുന്നില്‍ ഇന്ത്യയെന്ന ഏഷ്യന്‍ ഹോക്കി ശക്തി മുട്ടുമടക്കുന്നത് നേരില്‍ കാണാന്‍.
പ്രതീക്ഷിച്ചതു പോലെ തന്നെ ജര്‍മ്മനിയുടെ കളിമിടുക്കിനു മുന്നില്‍ മുന്നേറാനാകാതെ പതറുന്ന ഇന്ത്യ. അലറിവിളിക്കുന്ന ഗാലറയുടെ ആവേശത്തിനനുസരിച്ച് ഇരമ്പിക്കളിക്കുന്ന ജര്‍മ്മന്‍ പട. ആദ്യ ഗോള്‍ ജര്‍മ്മനിയുടെ വക. ഗാലറിയില്‍ എഴുന്നേറ്റു നിന്ന് ഹിറ്റ്ലര്‍ വിജയമുദ്ര കാട്ടി. കളം നിറഞ്ഞുകളിക്കുന്ന ജര്‍മ്മന്‍ പട. ധ്യാന്‍ ചന്ദിലാണ് എല്ലാ കണ്ണുകളും. ഹോക്കി മാ്ന്ത്രികന്‍ എന്തു ചെയ്യും എന്നാണറിയേണ്ടത്. ഇന്ത്യന്‍ പ്രതീക്ഷമേല്‍ തീകോരിയിട്ട് ധ്യാന്‍ ചന്ദ് രക്തത്തില്‍ കുളിച്ച് കളത്തിന് പുറത്തേക്ക്.
കയറിക്കളിച്ച ധ്യാന്‍ ചന്ദ്, ജര്‍മന്‍ ഗോള്‍ക്കീപ്പറുമായി കൂട്ടിയിടിച്ച് മറിഞ്ഞുവീണു. ഗോള്‍ക്കീപ്പറുടെ സ്റ്റിക് മുഖത്ത് പതിച്ചു. പരുക്കുപറ്റിയ ധ്യാന്‍ ചന്ദിനെ റൂമിലേക്കു കൊണ്ടുപോയി. ഡോക്ടര്‍ ചികിത്സിച്ചു. ഒന്നു രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടിരുന്നു. ധ്യാന്‍ ചന്ദില്ലാത്ത ഇന്ത്യ ജയിക്കില്ലന്ന് ഉറപ്പിച്ച് ജര്‍മ്മനി. ധ്യാന്‍ ചന്ദിന് കളിക്കാനെത്തില്ലെന്ന ചിന്ത വേട്ടയാടി പതറിയ ഇന്ത്യ.
എന്നാല്‍ വേദന സഹിച്ച് വീണ്ടും കളത്തിലിറങ്ങിയ ധ്യാന്‍ ചന്ദിന്റെ വിരാട രൂപമാണ് പിന്നീട് കണ്ടത്. ജര്‍മന്‍ പ്രതിരോധത്തിലേക്ക് അസാമാന്യമായ മെയ് വഴക്കത്തോടെയും പന്തടക്കത്തോടെയും ഊളിയിട്ടിറങ്ങിയ ധ്യാന്‍ ചന്ദ് തുടരെത്തുടരെ അടിച്ചത് മൂന്ന് ഗോളുകള്‍
കളി മുഴുവനും കാണാന്‍ കൂട്ടാക്കാതെ അഡോള്‍ഫ് ഹിറ്റ്ലര്‍ വേദി വിട്ടു. കരുത്തരായ ജര്‍മനിയെ 8-1 ന് ഇന്ത്യ തോല്‍പ്പിച്ചോടിച്ചു.. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ഒളിംപ്ക്സിലെ വെറുമൊരു ജയത്തിനപ്പുറം നിരവധി മാനങ്ങള്‍ നല്കിയ മത്സരം.
ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായിരുന്ന ധ്യാന്‍ ചന്ദിനെ ഹിറ്റ്ലര്‍ ജര്‍മ്മനിയിലേക്ക് ക്ഷണിച്ചു. അവിടുത്തെ പൗരത്വം സ്വീകരിച്ചാല്‍ കേണല്‍ പദവി നല്‍കാമെന്ന വാഗ്ദാനവും. പുച്ഛിച്ചു തള്ളി, ലോകം കണ്ട ഹോക്കി ഇതിഹാസം
രാജീവ് ഗാന്ധി ആരെന്നറിയാനും ഒരു സംഭവം മാത്രം മതി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ ശ്രീലങ്കയിലേക്ക് സമാധാന സംരക്ഷണ സേനയെ അയച്ചു. ഇന്ത്യന്‍ സൈന്യത്തിന് ശ്രീലങ്കയില്‍ നിസ്സാരമായ വിജയം നേടാനാവുമെന്ന് ഇന്റലിജന്‍സ് സംവിധാനം രാജീവിനെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് നേര്. കൊളംബോയില്‍ രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ രാഷ്ട്രപതിയായ ജെ.ആര്.ജയവര്‍ദ്ധനെയും തമ്മില്‍ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാര്‍ 1987 ജൂലൈ 30-ന് ഒപ്പുവെച്ചു. തൊട്ടടുത്ത ദിവസം ശ്രീലങ്കന്‍ നാവികസേനയുടെ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധി. നിരയായി നിന്ന ശ്രീലങ്കന്‍ നാവികരില്‍ വിജിത റൊഹാന എന്ന നാവികന് തന്റെ തോക്കിന്റെ പാത്തികൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തലക്കടിച്ചു. വധശ്രമത്തില്‍ നിന്ന് ചെറിയ പരുക്കുകളോടെ രാജീവ് കഷ്ടിച്ച് രക്ഷപെട്ടെങ്കിലും ഇന്ത്യയുടെ അഭിമാനം ഭൂമിയോളം താന്നു.
ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് മകന് എന്ന പരിഗണനയില്‍ മാത്രം പ്രധാനമന്ത്രിയായ ആളാണ് രാജീവ് ഗാന്ധി. സഹതാപ തരംഗത്തിന്റെ ബലത്തില്‍
മത്സരിച്ച 491 ല്‍ 404 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് വിജയിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചു വര്‍ഷത്തെ രാജീവ് ഭരണം അഴിമതികളുടെ കയത്തിലായിരുന്നു.
സ്വിറ്റ്സര്‍ലാന്റിലെ ബോഫോഴ്സ് എന്ന ആയുധ നിര്‍മ്മാണ കമ്പനിയില്‍ നിന്നും തോക്കുകള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പുവെക്കാന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മറ്റു ചില പ്രമുഖരും കമ്പനിയില്‍ നിന്നും 64 കോടി കൈക്കൂലി കൈപ്പറ്റി എന്നത് കോണ്‍ഗ്രസിന്റെ ഭരണം ഇല്ലാതാകന്‍ വഴിതെളിച്ചു.
റഷ്യയുടെ സുരക്ഷാ സേനയായ കെ.ജി.ബിയില്‍ നിന്നും അവിഹിതമായി പണം കൈപ്പറ്റി എന്നതും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ലോകത്തിലെ പ്രമുഖരുടെ പട്ടിക യില്‍ പേരുവന്നതുമൊക്കെ രാജീവ് ഗാന്ധിയുടെ മാറ്റ് കുറച്ചു.
ബര്‍ലിനില്‍ ധ്യാന്‍ ചന്ദിന്റെ അടി കണ്ട് ഹിറ്റ്ലര്‍ മത്സരം കാണാന്‍ നില്‍ക്കാതെ ഓടി പോയെങ്കില്‍ ശ്രീലങ്കയില്‍ നിന്ന് സാധാരണ പട്ടാണക്കാരന്റെ തോക്കിന്റെ പാത്തിക്കുള്ള അടി കിട്ടി ജീവനും കൊണ്ട് ഓടുകയായിരുന്നു രാജീവ് ഗാന്ധിയും. ഒരാള്‍ രാജ്യത്തിന്റെ അഭിമാനം കാത്തപ്പോള്‍ രണ്ടാമന് അഭിമാനം കെടുത്തി.ഇനി പറയു, കായിക താരം അഭിമാനപൂര്‍വം അണിയേണ്ട അംഗീകാരം ആരുടെ പേരിലുള്ളതാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: